നെല്ലിയാമ്പതി: ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ നെല്ലിയാമ്പതിയിലേക്ക് യാത്രാനിയന്ത്രണങ്ങളൊന്നുമില്ലെന്ന് വനംവകുപ്പിന്റെ വിവരാവകാശരേഖ. എന്നാൽ, പോത്തുണ്ടി ചെക്ക്പോസ്റ്റിന് സമീപം വനംവകുപ്പ് തന്നെ സ്ഥാപിച്ചിരിക്കുന്ന മുന്നറിയിപ്പ് ബോർഡിൽ നിയന്ത്രണമുണ്ടെന്നും രേഖപ്പെടുത്തിയിരിക്കുന്നു.
നെല്ലിയാമ്പതിയിലേക്ക് പോകുന്ന പ്രധാനറോഡിൽ പോത്തുണ്ടി ചെക്ക്പോസ്റ്റ് വഴി വൈകീട്ട് മൂന്നിനുശേഷം നെല്ലിയാമ്പതിയിലേക്ക് പ്രവേശനമില്ലെന്ന് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു നിയന്ത്രണം കർശനമായി നടപ്പാക്കിവരുന്നുവെങ്കിലും യാത്രക്ക് യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്ന് വിവരാവകാശ അപേക്ഷയിൽ വനംവകുപ്പ് മറുപടി നൽകിയിരിക്കുന്നത് വിചിത്രമായിരിക്കുകയാണ്.
നെല്ലിയാമ്പതി വികസന സമിതി കൺവീനർ എ. അബ്ദുൽ റഷീദ് നൽകിയ വിവരാവകാശ അപേക്ഷയിലാണ് നെന്മാറ വനം ഡിവിഷൻ ഓഫിസർ യാത്രനിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് മറുപടി നൽകിയിട്ടുള്ളത്.
വനംവകുപ്പിന്റെ പോത്തുണ്ടി ചെക്പോസ്റ്റിലൂടെ കാലത്ത് ഏഴുമുതൽ വൈകീട്ട് മൂന്നുവരെ മാത്രമാണ് നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഏകദിന സന്ദർശനത്തിന് എത്തുന്നവരാണെങ്കിൽ വൈകീട്ട് അഞ്ചിന് മുമ്പായി പോത്തുണ്ടി ചെക്പോസ്റ്റിൽ തിരിച്ചെത്തണമെന്ന അറിയിപ്പ് ബോർഡാണ് വനംവകുപ്പ് സ്ഥാപിച്ചിട്ടുള്ളത്. മൂന്നുമണിക്കുശേഷമുള്ള നിയന്ത്രണം മൂലം നെന്മാറ ഡിവിഷൻ പരിധിയിലുള്ള തോട്ടം തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും നെല്ലിയാമ്പതിയിലേക്കുള്ള സഞ്ചാരികൾക്കും യാത്രവിലക്കിന് സമാനനടപടിയാണ് ഇപ്പോഴുള്ളത്.
എന്നാൽ, നെല്ലിയാമ്പതി മേഖലയിലുള്ള ഭൂമിയെല്ലാം സംരക്ഷിത വനഭൂമിയിലുൾപ്പെട്ടതാണെന്നും വനഭൂമി സംരക്ഷിക്കേണ്ടത് വനം വകുപ്പിന്റെ ഉത്തരവാദിത്തമായതിനാൽ പ്രത്യേക ഉത്തരവിന്റെ ആവശ്യമില്ലെന്നും വനനിയമപ്രകാരം ഉദ്യോഗസ്ഥർക്ക് നൽകിയ അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് ചെക്പോസ്റ്റിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതെന്നുമാണ് ഡി.എഫ്.ഒ മറുപടി നൽകിയിരിക്കുന്നത്. സർക്കാർ ഉത്തരവുകളൊന്നുമില്ലാതെ പ്രദേശവാസികളെ നിയന്ത്രിക്കുന്ന വനംവകുപ്പ് നടപടിക്കെതിരേ നാട്ടുകാർക്കിടയിൽ പ്രതിഷേധം കനക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.