ചെറിയ ഫോർ വീൽ വാഹനത്തിലെ റേസിങ് രൂപമാണ് കാർട്ടിങ്. കുർട്ടിസ് ക്രാഫ്റ്റിലെ വെറ്ററൻ ഹോട്ട് റോഡറും റേസ് കാർ നിർമാതാവുമായ ആർട്ട് ഇംഗൽസ് 1956-ൽ ദക്ഷിണ കാലിഫോർണിയയിൽ ആരംഭിച്ച കാർട്ടിങ് അതിവേഗം ജനപ്രിയമാവുകയും ചെയ്തു.
മോട്ടോർസ്പോർട്ടിന്റെ റോഡ് റേസിങ് വകഭേദമായ കാർട്ട് റേസിങ് അഥവ കാർട്ടിങ് ഇന്ന് യുവ തലമുറക്ക് ഹരമായി മാറുകയാണ്. ഇത് തിരിച്ചറിഞ്ഞ് പുതിയ തലമുറയുടെ വിനോദോപാധിയായ കാർട്ടിങ് വിനോദ സാധ്യതകള്‍ക്ക് അവസരമൊരുക്കുകയാണ് അജ്മാന്. ഇൻഡോർ കാർട്ടിങ് ഇന്ന് ലോക രാജ്യങ്ങളില്‍ ഏറെ സ്വീകാര്യത നേടിക്കഴിഞ്ഞു.
പരിസ്ഥിതി സൗഹൃദവുമായ വൈദ്യുതി കാറുകളാൽ പ്രവർത്തിക്കുന്ന ആവേശകരമായ കാർട്ടിങ് വിനോദം തീര്‍ക്കുകയാണ് അജ്മാനിലെ വിനോദ സഞ്ചാര കേന്ദ്രം. അജ്മാനിലെ മനോഹരമായ അൽ സോറ മേഖലയിലാണ് ഇപ്പോൾ പൊതുജനങ്ങൾക്കായി തർഫിഹ് ഇൻഡോർ കാർട്ടിങ് സൗകര്യമൊരുക്കിയിരിക്കുന്നത്.
സംവിധാനത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം കഴിഞ്ഞ ദിവസം അജ്മാൻ വിനോദ സഞ്ചാര വികസന വകുപ്പ് ഡയറക്ടർ ജനറൽ മഹമൂദ് ഖലീൽ അൽഹാഷ്മി നിര്‍വ്വഹിച്ചു. രാജ്യത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ കാർട്ടിങ് ഡെസ്റ്റിനേഷൻ എന്ന നിലയിൽ ഇത് അഭിമാനപൂർവ്വം സമര്‍പ്പിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കും കാർട്ടിങ്ങിൽ അതിശയകരമായ ഒരു അനുഭവം ആസ്വദിക്കാനാകുമെന്നും ഈ മികച്ച വിനോദ സംരംഭം മുതല്‍കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ ബെൽറ്റുകൾ, പ്രോഗ്രാമബിൾ സ്പീഡ് നിയന്ത്രണങ്ങൾ എന്നിങ്ങനെ വിവിധ സുരക്ഷാ നടപടികളോടെയാണ് ആധുനിക ഇലക്ട്രിക് ഗോ-കാർട്ടുകൾ ഒരുക്കിയിരിക്കുന്നത്.
എല്ലാ പ്രായത്തിലുമുള്ള താൽപ്പര്യക്കാര്‍ക്ക് ഇവിടെ സൗകര്യം ഉണ്ടായിരിക്കും. പങ്കെടുക്കുന്നവർക്ക് കുറഞ്ഞത് 10 വയസ്സ് പ്രായമുണ്ടായിരിക്കണം ഇരട്ട ട്രാക്ക് സൗകര്യത്തോട് കൂടിയാണ് ഇവിടെ സംവിധാനിച്ചിരിക്കുന്നത്. റേസ്ട്രാക്കിന് സാഹസികമായ വളവുകളും ശ്രേണികളും ഉണ്ട്.
അനുഭവപരിചയമില്ലാത്തവർക്ക് പരിചയസമ്പന്നരായവര്‍ക്കും അനുയോജ്യമാണ്. ജന്മദിന പാർട്ടികൾ, ബിസിനസ്സ് ഒത്തുചേരലുകൾ, ടീം ബിൽഡിങ് വ്യായാമങ്ങൾ എന്നിവയ്ക്ക് അനുസൃതമായി കാർട്ടിങ് വിനോദം വിവിധ പാക്കേജുകൾ നല്‍കുന്നുണ്ട്. തികച്ചും പരിസ്ഥിതി സൗഹൃദവുമായ കാറുകളാൽ പ്രവർത്തിക്കുന്ന സംവിധാനമായതിനാല്‍ ഏറെ ആളുകളെ ആകർഷിക്കുമെന്നാണ് പ്രതീക്ഷ. 12 മിനുട്ടുകളുടെ ഓരോ സെഷനുകളാണ് ഒരേ സമയം അനുവദിക്കുന്നത്.
സന്ദര്‍ശകര്‍ക്ക് സുഖപ്രദമായ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. അത്യാധുനിക സൗകര്യങ്ങളോടെ തയ്യാറാക്കിയ സാഹസികത നിറഞ്ഞ ഈ കേന്ദ്രം വിനോദ സഞ്ചാരികള്‍ക്ക് ഏറെ ആകര്‍ഷകമാകും. ആവേശകരമായ അന്തരീക്ഷവും ആധുനിക സമയ സംവിധാനങ്ങളും ഈ കേന്ദ്രത്തിന്റെ പ്രൊഫഷണൽ റാങ്കിങ്ങും ഉയർത്തുമെന്നാണ് വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.