ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ ടൂറിസ്റ്റ് വിസ വീണ്ടും അനുവദിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. സമ്പദ്‌വ്യവസ്ഥയെ കരകയറ്റുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
രണ്ട് ഡോസ് വാക്സിനെടുത്തവർക്കായിരിക്കും ആദ്യ ഘട്ടത്തിൽ വിസ അനുവദിക്കുക. ഘട്ടം ഘട്ടമായിട്ടാണ് പ്രക്രിയകൾ ആരംഭിക്കുന്നത്.
രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതോടെ വിസ നിയമങ്ങളിൽ ചില ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ടൂറിസ്റ്റ് വിസ നൽകുന്നത് പുനരാരംഭിച്ചിരുന്നില്ല.
സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള ഒരു വഴിയായിട്ടാണ് വിദേശ ടൂറിസ്റ്റുകളെ തിരികെ കൊണ്ടുവരാനുള്ള നീക്കം. ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയിൽ ആഭ്യന്തര മന്ത്രാലയം യോഗം ചേരുമെന്നും വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.
രാജ്യത്ത് ആദ്യമായി ലോക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ 2020 മാർച്ചിലാണ് ടൂറിസ്റ്റ് വിസ അനുവദിക്കുന്നത് നിർത്തിയത്. പിന്നീട് തൊഴിൽ, ബിസിനസ് വിസകൾ അനുവദിച്ച് തുടങ്ങിയിരുന്നു. കോവിഡിന് മുമ്പ് പ്രതിമാസം ഏകദേശം 7-8 ലക്ഷം വിനോദസഞ്ചാരികൾ രാജ്യത്ത് എത്താറുണ്ടായിരുന്നു.
കോവിഡ് നിയന്ത്രണവിധേയമായതോടെ പല രാജ്യങ്ങളും ഇപ്പോൾ ടൂറിസ്റ്റ് വിസ നൽകാൻ തുടങ്ങിയിട്ടുണ്ട്. ഇന്ത്യ വിദേശ സഞ്ചാരികളെ അനുവദിച്ചാലും എത്ര പേർ വരുമെന്ന് സന്നദ്ധമാവുമെന്ന കാര്യത്തിൽ സംശയമുണ്ട്. പല രാജ്യങ്ങളും ഇപ്പോഴും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.