ആലപ്പുഴ: വിനോദസഞ്ചാരികൾക്ക് പുതിയ അനുഭവം പകർന്ന് കടൽപരപ്പിൽ ഒഴുകിനടക്കുന്ന കേരളത്തിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ നിർമാണം നിർത്തിവെക്കാൻ നഗരസഭ നോട്ടീസ് നൽകി. സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് ഫ്ലോട്ടിങ് പാലം നിർമിക്കുന്നുവെന്നതിന്റെ സാക്ഷ്യപത്രം നഗരസഭയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് നടപടി. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷവിമർശനമാണ്. ആലപ്പുഴയിൽ എന്ത് പദ്ധതി വന്നാലും സംരംഭകരുടെ കട്ടയും പടവും മടക്കുന്ന സമീപനമാണ് അധികൃതർ സ്വീകരിക്കുന്നതെന്നാണ് പ്രധാനവിമർശനം. ഇതുമായി ബന്ധപ്പെട്ട നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്.
ബലക്ഷയംനേരിട്ട നഗരത്തിന്റെ ഇരുമ്പുപാലത്തിന്റെ സുരക്ഷയും പ്രധാനമാണെന്നും അതുകൂടി നന്നാക്കണമെന്നും ചിത്രസഹിതം ചൂണ്ടിക്കാട്ടുന്നു. നാട്ടുകാരുടെ ജീവനാണ് മുഖ്യം ആനന്ദമല്ല. എന്തെങ്കിലും അപകടം സംഭവിച്ചാൽ നഗരസഭ കൈക്കൂലി വാങ്ങി അനുമതി കൊടുത്തിട്ടാണെന്ന് പറയും. അത് ഒഴിവാക്കിയത് നന്നായി എന്നതടക്കം നിരവധി അനുകൂല പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിട്ടുണ്ട്.
ഈമാസം അവസാനം തുറക്കുന്നതിന് മുന്നോടിയായി സാഹസികപാലത്തിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് നഗരസഭ കൂച്ചുവിലങ്ങിട്ടതെന്ന് ആക്ഷേപമുണ്ട്. നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടശേഷമാണ് നഗരസഭയുടെ അനുമതിക്കായി അപേക്ഷ നൽകിയത്. തുടർന്ന് സുരക്ഷമാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നതെന്ന അഗ്നിരക്ഷാസേന, പൊലീസ്, ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ സാക്ഷ്യപത്രം ഹാജരാക്കണമെന്ന നിലപാട് നഗരസഭ സ്വീകരിച്ചത്.
തുറമുഖ വകുപ്പിന്റെ അനുമതിയോടെ തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന 'ക്യാപ്ച്ചർ ഡെഴ്സ്' എന്ന സ്വകാര്യകമ്പനിയാണ് നൂതനപദ്ധതി ആവിഷ്കരിച്ചത്. ഇതിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നതിനിടെയാണ് പൂട്ടുവീണത്. പുതിയപദ്ധതിക്ക് നഗരസഭയിൽനിന്നടക്കം പൂർണപിന്തുണയും സഹകരണവുമുണ്ടെന്ന് സംരംഭകൻ പി.ബി. നിഖിൽ 'മാധ്യമ'ത്തോട് പറഞ്ഞു. സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ സർട്ടിഫിക്കറ്റുകൾ എത്രയുംവേഗം നഗരസഭക്ക് നൽകും. ബ്രിഡ്ജിന്റെ അവസാനഭാഗത്ത് കാഴ്ചയൊരുക്കുന്ന വലിയ പ്ലാറ്റ്ഫോമിൽ കൂടുതൽപേർക്ക് കയറിയിരുന്ന് കടൽക്കാഴ്ച ആസ്വദിക്കാനും സംവിധാനമുണ്ട്.
തുടക്കത്തിൽ ഒരേസമയം 100പേർക്ക് വീതമാകും പ്രവേശനം. സുരക്ഷക്കായി ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ, റിങ്, ഡ്രൈവർമാർ, റസ്ക്യൂ ബോട്ട് എന്നിവയുണ്ടാകും. ഒരാൾക്ക് 200 രൂപയാണ് നിരക്ക്.
തൃശൂർ സ്വദേശികളായ പി.ബി. നിഖിൽ, പി.ടി. റോബിൻ, വിഷ്ണുദാസ്, ആൽവിൻ എന്നീ യുവസംരംഭകരുടെ നേതൃത്വത്തിൽ പിറവിയെടുത്ത സ്റ്റാർട്ടപ് കമ്പനിയാണ് ഈആശയം മുന്നോട്ടുവെച്ചത്. 50 ലക്ഷം രൂപയാണ് മുതൽമുടക്ക്. അതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. സ്റ്റോപ്പ് മെമ്മോ കിട്ടിയ സാഹചര്യത്തിൽ ഉദ്ഘാടനം അടുത്തമാസത്തേക്ക് നീളുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഹൈ-ഡെൻസിറ്റി പോളി എത്തലിൻ (എച്ച്.ഡി.പി.ഇ) പ്ലാസ്റ്റിക് ഉപയോഗിച്ചാണ് പാലത്തിന്റെ നിർമാണം. ആലപ്പുഴ കടപ്പുറത്തെ തീരത്തുനിന്ന് രണ്ടുമീറ്റർ വീതിയിൽ 150 മീറ്റർ നീളത്തിലാണ് പുതിയപാലം നിർമിക്കുന്നത്.
