കാഞ്ഞാർ: സമുദ്രനിരപ്പില്‍നിന്ന് 3200 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാര കേന്ദ്രമാണ് ഇലവീഴാപ്പൂഞ്ചിറ. പ്രകൃതി സൗന്ദര്യം കൊണ്ട് കേരളത്തിലെ ഏത് വിനോദസഞ്ചാര കേന്ദ്രത്തോടും കിടപിടിക്കുമെങ്കിലും കാര്യമായി ജനശ്രദ്ധയില്‍ വന്നിട്ടില്ല. കോട്ടയം, ഇടുക്കി ജില്ലകളിലായാണ് കേന്ദ്രം സ്ഥിതിചെയ്യുന്നത്.
മരങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവിടെ ഇലകള്‍ വീഴാറില്ല. ഈ ഒരു അവസ്ഥയില്‍നിന്നാണ് ഇലവീഴാ പൂഞ്ചിറയെന്ന പേര് ലഭിച്ചത്. താഴ്വരയിലെ തടാകത്തിലും ഇലകള്‍ വീഴാറില്ല. എപ്പോഴും നൂലുപോലെ മഴപെയ്യുന്ന പൂഞ്ചിറയുടെ താഴ്വര കുടയത്തൂര്‍, തോണിപ്പാറ, മാങ്കുന്ന് മലകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.
ഇലവീഴാപ്പൂഞ്ചിറ എന്ന പേരിന് മഹാഭാരത കഥയുമായും ബന്ധമുണ്ടെന്ന് പഴമക്കാർ പറയുന്നു. വനവാസകാലത്ത് പാണ്ഡവർ ഈ സ്ഥലത്ത് വസിച്ചിരുന്നതായും ഭീമസേനൻ നിർമിച്ച ഈ കുളത്തിൽ പാഞ്ചാലി സ്ഥിരമായി നീരാടാൻ എത്തിയിരുന്നു എന്നുമാണ് ഐതിഹ്യം.
പാഞ്ചാലിയുടെ സൗന്ദര്യത്തിൽ ചില ദേവന്മാർ ആകൃഷ്ടരായി. ഇത് മനസ്സിലാക്കിയ ഇന്ദ്രൻ തടാകത്തിന് മറയായി നിർമിച്ചതാണത്രെ കുടയത്തൂര്‍, തോണിപ്പാറ, മാങ്കുന്ന് മലകൾ. മലയുടെ ഒരുവശത്ത് ഗുഹയുമുണ്ട്. തൊടുപുഴയില്‍നിന്ന് മുട്ടം മേലുകാവ് വഴി 20 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇലവീഴാപ്പൂഞ്ചിറയിലെത്താം. കൂടാതെ കാഞ്ഞാറിൽനിന്ന് കൂവപ്പള്ളി ചക്കിക്കാവ് വഴി ഒമ്പതുകിലോമീറ്റർ സഞ്ചരിച്ചും ഇവിടെയെത്താം. ഇവിടെനിന്ന് നോക്കിയാൽ ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട, തൃശൂര്‍ ജില്ലകൾ കാണാമെന്നതും പ്രത്യേകതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.