കോന്നി: സംസ്ഥാനത്തെ ഇക്കോ ടൂറിസം സെന്ററുകളിൽ ഓൺലൈൻ പണമിടപാട് നടപ്പാക്കുന്നത് സംബന്ധിച്ച ചീഫ് ഫോറസ്റ്റ് കൺസേർവേറ്ററുടെ ഉത്തരവ് വിവാദമാകുന്നു.
കേരളത്തിലെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും ജൂലൈ ഒന്നുമുതൽ നേരിട്ട് പണം വാങ്ങാതെ ടിക്കറ്റ് മുതൽ എല്ലാ സാമ്പത്തിക ഇടപാടുകളും എ.ടി.എം കാർഡുകൾ വഴിയോ ഗൂഗിൾ പേ വഴിമാത്രം നടത്തിയാൽ മതിയെന്നാണ് ഉത്തരവിൽ പറയുന്നത്. ഇപ്രകാരം കോന്നി ഇക്കോ ടൂറിസം സെന്ററിലും ഓൺലൈൻ പണമിടപാട് സംവിധാനം നടപ്പാക്കിയിരിക്കുകയാണ് വനം വകുപ്പ്.
കഴിഞ്ഞ ദിവസമാണ് കോന്നി ഇക്കോടൂറിസം സെന്റർ, കഫേ അടക്കമുള്ള ഇടങ്ങളിൽ ഇവിടെ എത്തുന്ന വിനോദ സഞ്ചാരികളിൽനിന്ന് നേരിട്ട് പണം സ്വീകരിക്കാതെ ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമായി പണം സ്വീകരിക്കാൻ തുടങ്ങിയത്. എന്നാൽ, ഓൺലൈൻ പണമിടപാട് ആപുകൾ ഉപയോഗിക്കാൻ അറിയാത്ത ഒട്ടേറെ സാധാരണക്കാരായ ആളുകളെ ഈ നടപടി വെട്ടിലാക്കി. കഫേയിൽ അടക്കം ഇതുമൂലം വലിയ നഷ്ടമാണ് സംഭവിച്ചത്.
പ്രായമായ ആളുകൾ സാധാരണയായി പണം നേരിട്ട് അടക്കുന്ന രീതിയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. ഇതു മനസ്സിലാക്കാതെയാണ് വനം വകുപ്പ് നടപടി. ഓൺലൈൻ പണമിടപാട് നടപ്പാക്കുന്നതിനൊപ്പം തന്നെ നേരിട്ടുള്ള പണമിടപാടുകൾ കൂടി നിലനിർത്തണമെന്നാണ് വിനോദ സഞ്ചാരികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.