വടകര: ചൊവ്വാപ്പുഴ ഇക്കോ ടൂറിസം പദ്ധതിക്ക് അംഗീകാരമായതോടെ വിനോദ സഞ്ചാര മേഖലയിൽ ചൊവ്വാപ്പുഴ ഇടം പിടിക്കുന്നു. ചൊവ്വാപ്പുഴയുടെ പ്രകൃതി രമണീയ കാഴ്ചകൾ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുന്നതോടെ മണിയൂർ വിനോദ സഞ്ചാരത്തിന്റെ സാധ്യതകളിലേക്ക് മിഴി തുറക്കും.
മണിയൂർ പഞ്ചായത്തിലെ പതിറ്റാണ്ടുകളായി അന്യാധീനപ്പെട്ടുകിടന്ന ചൊവ്വാപ്പുഴ തീരത്തെ ഒമ്പതര ഏക്കര്‍ ഭൂമി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ തിരിച്ചുപിടിച്ചിരുന്നു. ഭൂമിയില്‍ ‘ഡെസ്റ്റിനേഷന്‍ ചലഞ്ച്’എന്ന സര്‍ക്കാര്‍ പരിപാടിയില്‍ കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ മുഖേന പഞ്ചായത്ത് പദ്ധതി രേഖ സമര്‍പ്പിച്ചിരുന്നു.
99.70 ലക്ഷം എസ്റ്റിമേറ്റ് തുകയായി വരുന്ന പദ്ധതിക്കാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ അംഗീകാരം ലഭിച്ചത്. ആദ്യ ഘട്ടത്തിൽ 50 ലക്ഷം പദ്ധതിക്കായി അനുവദിക്കുകയുണ്ടായി. വിനോദസഞ്ചാര മേഖലയിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കി ടൂറിസം വികസനം വിപുലീകരിക്കുന്ന സർക്കാർ പദ്ധതിയാണ് ഡെസ്റ്റിനേഷൻ ചലഞ്ച്. ഒരു തദ്ദേശ സ്ഥാപനത്തിൽ ഒരു ടൂറിസം പദ്ധതി വികസിപ്പിക്കുകയാന്ന് പദ്ധതി ലക്ഷ്യമിടുന്നത്.
ടൂറിസം വകുപ്പും തദ്ദേശ സ്ഥാപനവും സംയുക്തമായാണ് പദ്ധതിക്ക് തുക ചെലവഴിക്കുന്നത്. പ്രകൃതി നടത്തം, പക്ഷി നിരീക്ഷണം, മീൻപിടിത്തം, ബോട്ടിങ്, നാടൻ ഭക്ഷണ വിഭവങ്ങൾ, കുട്ടികളുടെ പാർക്ക് തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
ഇരിങ്ങൽ സർഗാലയ, പയംകുറ്റി മല, സാൻഡ് ബാങ്ക്സ്, ലോകനാർകാവ് എന്നീ വിനോദ സഞ്ചാര മേഖലകൾക്ക് വിളിപ്പാടകലെയുള്ള പ്രദേശം എന്ന നിലയിൽ ചൊവ്വാപ്പുഴ ഇക്കോ ടൂറിസം പദ്ധതിക്ക് അനന്തസാധ്യതയാണുള്ളത്. മണിയൂർ ഗ്രാമ പഞ്ചായത്ത് വടകര കൊയിലാണ്ടി താലൂക്കുകളില്‍ ഡെസ്റ്റിനേഷന്‍ ചലഞ്ചിന് അംഗീകാരം ലഭിച്ച ഏക പഞ്ചായത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.