നിലമ്പൂര്‍: ഏഷ്യയിലെ രണ്ടാമത്തെ ദീര്‍ഘദൂര കയാക്കിങ് യാത്രയായ ചാലിയാര്‍ റിവര്‍ പാഡിലിന് നിലമ്പൂരില്‍ ഉജ്ജ്വല തുടക്കം. ചാലിയാറിനെ സംരക്ഷിക്കാനും ജലസാഹസിക വിനോദത്തെ പ്രോത്സാഹിപ്പിക്കാനുമായി നടത്തുന്ന ദീര്‍ഘദൂര കയാക്കിങ് ബോധവത്കരണ യാത്ര ചാലിയാറിൽ എട്ടാം തവണയാണ് നടത്തുന്നത്. വിവിധതരം കയാക്കുകളിലും സ്റ്റാന്‍ഡ് അപ് പാഡിലിലും പായ്വഞ്ചിയിലുമായാണ് യാത്ര. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് ക്ലബാണ് സംഘാടകർ.
ഇന്ത്യ, റഷ്യ, ആസ്ട്രേലിയ, സിംഗപൂര്‍, ജര്‍മനി, യു.കെ തുടങ്ങി വിവിധ രാജ്യങ്ങളില്‍നിന്ന് നൂറോളം ആളുകളാണ് യാത്രയില്‍ പങ്കെടുക്കുന്നത്. ഇതില്‍ എട്ടുപേര്‍ വനിതകളാണ്. 13 വയസ്സുള്ള കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിനി ഷെസ്റിന്‍ ഇക്ബാലും മുംബൈ സ്വദേശിനി ഓവി നായര്‍ ഷാഫിയയുമാണ് സംഘത്തിലെ പ്രായം കുറഞ്ഞവര്‍. 80കാരനും ജര്‍മന്‍ സ്വദേശിയുമായ കാള്‍ ഡംഷനാണ് പ്രായം കൂടിയയാള്‍. മൂന്നുദിവസങ്ങളിലായി ചാലിയാറിലൂടെ ഇവര്‍ 68 കിലോമീറ്റര്‍ സഞ്ചരിക്കും. പ്രശസ്ത റഷ്യന്‍ കയാക്കിങ് താരം ആന്റണ്‍ സെഷ്നിക്കോവാണ് യാത്ര
നയിക്കുന്നത്. മൂന്നു ദിവസംകൊണ്ട് ചാലിയാര്‍ പുഴയില്‍നിന്ന് ഏകദേശം 1000 കിലോ മാലിന്യം ശേഖരിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. ഈ മാലിന്യം വേര്‍തിരിച്ച് പുനഃചംക്രമണത്തിന് അയക്കും. വിദ്യാര്‍ഥികള്‍ക്ക് നദീസംരക്ഷണത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. നാട്ടുകാര്‍ക്കും കുട്ടികള്‍ക്കും ജലകായിക വിനോദങ്ങള്‍ പരിചയപ്പെടുത്തും.
നിലമ്പൂര്‍ മാനവേദന് ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപത്തുള്ള കടവില്‍ യാത്രയുടെ ഉദ്ഘാടനം നിലമ്പൂര്‍ നഗരസഭ കൗണ്‍സിലര്‍ റെനീഷ് കുപ്പായം നിർവഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡന്റ് വിനോദ് പി. മേനോന്, റോട്ടറി മുന്‍ ഡിസ്ട്രിക്ട് സെക്രട്ടറി ജനറല്‍ ഡോ. പി.എസ്. കേദാര്‍നാഥ്, ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് സ്ഥാപകന്‍ കൗഷിക്ക് കോടിത്തോടിക, മാനേജിങ് ഡയറക്ടര്‍ റിന്‍സി ഇക്ബാല്‍, ജനറല്‍ മാനേജര്‍ സുബി ബോസ് എന്നിവര്‍ പങ്കെടുത്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് കയാക്കിങ്. യാത്ര ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടര്‍ സ്പോര്‍ട്സ് ക്ലബില്‍ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.