city gallery

ഗ്രാൻഡ്​ ക്രൂസ്​ ടെർമിനൽ സിറ്റി ഗാലറിയിലെ അക്വേറിയത്തിലെ കാഴ്​ച (ചിത്രം കടപ്പാട്​: ദി പെനിൻസുല)

കടൽക്കാഴ്​ചയിലേക്ക്​ സിറ്റിഗാലറി

കൊട്ടാരസമാനമായ വമ്പൻ ക്രൂസ്​ കപ്പലുകൾ നങ്കൂരമിടുന്ന ഇടമാണ്​ ദോഹയിലെ ഗ്രാൻഡ്​ ക്രൂസ്​ ടെർമിനൽ. കഴിഞ്ഞ വർഷം ലോകകപ്പ്​ ഫുട്​ബാളിന്​ മുന്നോടിയായി മോടികൂട്ടി, പുതുമയോടെ ഉദ്​ഘാടനംചെയ്​ത പഴയ ദോഹ തുറമുഖത്തെ ഗ്രാൻഡ്​ ക്രൂസ്​ ടെർമിനലിനോട്​ ചേർന്നൊരുക്കിയ അത്ഭുത ലോകമാണ്​ സിറ്റി ഗാലറി.

കടലിന്റെ സൗന്ദര്യത്തിലേക്ക്​ സന്ദർശകർക്ക്​ മനോഹര യാത്രയൊരുക്കുന്ന ക്രൂസ്​ ടെർമിനൽ സിറ്റി ഗാലറി പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തതായി ‘മവാനി ഖത്തർ’ കഴിഞ്ഞ ദിവസമാണ്​ സമൂഹമാധ്യമ പേജുകളിലൂടെ അറിയിച്ചത്​.

 ദോഹ ഗ്രാൻഡ്​ ക്രൂസ്​ ടെർമിനൽ

 ദോഹ ഗ്രാൻഡ്​ ക്രൂസ്​ ടെർമിനൽ

കടലിനോട്​ ചേർന്ന്​, വൈവിധ്യമാർന്ന മത്സ്യങ്ങളും കടലിന്റെ ഉള്ളറകളും രഹസ്യങ്ങളും പരിചയപ്പെടുത്തുന്ന ദൃശ്യവിസ്​മയങ്ങളോടെയാണ്​ സിറ്റി ഗാലറി സന്ദർശകരെ കാത്തിരിക്കുന്നത്​. ശനി മുതൽ വ്യാഴം വരെ ഉച്ചക്ക് 12 മുതൽ രാത്രി ഒമ്പതു വരെയും വെള്ളിയാഴ്ചകളിൽ ഉച്ചക്ക് രണ്ടു മുതൽ രാത്രി ഒമ്പതു വരെയുമാണ് ഗാലറി തുറന്നിരിക്കുകയെന്ന് മവാനി ഖത്തർ സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുന്നു.

തറയിൽ എൽ.ഇ.ഡി ബൾബുകളാൽ അലങ്കരിച്ചിരിക്കുന്ന ഖത്തറിന്റെ മനോഹരമായ ഭൂപടമാണ് സിറ്റി ഗാലറിയിലേക്ക് പ്രവേശിക്കുന്ന സന്ദർശകരെ സ്വാഗതംചെയ്യുക.

പഴയ ദോഹ തുറമുഖവും ​ക്രൂസ്​ ടെർമിനലും

വിവിധതരം മത്സ്യങ്ങളുള്ള അക്വേറിയംതന്നെയാണ് സിറ്റി ഗാലറിയുടെ പ്രധാന സവിശേഷത. ഹണികോംബ് സ്റ്റിങ്റേ, ഗോൾഡൻ ട്രെവാലി, സർജൻറ്​ മജോറിസ്, യെല്ലോടെയിൽ ഫ്യൂസിലിയർ, യെല്ലോബാർ എയ്ഞ്ചൽഫിഷ്, ബ്രൗൺ സ്‌പോട്ടഡ് റീഫ് കോഡ്, കൗടെയിൽ സ്റ്റിങ്റേ, വൈറ്റ് സ്‌പോട്ടഡ് ഈഗിൾ റേ, ബ്ലൂ സ്‌പോട്ടഡ് സ്റ്റിങ്റേ, ബ്ലാക്ക്ടിപ് റീഫ് ഷാർക്ക്, പെനന്റ് കോറൽ ഫിഷ്, ബ്രൂംടെയിൽ വ്‌റാസെ, ടർക്കിഫിഷ്, ട്വബാർ സീബ്രീം, കോബിയ തുടങ്ങി ആകർഷകവും അപൂർവ ഇനങ്ങളിൽപെടുന്നതുമായ മത്സ്യങ്ങളാണ് അക്വേറിയത്തിലെത്തിയിട്ടുള്ളത്.

