നെടുങ്കണ്ടം: ആകാശക്കാഴ്ച ഒരുക്കി കൈലാസപ്പാറ സഞ്ചാരികളെ വിസ്മയിപ്പിക്കുന്നു. വിശാല പുൽമേടിന് നടുവിൽ ഉയർന്ന് നിൽക്കുന്ന പാറക്കെട്ട്.
നാല് വശത്തേക്കും സഹ്യപർവത നിരയുടെ വിദൂര കാഴ്ചകൾ. താഴ്വാരത്ത് മലയോര പട്ടണമായ നെടുങ്കണ്ടത്തിെൻറ ദൃശ്യം. ഏലവും തേയിലയും കുരുമുളകും വിളയുന്ന കൃഷിയിടങ്ങളുടെ കാഴ്ചകൾ. അങ്ങനെ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കാഴ്ചകളാണ് കൈലാസപ്പാറയെ വ്യത്യസ്തമാക്കുന്നത്.
സഹ്യപർവത നിരയിലെ ഒബ്സർവേറ്ററി മലനിരകളുടെ ഭാഗമാണ് കൈലാസപ്പാറ. വിശാലമായ ആകാശക്കാഴ്ച ലഭ്യമാകുമെന്നാണ് ഇവിടുത്തെ വലിയ സവിശേഷത. തെളിഞ്ഞ ആകാശമുള്ള രാത്രികളിൽ നിരവധി ആകാശ ഗോളങ്ങളെ ഇവിടെനിന്ന് വീക്ഷിക്കാനാവും.
വൈവിധ്യമാർന്ന അസ്തമയ കാഴ്ച ലഭ്യമാകുന്ന പ്രദേശംകൂടിയാണിവിടം. ചെങ്കിരണങ്ങൾ പുൽമേട്ടിലെ വിവിയിനം പൂക്കൾക്ക് വൈവിധ്യമാർന്ന ശോഭ പകരുന്നു. പർവതത്തിന് മുകളിൽനിന്ന് സഹ്യപർവത നിരയുടെ കാഴ്ച നാലുവശത്തേക്കും ലഭിക്കും. മലനിരകൾക്കപ്പുറത്തേക്ക് സൂര്യൻ താഴ്ന്നിറങ്ങുന്ന അസ്തമയ ദൃശ്യങ്ങൾ ആസ്വദിക്കാൻ ധാരാളം സഞ്ചാരികൾ കൈലാസപ്പാറയിൽ എത്താറുണ്ട്.
തേക്കടിയും മൂന്നാറും രാമക്കൽമേടും ആസ്വദിക്കാനെത്തുന്നവരിൽ പലരും കൈലാസപ്പാറയിലെ അസ്തമയ കാഴ്ചകൾ കണ്ടാണ് മടങ്ങാറ്. സഞ്ചാരികളിൽ നിന്ന് കേട്ടറിഞ്ഞാണ് കൂടുതലായും ആളുകൾ ഇവിടെയെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.