ചെറുതോണി: മനം കുളിർപ്പിക്കുന്ന കോടമഞ്ഞും നോക്കെത്താദൂരത്തോളം നിരന്നുകിടക്കുന്ന മലനിരകളും കാനനഭംഗികളും നിറഞ്ഞ ഉപ്പുകുന്ന് മലനിരകൾ ആരെയും ആകർഷിക്കും. സമുദ്രനിരപ്പിൽനിന്ന് 3200 അടി ഉയരത്തിലുള്ള ഉപ്പുകുന്നിൽ പുൽമേടുകൾ നിറഞ്ഞ മൊട്ടക്കുന്നുകളും താഴ്ചയും സദാസമയവും കുളിർമയേകുന്ന തണുത്ത കാറ്റും സഞ്ചാരികൾക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്നു. കേരളത്തിെൻറ സ്വിറ്റ്സർലൻഡ് എന്നും ഉപ്പുകുന്നിന് പേരുണ്ട്. അരുവിപ്പാറ, മുറംകെട്ടിപ്പാറ എന്നീ മൊട്ടക്കുന്നുകൾ ഉൾപ്പെട്ടതാണ് ഉപ്പുകുന്ന്. മൊട്ടക്കുന്നുകളിൽ ഉപ്പ് ചരൽ പോലെ വെള്ളാരംകല്ലുകൾ ചിതറിക്കിടക്കുന്നതിനാലാണ് ഈ മേഖലക്ക് ഉപ്പുകുന്ന് എന്ന് പേരുവന്നതെന്ന് പഴമക്കാർ പറയുന്നു. ഇവിടെയുള്ള മൊട്ടക്കുന്നുകളിൽ കയറിയാൽ കുളമാവ് ഡാം, ചെറു തേൻമാരി വെള്ളച്ചാട്ടം, മലങ്കര ജലാശയം, പൂമാല, കുടയത്തൂർ, അറക്കുളം തുമ്പച്ചി എന്നീ സ്ഥലങ്ങളുടെ വിദൂര ദൃശ്യം കാണാം. ഇരുവശവും അഗാധ കൊക്കകളും ചെങ്കുത്തായ പാറകളും നിറഞ്ഞ നാട്ടുകാർ ആത്മഹത്യ മുനമ്പ് എന്ന് പറയുന്ന സ്ഥലവും ഇവിടത്തെ മറ്റൊരു വിസ്മയക്കാഴ്ചയാണ്.
പുൽമേടുകളിൽ മേയാനെത്തുന്ന കാട്ടാനക്കൂട്ടങ്ങളും കാട്ടുപോത്തും വാനരന്മാരും സഞ്ചാരികളെ ആകർഷിക്കും. മൂന്നാർ രാജമലയിൽ മാത്രം കാണാറുള്ള വരയാടുകളും വർഷങ്ങൾക്കുമുമ്പ് ഇവിടെ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ട്രക്കിങ്ങിനും ഇവിടം അനുയോജ്യമാണ്. തൊടുപുഴയിൽനിന്ന് കരിമണ്ണൂർ, ഉടുമ്പന്നൂർ, ചീനിക്കുഴി, പെരിങ്ങാശ്ശേരി വഴി 34 കിലോമീറ്റർ സഞ്ചരിച്ചാൽ ഉപ്പുകുന്നിലും ഇവിടെനിന്ന് രണ്ടു കിലോമീറ്റർ മുന്നോട്ടുപോയാൽ തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിലെ പാറമടയിലുമെത്താം. തൊടുപുഴയിൽനിന്ന് ഹൈറേഞ്ചിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഇൗ വഴി ഏതാനും കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമേയുള്ളൂ.
ആദിവാസി വിഭാഗത്തിൽപ്പെട്ടവർ കൂടുതലായി അധിവസിക്കുന്ന ഉപ്പുകുന്ന് മേഖലയിൽ വനത്തിൽനിന്ന് ഈറ്റവെട്ടി മുറം കെട്ടി ജീവിക്കുന്നവരുമുണ്ട്. കാനന മധ്യത്തിൽ സ്ഥിതിചെയ്യുന്ന ആദിവാസി ക്ഷേത്രത്തിൽ മണ്ഡലകാലത്ത് ദൂരദേശത്തുനിന്നുപോലും നിരവധിയാളുകൾ ദർശനത്തിന് എത്താറുണ്ട്. അടുത്ത കാലത്ത് ഉപ്പുകുന്നിലും സമീപ പ്രദേശങ്ങളിലുമായി നിരവധി നന്നങ്ങാടികൾ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.