പ്രളയവും പ്രകൃതിക്ഷോഭങ്ങളും ഏറ്റവും ഒടുവിൽ കോവിഡും വൻ പ്രതിസന്ധിയിലാക്കിയ സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖല പുനരുജ്ജീവനത്തിന്‍റെ പാതയിൽ. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച സഹായ പക്കേജുകളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ പതുക്കെ പതുക്കെ ഉണരുകയാണ്.
വിനോദ സഞ്ചാര സധ്യത ജനങ്ങളിൽ എത്തിക്കുന്നതടക്കം പുനരുജ്ജീവന പദ്ധതികൾ ഉൾപ്പെടുത്തിയുള്ള പാക്കേജ് 450 കോടി രൂപയുടേതാണ്. അതേസമയം, കോവിഡ് പ്രതിസന്ധി ഒഴിഞ്ഞില്ലെങ്കിലും സർക്കാർ ഇടപെടൽ ടൂറിസം മേഖലയെ വീണ്ടും സജീവമാക്കുകയാണ്. സഞ്ചാരികളുടെ എണ്ണത്തിലും വർധന ഉണ്ടെന്നാണ് റിപ്പോർട്ട്. തണുത്ത കാലാവസ്ഥയും മൂടൽമഞ്ഞും മലനിരകളും പച്ചപ്പും പ്രകൃതി സൗന്ദര്യവും എല്ലാം സഞ്ചാരികൾക്ക് സമ്മാനിക്കുന്ന പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് ഇപ്പോൾ തിരക്ക്.
സഞ്ചാരികളുടെ പ്രിയ വിനോദ സഞ്ചാര കേന്ദ്രമാണ് മൂന്നാറും തേക്കടിയും ഇടുക്കിയും രാമക്കൽമേടും. ആദ്യം മൂന്നാറും തുടർന്ന് പെരിയാർ ടൈഗർ റിസർവിന്‍റെ ഭാഗമായ തേക്കടിയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സഞ്ചാരികൾക്കായി തുറന്നു കൊടുത്തു. ഒപ്പം ചെറുതും വലുതുമായ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളും. ഏറ്റവും ഒടുവിൽ ഗവിയും തുറന്നു.
മാസങ്ങളോളം സന്ദർശകർക്ക് നിരോധനം ഏർപ്പെടുത്തിയ ശേഷം തുറന്നതിനാൽ ഗവിയിലേക്ക് സഞ്ചാരികളുടെ വൻ തിരക്ക് അനുഭവപ്പെടുന്നതായി വനം വകുപ്പ് അധികൃതർ പറയുന്നു. ആദ്യഘട്ടത്തിൽ ദിവസം 30 വാഹനങ്ങൾക്കാണ് പ്രവേശനം. മാസങ്ങൾ നീണ്ട വിരസത അകറ്റാൻ കുടുംബസമേതം ഗവി കാണാൻ ആങ്ങമൂഴിയിലെ വനംവകുപ്പ് ഓഫീസിൽ എത്തുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. ഇതിൽ ഇതര സംസ്ഥാനക്കാരും ഉൾപ്പെടും.
പച്ചപ്പ് നിറഞ്ഞ മലനിരകളും മഞ്ഞുകണങ്ങൾ പതിഞ്ഞ പുൽനാമ്പുകളും പൂക്കളും ഹരിതശോഭയിൽ പൂത്തുലഞ്ഞു നിൽക്കുന്ന വൃക്ഷലതാദികളും ഏതുസമയവും തുറന്നേക്കാവുന്ന ഡാമുകളും എല്ലാം സഞ്ചാരികളുടെ മനസ് നിറക്കും. ആനത്തോടും കൊച്ചുപമ്പയും ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. കാടുമൂടിക്കിടക്കുന്ന മലനിരകൾ സഞ്ചാരികൾക്ക് വിസ്മയകാഴ്ച്ചയാണ്. കർശന നിയന്ത്രണങ്ങളോടെയുള്ള യാത്ര സ്ത്രീകളും കുട്ടികളുമെല്ലാം ശരിക്കും ആസ്വദിക്കുന്നുണ്ട്.
മൂഴിയാർ-കക്കി-ആനത്തോട്-ഗവി-പച്ചക്കാനം-കോഴിക്കാനം-വള്ളക്കടവ് വഴി വണ്ടിപ്പെരിയാറിൽ എത്താൻ ഇപ്പോൾ കുറഞ്ഞത് ആറ്-ഏഴ് മണിക്കൂർ വരെ വേണ്ടിവരും. പ്രകൃതിക്ഷോഭത്തിൽ തകർന്ന റോഡുകൾ അറ്റകുറ്റപ്പണിയിലാണ്. റോഡുകളുടെ നവീകരണത്തിന് 10 കോടി അനുവദിച്ചിട്ടുണ്ട്. വണ്ടിപ്പെരിയാറിൽ നിന്നും മഞ്ഞുമല-പുതുക്കാട് വഴി മൗണ്ട് സത്രത്തിലേക്കും സഞ്ചാരികളുടെ തിരക്ക് വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.