കോഴിക്കോട്: വേനലവധിക്കാലത്ത് പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കി ഐ.ആർ.സി.ടി.സി ഭാരത് ഗൗരവ് ട്രെയിൻ. 19ന് കൊച്ചുവേളിയിൽനിന്ന് ആരംഭിച്ച് ഹൈദരാബാദും ഗോവയും ഉൾപ്പെടുത്തി ഗോൾഡൻ ട്രയാംഗിൾ, ഹൈദരാബാദ്, ആഗ്ര, ഡൽഹി, ജയ്പുർ, ഗോവ കേന്ദ്രങ്ങൾ സന്ദർശിച്ച് മേയ് 30ന് തിരിച്ചെത്തുന്ന രീതിയിലാണ് ടൂർ പാക്കേജ് ക്രമീകരിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.
എ.സി 3 ടിയർ, സ്ലീപ്പർ ക്ലാസുകളിൽ 750 വിനോദസഞ്ചാരികളെ ഉൾക്കൊള്ളുന്നതാണ് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ. കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് ജങ്ഷൻ, പോടന്നൂർ ജങ്ഷൻ, ഈറോഡ് ജങ്ഷൻ, സേലം എന്നിവിടങ്ങളിൽനിന്ന് ട്രെയിൻ കയറാം.
11 രാവും 12 പകലും നീണ്ടുനിൽക്കുന്ന യാത്രയിൽ സ്ലീപ്പർ ക്ലാസും 3 ടിയർ എ.സി സൗകര്യവുമുള്ള എൽ.എച്ച്.ബി ട്രെയിനിൽ യാത്രക്കാരുടെ സുരക്ഷക്കായി എല്ലാ കോച്ചുകളിലും സുരക്ഷ ജീവനക്കാരുടെ സേവനവും സി.സി.ടി.വി കാമറകളും സജ്ജീകരിച്ചിട്ടുണ്ട്. വൈദ്യസഹായം ആവശ്യമായാൽ ഡോക്ടറുടെ സേവനവുമുണ്ടാകും. കേന്ദ്ര- സംസ്ഥാന സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് എൽ.ടി.സി സൗകര്യം ലഭ്യമാണ്.
നോൺ എ.സി ക്ലാസിലെ യാത്രക്ക് സ്റ്റാൻഡേർഡ് എന്ന വിഭാഗത്തിൽ ഒരാൾക്ക് 22,900 രൂപയും തേർഡ് എ.സി ക്ലാസിലെ യാത്രക്ക് കംഫർട്ട് വിഭാഗത്തിൽ ഒരാൾക്ക് 36,050 രൂപയുമാണ് യാത്രാനിരക്ക്. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഐ.ആർ.സി.ടി.സി റീജനൽ മാനേജർ ശ്രീജിത്ത് ബാപ്പുജി, എക്സി. ഓഫിസർ വിനോദ് നായർ, ബിനുകുമാർ, ദേവദാനം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.