കൊച്ചി വാട്ടർമെട്രോ: പ്രതിദിന യാത്രക്കാർ 10,000 പിന്നിട്ടു

കൊച്ചി: കൊച്ചി വാട്ടർമെട്രോ തേടി ആയിരങ്ങൾ. പ്രതിദിന യാത്രക്കാർ 10,000 പിന്നിട്ടിരിക്കുകയാണ് കൊച്ചി വാട്ടർമെട്രോ. ഞായറാഴ്ച കൊച്ചി വാട്ടർമെട്രോയിൽ 11556 പേർ യാത്ര ചെയ്തു. വികസിതരാജ്യങ്ങളിലേതിന് സമാനമായ യാത്ര ഉറപ്പ് നൽകുന്ന കൊച്ചി വാട്ടർമെട്രോ മറ്റൊരു റെക്കോർഡ് തീർത്തിരിക്കുകയാണെന്ന് മന്ത്രി പി. രാജീവ് വിലയിരുത്തി.

ആദ്യദിനത്തിൽ 6559 പേരാണ് യാത്ര ചെയ്തതെങ്കിൽ ഇന്നലെ ഒരു ദിവസം മാത്രം അതിന്റെ ഇരട്ടിയോളം പേർ യാത്ര ചെയ്തു. പുതിയ ജട്ടികളും ബോട്ടുകളും വരുന്നതോടെ ഗണ്യമായ വർധനവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വാട്ടർമെട്രോ കൊച്ചിയും കേരളവും ഇതിനോടകം തന്നെ ഏറ്റെടുത്തെന്ന് ഉറപ്പിക്കുന്നതാണ് ഓരോ ദിവസവും വർധിച്ചുവരുന്ന ജനപങ്കാളിത്തമെന്നും മന്ത്രി പറഞ്ഞു.

മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയുമാണ് വാട്ടർ മെട്രോയുടെ നിരക്ക്. ഹൈകോടതി– വൈപ്പിൻ റൂട്ടിൽ എപ്പോഴും തിരക്കുണ്ട്‌. രാവിലെയും വൈകിട്ടും മൂന്നുവീതം ട്രിപ്പുള്ള വൈറ്റില റൂട്ടിൽ വൈകിട്ട്‌ വൻതിരക്കാണ്‌. കൂടുതൽ ബോട്ടുകൾ എത്തിയാൽ ട്രിപ്പ്‌ കൂട്ടാനാകും. എങ്കിലും നിലവിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വൈറ്റിലയിൽനിന്ന്‌ വൈകിട്ടുള്ള സർവീസ്‌ അടുത്തയാഴ്‌ചയോടെ വർധിപ്പിക്കാനാണ് തീരുമാനം.

രാവിലെ എട്ടിനുശേഷം ഒന്നരമണിക്കൂർ ഇടവേളയിലാണ്‌ വൈറ്റിലയിൽനിന്നുള്ള സർവീസ്‌. കാക്കനാട്ടുനിന്ന്‌ രാവിലെ 8.40നാണ്‌ ആദ്യ സർവീസ്‌. വൈകിട്ട്‌ 3.30ന്‌ വൈറ്റിലയിൽനിന്നും 4.10ന്‌ കാക്കനാട്ടുനിന്നും സർവീസ്‌ തുടങ്ങും. തുടർന്ന്‌ ഒന്നരമണിക്കൂർ ഇടവേളയുണ്ടാകും. ഹൈകോടതി– വൈപ്പിൻ റൂട്ടിൽ രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെ 15 മിനിറ്റ്‌ ഇടവേളയിലാണ്‌ സർവീസ്‌. എല്ലാ സമയങ്ങളിലെയും സർവീസുകളിൽ നല്ല തിരിക്കാണിപ്പോൾ അനുഭവിക്കുന്നത്. 

Tags:    
News Summary - Kochi Watermetro: Daily passengers crossed 10,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.