ഗാലറിയിലുടനീളമുള്ള സ്‌ക്രീനുകളിൽ ദൃശ്യ-ശ്രാവ്യ അവതരണങ്ങൾ സന്ദർശകർക്ക് മികച്ച അനുഭവം നൽകുന്നതാണ്. ഖത്തരി സംസ്‌കാരത്തിന്റെ ആധികാരികതയിലേക്കുള്ള ഒരു നേർക്കാഴ്ചയും രാജ്യത്തെ അതിശയകരമായ പ്രകൃതിദൃശ്യങ്ങളും കോർണിഷ് പോലുള്ള പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളെക്കുറിച്ച വിശദീകരണവുമാണ് ഇതിലെ പ്രധാന ഉള്ളടക്കം.

അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഫ്രെയിമിൽ തയാറാക്കിയ ഉദ്ധരണിയും ഗാലറിയിലെ പ്രധാന സവിശേഷതകളിലൊന്നാണ്. ഐക്യത്തിന്റെയും ആതിഥ്യമര്യാദയുടെയും സന്ദേശമാണ് അതിലടങ്ങിയിരിക്കുന്നത്.

ലോകകപ്പ്​ ഫുട്​ബാളിനായി രാജ്യം ഒരുങ്ങുന്ന വേളയിൽ കഴിഞ്ഞ വർഷം ഐക്യരാഷ്​ട്രസഭ ജനറൽ അസംബ്ലിയിൽ അമീർ നടത്തിയ ശ്രദ്ധേയമായ പ്രസംഗത്തിൽനിന്നുള്ള വരികൾ ഇങ്ങനെ: ‘‘നമ്മുടെ ദേശീയതകളും മതങ്ങളും ആശയങ്ങളും എത്ര വ്യത്യസ്തമാണെങ്കിലും അതിനെ മറികടക്കുകയെന്നതാണ് നമ്മുടെ കടമ.


തടസ്സങ്ങൾ നീക്കി സൗഹൃദത്തിന്റെ കൈ നീട്ടുക, പരസ്പരം മനസ്സിലാക്കിക്കൊണ്ട് പാലങ്ങൾ പണിയുക, നമ്മുടെ പൊതു മാനവികതയെ ആഘോഷിക്കുക, എന്റെ ജനങ്ങൾക്കുവേണ്ടിയും എന്റെ സ്വന്തം പേരിലും ഖത്തറിലേക്ക് വരാനും മഹത്തായ ലോകകപ്പ് ടൂർണമെൻറ്​ ആസ്വദിക്കാനും ഞാൻ നിങ്ങളെ ക്ഷണിക്കുകയാണ്, എല്ലാവർക്കും ഹൃദ്യമായ സ്വാഗതം.’’

ക്രൂസ് കപ്പലിലെത്തുന്ന യാത്രക്കാർക്കുള്ള എൻട്രി, എക്‌സിറ്റ് പോയന്റാണ് പഴയ ദോഹ തുറമുഖത്തെ ഗ്രാൻഡ് ക്രൂസ് ടെർമിനൽ. 2023-2024 കാലയളവിലേക്കുള്ള ക്രൂസ് സീസണിന് ഈയാഴ്​ച തുടക്കംകുറിച്ചിരുന്നു. അടുത്ത വർഷം ഏപ്രിൽ വരെ നീണ്ടുനിൽക്കുന്ന ക്രൂസ്​ സീസണിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി പതിനായിരങ്ങളായിരിക്കും എത്തിച്ചേരുന്നത്​.

80ലധികം ക്രൂസ് ഷിപ്പുകളാണ് ഇത്തവണ ഖത്തറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ഇതിൽ എട്ടോളം കപ്പലുകൾ തങ്ങളുടെ ഖത്തറിലേക്കുള്ള കന്നിയാത്രയാണ് നടത്തുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് കപ്പലുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്.

Tags:    
News Summary - City Gallery to the sea view

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.