ലഡാക്കിലെ സംരക്ഷിത പ്രദേശങ്ങൾ സന്ദർശിക്കാൻ ഇന്ത്യക്കാർക്ക്​ ഇനി ഇന്നർ ലൈൻ പെർമിറ്റ്​ വേണ്ട

ലഡാക്കിലെ വിവിധ സംരക്ഷിത പ്രദേശങ്ങൾ സന്ദർശിക്കാൻ ഇന്ത്യക്കാർക്ക്​ ഇനി ഇന്നർ ലൈൻ പെർമിറ്റ്​ (ഐ.എൽ.പി) ആവശ്യമില്ല. ഇതുസംബന്ധിച്ച ഉത്തരവ്​ കഴിഞ്ഞദിവസം സർക്കാർ പുറത്തിറക്കി.

നുബ്ര വാലി, ഖർദുങ് ലാ, പാങ്കോങ് തടാകം, ത്സോ മോറിരി, ദാഹ്, ഹനു വില്ലേജുകൾ, മാൻ, മെരാക്, നിയോമ, ലോമ ബെൻഡ്, തുർതുക്, ത്യാക്ഷി, ചുസുൽ, ഹാൻലെ, ഡിഗർ ലാ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാൻ വിനോദസഞ്ചാരികൾക്ക് നേരത്തെ ​ഇന്നർ ലൈൻ പെർമിറ്റ്​ ആവശ്യമായിരുന്നു.

ഓൺലൈൻ അപേക്ഷ ​വഴിയും പൊലീസ്​ വഴിയുമാണ്​ അനുമതി ലഭിച്ചിരുന്നത്​. ലഡാക്ക് ലെഫ്റ്റനന്റ് ഗവർണറുടെ പുതിയ ഉത്തരവ്​ പ്രകാരം മേഖലയിലെ സംരക്ഷിത പ്രദേശത്തെ താമസക്കാർക്ക്​ അനുമതി ആവശ്യമില്ലാതെ മറ്റു സംരക്ഷിത പ്രദേശങ്ങളും സന്ദർശിക്കാൻ കഴിയും.

മേഖലയിലെ ടൂറിസം വികസനത്തിന്‍റെ ഭാഗമായി ലഡാക്ക് പൊലീസിന്‍റെ ടൂറിസ്റ്റ് വിഭാഗവും ആരംഭിച്ചു. കേന്ദ്രഭരണ പ്രദേശം സന്ദർശിക്കുന്ന വിനോദസഞ്ചാരികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യുകയും വിനോദസഞ്ചാരികളുടെ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ ഉറപ്പാക്കുകയും ചെയ്യും. സാങ്കേതികവിദ്യയുടെ സഹായത്തോടെ ലഡാക്ക് പൊലീസിന്‍റെ ടൂറിസ്റ്റ് വിഭാഗം രക്ഷാപ്രവർത്തനങ്ങളും വിനോദസഞ്ചാരികൾ നേരിടുന്ന മറ്റ് മെഡിക്കൽ അടിയന്തര സാഹചര്യങ്ങളും കൈകാര്യം ചെയ്യും.

അടിയന്തര സാഹചര്യങ്ങളിൽ ഫലപ്രദമായ ഏകോപനത്തിനായി വിവിധ ടൂറിസം ഏജൻസികൾ, സിവിൽ അഡ്മിനിസ്ട്രേഷൻ, ആരോഗ്യവകുപ്പ്, മറ്റ് വകുപ്പുകൾ​ എന്നിവരുമായി കുറ്റമറ്റ ആശയവിനിമയ സംവിധാനം നടപ്പാക്കാൻ പരിശീലനവും നൽകും. 

പുതിയ ഉത്തരവ്​ റൈഡർമാരടക്കമുള്ള സഞ്ചാരികൾക്ക്​ ഏറെ പ്രയോജനം ചെയ്യും. ലഡാക്കിലെ കൂടുതൽ മേഖലകളിലൂടെ സഞ്ചരിക്കാനുള്ള അവസരമാണ്​ തുറന്നുനൽകുക.

Tags:    
News Summary - Indians no longer need an Inner Line Permit to visit protected areas in Ladakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-03 07:06 GMT