രേഖകൾ ഹാജരാക്കിയാൽ 24 മണിക്കൂറിനകം അനുമതി-നഗരസഭ ചെയർപേഴ്സൻ
ആലപ്പുഴ: ബീച്ചിൽ സ്ഥാപിക്കുന്ന ഫ്ലോട്ടിങ് ബ്രിഡ്ജ് സുരക്ഷയുമായി ബന്ധപ്പെട്ട ആവശ്യമായ രേഖകൾ സമർപ്പിക്കാതെ സമ്മർദത്തിലാക്കി അനുമതി വാങ്ങാൻ ശ്രമിക്കുന്നത് നിർഭാഗ്യകരമാണെന്നും ഇത്തരം ശ്രമങ്ങൾക്ക് വഴങ്ങാനാവില്ലെന്നും ആലപ്പുഴ നഗരസഭ ചെയർപേഴ്സൻ സൗമ്യരാജ്.
നിർമാണപ്രവർത്തനങ്ങൾ നിർത്തിവെക്കാൻ സ്വകാര്യകമ്പനിക്ക് നഗരസഭ നോട്ടീസ് നൽകിയതിനെതിരെ രൂക്ഷവിമർശനത്തോട് പ്രതികരിച്ച് സമൂഹ മാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈവിഷയത്തിൽ യാതൊരു കടുംപിടിത്തവും നഗരസഭക്കില്ല. ആവശ്യമായ രേഖകൾ ഹാജരാക്കിയാൽ 24 മണിക്കൂറിനകം അനുമതി നൽകും. സമൂഹമാധ്യമങ്ങളിലൂടെ വലിയ അധിക്ഷേപവർഷം നടക്കുന്നതായി കണ്ടു. കൈക്കൂലി കിട്ടാത്തതിനാൽ തടഞ്ഞുവെന്നാണ് പ്രധാന ആരോപണം. കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് തെളിവ് ഉണ്ടെങ്കിൽ പുറത്തുവിടണം.
ഇവർ നഗരസഭക്ക് മുന്നിൽ അനുമതിക്കായി നേരത്തേ പ്രോജക്ട് വെച്ചിരുന്നു. വിഷയം സ്റ്റിയറിങ് കമ്മിറ്റി ചർച്ച ചെയ്തിരുന്നു. ഇവരുടെ പ്രമോഷനൽ വിഡിയോയിൽ തന്നെ പാലം തിരമാലയിൽ അപകടകരമാം വിധം ഉയരുന്നത് കണ്ടു. ലൈഫ് ജാക്കറ്റ് ഇട്ടാണ് ആളെ കയറ്റുന്നത്. എങ്കിലും ഒരാൾ കടലിൽ വീണാൽ ,അത്യാഹിതം പറ്റിയാൽ കരയിൽ കൊണ്ടുവരാൻ ചെറിയ ബോട്ട് മാത്രമാണുള്ളത്. പിന്നീട് നൂറ് മീറ്ററോളം വരുന്ന ചൊരിമണലിലൂടെ റോഡിലേക്കും ആശുപത്രിയിലേക്കും എത്തിക്കേണ്ടിവരും. അതിനാൽ പൊലീസ്, അഗ്നിരക്ഷാ സേന, ജില്ല ദുരന്ത നിവാരണ അതോറിറ്റി എന്നിവരുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങി സമർപ്പിക്കാൻ ആവശ്യപ്പെട്ടു.
ആലപ്പുഴയിലേത് ശക്തമായ തിരമാലകൾ ഉള്ള തീരമാണ്. ധാരാളം മുങ്ങിമരണങ്ങൾ നടന്നിട്ടുമുണ്ട്. ഒരുദിവസം കാണുന്നത് ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമിക്കുന്നതാണ്. പത്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും വാർത്ത വന്നു. നിർമാണം ആരംഭിച്ചു കഴിഞ്ഞാണ് ഇവർ നഗരസഭയിൽ അനുമതിക്കായി എത്തുന്നത്.
ആവശ്യപ്പെട്ട യാതൊരുസാക്ഷ്യപത്രങ്ങളും ഹാജരാക്കിയിട്ടില്ല. നഗരസഭയിൽനിന്നും ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ല കലക്ടറെ വിളിച്ചു. അവിടെ ഇവർ അപേക്ഷ പോലും സമർപ്പിച്ചിട്ടില്ലെന്ന് അറിഞ്ഞു. പൊലീസിലും ബന്ധപ്പെട്ടിട്ടില്ലെന്നാണ് അറിയുന്നത്. അഗ്നിരക്ഷാസേന ഓഫിസിൽ അവർ ചെന്നിരുന്നുവെന്നും ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയിട്ടില്ലെന്നും അറിയുന്നതായും അവർ ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.