ഏറുമാടവും ചങ്ങാടയാത്രയും ഓർമ മാത്രം; അടിസ്ഥാന സൗകര്യമില്ലാതെ ജാനകി കാട് ഇക്കോ ടൂറിസം കേന്ദ്രം

പാലേരി: കോഴിക്കോട്​ ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായ ജാനകി കാട് അടിസ്ഥാന സൗകര്യങ്ങളില്ലാതെ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാവുന്നു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കഴിഞ്ഞയാഴ്ച യുവാക്കൾ ചേർന്ന് പീഡിപ്പിച്ചത് ഇവിടെ വെച്ചാണ്​. മദ്യപൻമാരുടെ താവളവുമാണ് ഇവിടം.

അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കഴിയും. ജാനകി കാട്ടിൽനിന്ന് വനത്തിലൂടെ മുള്ളൻകുന്ന് ഭാഗത്തേക്കുള്ള റോഡ് ടാറിംഗ് പാടെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ പലപ്പോഴും ഇവിടെ അപകടത്തിൽപ്പെടാറുണ്ട്.

റോഡിന്‍റെ ദുരവസ്ഥ സഞ്ചാരികൾക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നു. സഞ്ചാരികൾക്ക് കാട് കണ്ട് മടങ്ങുകയല്ലാതെ മറ്റൊരു വിനോദവും ഇവിടെയില്ല. മുമ്പ് പുഴയിലൂടെ ചങ്ങാട യാത്രക്ക്​ സൗകര്യമുണ്ടായിരുന്നു.

കാട്ടിനുള്ളിൽ ഏറുമാടമുൾപ്പെടെ സജ്ജീകരിച്ച് സഞ്ചാരികളെ ആകർഷിച്ചിരുന്നു. ഇപ്പോൾ ഇവയൊക്കെ നശിച്ചിരിക്കുകയാണ്. കുട്ടികൾക്ക് കളിക്കാനോ മറ്റു വിനോദ പരിപാടികളോ ഇവിടെയില്ല. പ്രവേശന പാസായി കുട്ടികൾക്ക് 15 രൂപയും മുതിർന്നവർക്ക് 30 രൂപയും വിദേശികൾക്ക് 50 രൂപയുമാണ് ഈടാക്കുന്നത്.

കൂടുതൽ സഞ്ചാരികളെത്തുകയും ഗൈഡുമാരെ നിയമിക്കുകയും ചെയ്താൽ ഇവിടത്തെ സാമൂഹിക വിരുദ്ധശല്യത്തിന് അറുതിയുണ്ടാവും. ഈ ടൂറിസ്റ്റ് കേന്ദ്രത്തിന്‍റെ വികസനത്തിന് തുക വകയിരുത്തിയിട്ടുണ്ടെന്നും പെട്ടെന്ന് വികസനം സാധ്യമാവുമെന്നുമാണ് അധികൃതർ പറയുന്നത്. 

Tags:    
News Summary - Janaki Forest Eco Tourism Center without infrastructure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.