കൽപറ്റ: പ്രായം തോൽക്കുന്ന കരുത്തുമായി ആവേശകരമായ മലകയറ്റത്തിനൊരുങ്ങുകയാണ് ഗ്ലോബ് ട്രക്കേഴ്സ് കൂട്ടായ്മ. ട്രക്കിങ്ങും മലകയറ്റവും യുവജനങ്ങളിൽ കേന്ദ്രീകരിക്കുന്ന കാലത്ത് 60 പിന്നിട്ടവർക്കും ചീങ്ങേരിമല കയറാനാണ് കൂട്ടായ്മ അവസരമൊരുക്കുന്നത്.
ഫെബ്രുവരി 20ന് ഉച്ച രണ്ടരക്കാണ് മലകയറ്റം. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലുമായി സഹകരിച്ചാണ് പരിപാടി. ആറുമണിക്ക് മുമ്പായി തിരിച്ചെത്തും. സ്ത്രീകൾക്കും ട്രക്കിങ്ങിൽ പങ്കെടുക്കാം. ചീങ്ങേരി പാറയിലൂടെ രണ്ടുകിലോമീറ്റർ കയറണം. മൂന്നു മണിക്കൂറോളം സമയമാണ് മലകയറാനും ഇറങ്ങാനും വേണ്ടി വരുക.
എല്ലാ സുരക്ഷ സംവിധാനങ്ങളുമായാണ് മലകയറ്റം. സാഹസിക വിനോദങ്ങളിൽ പരിചയ സമ്പന്നരായ ഗ്ലോബ് ട്രക്കേഴ്സിലെ അംഗങ്ങൾ മുഴുവൻ സമയവും ഒപ്പമുണ്ടാകും. അസുഖമുള്ളവർക്കും മരുന്നു കഴിക്കുന്നവർക്കും മലകയറുന്നതിനുമുമ്പ് വൈദ്യപരിശോധനക്കുള്ള സൗകര്യവുമൊരുക്കും. സുരക്ഷക്കായി മൂന്നു ഡോക്ടർമാരും സംഘത്തിലുണ്ടാവും. അടിയന്തര ആവശ്യങ്ങൾക്ക് ആംബുലൻസ് സൗകര്യവും ഒരുക്കും.
പങ്കെടുക്കാൻ താൽപര്യമുള്ളവർ 9074182346, 9946929579 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. മുൻകൂട്ടി രജിസ്ട്രേഷൻ നിർബന്ധമാണ്. പങ്കെടുക്കുന്നവർ 20 ഉച്ചക്ക് രണ്ടിന് ചീങ്ങേരി ടൂറിസം സെന്ററിന്റെ കവാടത്തിൽ എത്തണം. കുടിവെള്ളം, ലഘുഭക്ഷണം, പഴവർഗങ്ങൾ, തൊപ്പി തുടങ്ങിയവ കരുതണം. മലമുകളിലെ കാഴ്ചകളും പ്രകൃതി സൗന്ദര്യവും മുതിർന്നവർക്കും ആസ്വദിക്കാൻ അവസരമൊരുക്കുകയാണ് ഗ്ലോബ് ട്രക്കേഴ്സിന്റെ ലക്ഷ്യം. ഇതിനായി സ്ഥിരം സംവിധാനമൊരുക്കാനുള്ള പദ്ധതിയും കൂട്ടായ്മ ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.