അതിരപ്പിള്ളി: സഞ്ചാരികളെ നിരാശരാക്കി അതിരപ്പിള്ളി വെള്ളച്ചാട്ടം നേർത്തു. ചാലക്കുടി മേഖലയിൽ നല്ലരീതിയിൽ വേനൽ മഴ പെയ്തിട്ടും അതിരപ്പിള്ളിയിൽ വെള്ളമില്ലാത്ത സ്ഥിതിയാണ്. വെള്ളച്ചാട്ടത്തിന്‍റെ ഒരു ഭാഗത്ത് മാത്രമാണ് പേരിന് വെള്ളമുള്ളത്. വാഴച്ചാൽ, തുമ്പൂർമുഴി ഭാഗത്തെ പുഴയുടെ അവസ്ഥയും വ്യത്യസ്തമല്ല.
പെരിങ്ങൽകുത്തിൽനിന്ന് വെള്ളം ആവശ്യത്തിന് പുഴയിലേക്ക് തുറന്നുവിടാത്തതാണ് വെള്ളം ഇല്ലാതാകാൻ കാരണം. ബുധനാഴ്ച പെരിങ്ങൽകുത്തിലെ പുതിയ ചെറുകിട ജലസേചന പദ്ധതിയുടെ ഉദ്ഘാടനം നടക്കാൻ പോവുകയാണ്. ഇതിന്‍റെ ഭാഗമായാണ് പുഴയിലേക്ക് വെള്ളം തുറന്നുവിടാത്തതെന്ന് കരുതുന്നു.
ചാലക്കുടിപ്പുഴ പലയിടത്തും വരണ്ടതിനാൽ വിനോദസഞ്ചാരികളുടെ എണ്ണം കുത്തനെ താഴ്ന്നിരുന്നു. നോമ്പ് കാലമായതിനാൽ ഒരുമാസമായി മലപ്പുറം മേഖലയിൽനിന്നുള്ള സഞ്ചാരികളുടെ വരവും നിലച്ചിരുന്നു. പുഴയിലെ വെള്ളം വറ്റിയ അവസ്ഥയിൽ സ്വാഭാവികമായ നീരൊഴുക്ക് നിലനിർത്തണമെന്നാവശ്യപ്പെട്ട് ചാലക്കുടിപ്പുഴ സംരക്ഷണ സമിതി പ്രവർത്തകർ കെ.എസ്.ഇ.ബി അധികാരികൾക്ക് കത്തയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.