രണ്ട് ഡോസ് വാക്സിനെടുത്ത വിദേശ സഞ്ചാരികളെ വരവേറ്റ് ഫ്രാൻസ്. നിയന്ത്രണങ്ങളോടെയാണ് സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്നത്. രാജ്യത്തേക്ക് വരുന്നവർ കോവിഡ് വാക്സിനേഷൻെറ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അംഗീകൃത വാക്‌സിനുകളായ ഫൈസർ, മോഡേണ, അസ്ട്രസെനെക, ജോൺസൺ ആൻഡ് ജോൺസൺ തുടങ്ങിയവ എടുത്തവർക്കാണ് പ്രവേശനം സാധ്യമാകുക. കൂടാതെ രണ്ടാമത്തെ ഡോസ് എടുത്ത് രണ്ടാഴ്ച കഴിഞ്ഞിട്ട് മാത്രമേ യാത്ര അനുവദിക്കൂ.
ഫ്രാൻസിലെ യു.എസ് എംബസി നൽകിയ അറിയിപ്പ് പ്രകാരം, പൂർണമായി പ്രതിരോധ കുത്തിവെപ്പ് എടുത്ത യു.എസ് പൗരന്മാർക്കും 11 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ക്വാറൈൻറൻ ആവശ്യമില്ലാതെ തന്നെ ഫ്രാൻസിലേക്ക് വരാം. അതേസമയം, യു.എസ് ഇപ്പോഴും ഓറഞ്ച് പട്ടികയിലുള്ളതിനാൽ യാത്രക്കാർ 72 മണിക്കൂറിൽ കൂടാത്ത നെഗറ്റീവ് കോവിഡ് പരിശോധനാ ഫലം ഹാജരാക്കണം.
ലോക്ഡൗണിന് ശേഷം രാജ്യം വീണ്ടും തുറക്കുേമ്പാൾ ജാഗ്രത പാലിക്കാൻ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 'ഒരു പുതിയ ചുവടുവെപ്പാണ് നമ്മൾ നടത്തുന്നത്. രാജ്യത്തുടനീളം ജീവിതം പുനരാരംഭിക്കും. നമ്മുടെ സംസ്കാരം, ജീവിത കലകൾ എന്നിവയെല്ലാം വീണ്ടും പരിചയപ്പെടാൻ പോവുകയാണ്' -മാക്രോൺ ട്വീറ്റ് ചെയ്തു.
പ്രശസ്തമായ ലൂവർ മ്യൂസിയം പോലുള്ള സാംസ്കാരിക കേന്ദ്രങ്ങൾ ഫ്രാൻസ് ഇതിനകം നിയന്ത്രണങ്ങളോടെ തുറന്നിട്ടുണ്ട്. ബാറുകളിലും റെസ്റ്റോറൻറുകളിലും ഇരുന്ന് കഴിക്കാൻ അനുമതിയുണ്ട്. കർഫ്യൂ സമയം രാത്രി 11 ആയി ഉയർത്തി. ഇനി കോവിഡ് കേസുകളിൽ വർധനവ് ഇല്ലെങ്കിൽ, ജൂൺ 30നകം ഫ്രാൻസ് കൂടുതൽ നിയന്ത്രണങ്ങൾ ഒഴിവാക്കും.
കഴിഞ്ഞദിവസം സ്പെയിനും വാക്സിനെടുത്ത സഞ്ചാരികൾക്ക് പ്രവേശനം നൽകാൻ തുടങ്ങിയിട്ടുണ്ട്. എല്ലാ രാജ്യത്ത് നിന്നുമുള്ള സഞ്ചാരികൾ എത്തുന്നതോടെ ടൂറിസം രംഗത്ത് ഉണർവുണ്ടാകുമെന്നും അതുവഴി സമ്പദ്വ്യവസ്ഥ മെച്ചപ്പെടുമെന്നുമാണ് സ്പെയിനിൻെറ പ്രതീക്ഷ.
സ്പെയിനിലെത്തുന്ന വാക്സിനെടുക്കാത്ത യുറോപ്യൻ സഞ്ചാരികൾക്ക് 72 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉപയോഗിച്ചും രാജ്യത്ത് പ്രവേശിക്കാം. ക്രൂയിസ് ബോട്ടുകളുടെ സർവിസും വൈകാതെ തുടങ്ങും. മാൽഗ എയർപോർട്ടിലേക്ക് യുറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നും സഞ്ചാരികളെത്തുമെന്നാണ് റിപ്പോർട്ട്.
വിനോദസഞ്ചാര മേഖലയെ ആശ്രയിച്ചാണ് സ്പെയിൻ സമ്പദ്വ്യവസ്ഥയുടെ നിലനിൽപ്പ്. അതുകൊണ്ട് വീണ്ടും സഞ്ചാരികളെത്തുന്നത് രാജ്യത്തിന് ഗുണകരമാവുമെന്നാണ് സർക്കാറിെൻറ പ്രതീക്ഷ. ഇത് കൂടാതെ ഇറ്റലി, ഗ്രീസ്, പോർചുഗൽ, നെതർലാൻഡ്സ് തുടങ്ങിയ രാജ്യങ്ങളും ടൂറിസ്റ്റുകളെ വരവേൽക്കാൻ തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.