കാ​പ്പി​ൽ തീ​രം

കാപ്പിൽ തീരം സഞ്ചാരികളുടെ പറുദീസ, മരണക്കയവും

വർക്കല: ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായിട്ടും കാപ്പിൽ തീരം മരണക്കയമാകുന്നു. ലൈഫ് ഗാർഡുകളോ മതിയായ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്തതാണ് കാരണം. കഴിഞ്ഞ ദിവസവും തീരം കണ്ണീരണിഞ്ഞു. ഉല്ലാസത്തിനായി കടലിലിറങ്ങിയ നവവരനെയാണ് കടലെടുത്തത്.

രണ്ട് വർഷത്തിനിടയിൽ കാപ്പിൽ തീരത്ത് ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവിൽ വൻ വളർച്ചയാണുള്ളത്. എന്നാൽ, അതിനനുസരിച്ച് അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഒരുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ജില്ല അതിർത്തിയായ ഇവിടം കടലും കായലും സന്ധിക്കുന്ന പ്രദേശമാണ്. അവധി ദിവസങ്ങൾ ഇവിടം സഞ്ചാരികളുടെ പറുദീസയാകും.

കഴിഞ്ഞ ദിവസം കടലിലേക്കിറങ്ങിയ ഭരതന്നൂർ സ്വദേശിയായ യുവാവിന്റെ ജീവനാണ് നഷ്ടമായത്. ഇയാൾ വിവാഹിതനായിട്ട് മൂന്ന് മാസമേ ആയിരുന്നുള്ളൂ. അടുത്ത ബന്ധുവിന്റെ വിവാഹത്തലേന്ന് പുടവ കൊടുക്കൽ ചടങ്ങിൽ സംബന്ധിക്കാനാണ് ഇയാൾ വർക്കല പുന്നമൂട്ടിൽ എത്തിയത്.

ചടങ്ങ് കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം കാപ്പിൽ തീരത്തേക്ക് പോയി. രണ്ടുപേർ കടലിലിറങ്ങി. ഇവരെ തിരയെടുത്തു. ഒരാൾ സാഹസപ്പെട്ട് നീന്തിക്കയറി. മറ്റേയാളെ കാണാതായി. തിരച്ചിലിനൊടുവിൽ അൽപം അകലത്തിൽനിന്ന് ഇയാളെ കണ്ടുകിട്ടി. മത്സ്യത്തൊഴിലാളികളാണ് കരക്കെത്തിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഒരു വർഷത്തിനകം നിരവധിപേരാണ് കാപ്പിൽ കടലിൽ മുങ്ങിമരിച്ചത്. രണ്ടുപേരെ കടലിൽ കാണാതായതിനെ തുടർന്ന് അടുത്തിടെ ലൈഫ് ഗാർഡിനെ നിയോഗിച്ചെങ്കിലും വേതനം ലഭിക്കാത്തതിനെ തുടർന്ന് ഇവർ ജോലി അവസാനിപ്പിച്ചു. തീരത്ത് കേവലം മുന്നറിയിപ്പ് ബോർഡുകൾ മാത്രം സ്ഥാപിച്ച് അധികൃതർ തലയൂരി.

സന്ദർശകരുടെ ഉല്ലാസ സഞ്ചാരത്തിന് ചെറുതും വലുതുമായ പതിനാല് ബോട്ടുകളുമായി 2000ൽ തുടങ്ങിയ കാപ്പിൽ കായലിലെ പ്രിയദർശിനി ബോട്ട് ക്ലബിന്റെ സ്ഥിതി ഇന്ന് പരിതാപകരമാണ്. ഇതും സർക്കാർ കൈയൊഴിഞ്ഞു. മൂന്നു വർഷം മുമ്പ് നവീകരിച്ച ബോട്ട് ക്ലബ് നാടിന് സമർപ്പിച്ചെങ്കിലും പ്രവർത്തനം തുടങ്ങിയില്ല. പുതിയ ബോട്ട് ലഭ്യമാക്കാനോ കട്ടപ്പുറത്തിരുന്ന് ജീർണിക്കുന്നവയിൽ ഒന്നെങ്കിലും നന്നാക്കാനോ സർക്കാറിന് താൽപര്യവുമില്ല.

തീരശോഷണം നേരിടുന്ന ഭാഗങ്ങളിൽ വിലക്കുകൾ ലംഘിച്ച് കോൺക്രീറ്റ് കെട്ടിടങ്ങൾ ദൈനംദിനം ഉയരുന്നു. ഇത് കണ്ടിട്ടും പഞ്ചായത്ത് കണ്ണടച്ചിരിക്കുന്നു. കാപ്പിൽ തീരത്തെ കാറ്റാടിക്കൂട്ടം ലഹരി മാഫിയ സംഘത്തിന്റെ അധീനതയിലാണ്. ഇവിടത്തെ ചുമതല അയിരൂർ-പരവൂർ പൊലീസ് സ്റ്റേഷനുകൾക്കാണ്. തീരം ജനനിബിഡമായാലും ഇവിടേക്കൊരു ഓട്ടപ്രദക്ഷിണം നടത്താൻപോലും പൊലീസിന് താൽപര്യമില്ല. 

Tags:    
News Summary - kapil beach is a tourist's paradise and a place of death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.