മനാമ: 195 രാജ്യങ്ങൾ സന്ദർശിച്ച് ലോകസഞ്ചാരികളുടെ ഹൃദയത്തിൽ ഇടം പിടിച്ചിരിക്കുകയാണ് ഈ ബഹ്റൈനി. 42കാരിയായ റാഷ യൂസഫാണ് എല്ലാ ലോക രാജ്യങ്ങളും ചുറ്റി സഞ്ചരിക്കുക എന്ന തന്റെ ലക്ഷ്യം പൂർത്തീകരിച്ചത്. ഈ ലക്ഷ്യം സഫലമാക്കുന്ന ആദ്യ ബഹ്റൈനി കൂടിയാണ് റാഷ.
2012ൽ തന്റെ യാത്ര ആരംഭിച്ച റാഷ കഴിഞ്ഞ ദിവസം തന്റെ ലക്ഷ്യസ്ഥാനങ്ങളിൽ അവസാനത്തെ രാജ്യമായ യമനിൽ എത്തിച്ചേർന്നു. ബാങ്കിങ് ജോലി ഉപേക്ഷിച്ചാണ് റാഷ സ്ത്രീകൾക്ക് സാധ്യമല്ലെന്ന് കരുതിയിരുന്ന ലോകസഞ്ചാരത്തിനിറങ്ങിത്തിരിച്ചത്. യാത്രയിലുടനീളമുണ്ടായ എല്ലാ വെല്ലുവിളികളെയും സമർഥമായി മറികടന്ന റാഷ ഒടുവിൽ ലക്ഷ്യം പൂർത്തിയാക്കുക തന്നെ ചെയ്തു.
2012ൽ സാൻസിബാറിലേക്ക് നടത്തിയ ആദ്യത്തെ ഒറ്റയാൾ യാത്രയാണ് ലോകസഞ്ചാരത്തിന് റാഷക്ക് ധൈര്യം നൽകിയത്. ബാങ്കിങ്ങിൽ ബിരുദവും ധനകാര്യത്തിൽ ബിരുദാനന്തര ബിരുദവുമുള്ള റാഷ അതിനുമുമ്പ് സൗദി അറേബ്യയിലേക്കും യു.എ.ഇയിലേക്കും ഇടക്കിടെ കുടുംബത്തോടൊപ്പം മാത്രമാണ് യാത്ര ചെയ്തിട്ടുണ്ടായിരുന്നത്.
വ്യത്യസ്ത സംസ്കാരങ്ങളെയും മതങ്ങളെയും പാരമ്പര്യങ്ങളെയും കുറിച്ച് പഠിക്കാൻ കൂടുതൽ യാത്ര ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. സ്വന്തമായി വരുമാനമുണ്ടായപ്പോഴാണ്, ഈ വെല്ലുവിളി ഏറ്റെടുക്കാൻ തീരുമാനിച്ചതെന്ന് റാഷ പറയുന്നു. യാത്രക്കിടെ, സ്വന്തം കമ്പനിയും ആരംഭിച്ചു.
ആളുകളെ ഗ്രൂപ് യാത്രകളിൽ കൊണ്ടുപോകുന്ന കമ്പനിയായിരുന്നു അത്. അത് റാഷയുടെ യാത്രകൾക്ക് മറ്റൊരു വരുമാന മാർഗമായി. മുഹറഖിലാണ് റാഷ യൂസഫ് ജനിച്ചത്. ഭയപ്പെടുത്തുന്ന കഥകൾ കേട്ടിട്ടുള്ള പല രാജ്യങ്ങളെയും അടുത്തറിഞ്ഞപ്പോഴാണ്, അവിടുത്തെ ജനങ്ങളുടെ സ്നേഹവും മറ്റും എത്ര ആഴമേറിയതാണെന്ന് മനസ്സിലായതെന്നും റാഷ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.