ആലപ്പുഴ: കോവിഡ് ആദ്യതരംഗത്തിൽ ദുരിതംനേരിട്ട ഹൗസ്ബോട്ടുകളുടെ സംരക്ഷണാർഥം ഒറ്റത്തവണ ധനസഹായ പദ്ധതിയായ 'ടൂറിസം ഹൗസ് ബോട്ട് സപ്പോർട്ട് സ്കീം' പദ്ധതിയിൽപെടുത്തി 1,60,80,000 രൂപ അനുവദിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പി.പി. ചിത്തരഞ്ജന് എം.എല്‍.എയുടെ സബ്മിഷന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിനോദ സഞ്ചാര മേഖലയില്‍ കോവിഡ് ഉണ്ടാക്കിയ ആഘാതത്തിൽ കൂടുതൽ പ്രശ്നങ്ങൾ ഉയർന്നുവന്നത് ഹൗസ് ബോട്ട് മേഖലയിലാണ്. സർക്കാറിെൻറ പുതിയ ഉത്തരവ് പ്രകാരം താമസസൗകര്യം ഒരുക്കുന്ന ടൂറിസം സംവിധാനം തുറക്കാന്‍ അനുവാദമുണ്ട്.
ഇതിനൊപ്പം തുറസ്സായ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാനും അനുമതിയുണ്ട്. ആലപ്പുഴയില്‍ ബയോ ബബിള്‍ അടിസ്ഥാനത്തിലാണ് ഹൗസ് ബോട്ടുകളിൽ പ്രവേശനം അനുവദിക്കുക. ഇതോടൊപ്പം ടൂറിസം മേഖലയില്‍ തൊഴിലെടുക്കുന്നവരെ സഹായിക്കുന്നതിനുള്ള റിവോള്‍വിങ് ഫണ്ട് പദ്ധതിക്ക് ടൂറിസം വകുപ്പ് രൂപം നല്‍കിയിട്ടുണ്ട്. ഇത് പ്രാബല്യത്തില്‍ വരുമ്പോള്‍ ഹൗസ് ബോട്ട് ജീവനക്കാര്‍ക്കും ശിക്കാരി വള്ളങ്ങളിലുള്ളവര്‍ക്കും ഗുണം ലഭിക്കും.
സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായി സഹകരിച്ച് 'ടൂറിസം വർക്കിങ് ക്യാപിറ്റൽ സ്കീം' എന്ന പേരിൽ വായ്പപദ്ധതി സർക്കാർ നടപ്പാക്കിയിട്ടുണ്ട്. ഇതിൽ വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് കേരള ബാങ്ക് വഴി 30,000 രൂപ വരെയുള്ള വായ്പ ലഭ്യമാക്കുന്ന ടൂറിസം എംപ്ലോയ്മെൻറ് സപ്പോർട്ടിങ് സ്കീമും നടപ്പാക്കിയതായും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.