250 രൂപക്ക്​ മൂന്നാറിലെ കാഴ്ചകൾ കാണാം; സൈറ്റ്​ സീയിങ്​ സർവിസുമായി കെ.എസ്​.ആർ.ടി.സി

തൊടുപുഴ: സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലെ പ്രക‍ൃതി മനോഹാരിത കുറഞ്ഞ ചെലവിൽ കാണാൻ ഇനി മുതൽ കെ.എസ്.ആർ.ടി.സിയുടെ സൈറ്റ് സീയിങ് സർവിസ്. ഈ സർവിസ് 2021 ജനുവരി ഒന്ന്​ മുതൽ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. മൂന്നാറിൽ എത്തുന്ന സഞ്ചാരികൾക്ക് പുതുവർഷ സമ്മാനമായാണ് പദ്ധതി നടപ്പാക്കുന്നത്.

മൂന്നാർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്നും രാവിലെ ഒമ്പതിന് പുറപ്പെടുന്ന സർവിസ് ടോപ്പ് സ്റ്റേഷൻ, കുണ്ടള ഡാം, എക്കോ പോയിൻറ്, മാട്ടുപെട്ടി, ഫ്ലോർ ഗാർഡൻ എന്നിവിടങ്ങളിൽ സഞ്ചാരികളെ കൊണ്ട് പോയി തിരികെ മൂന്നാർ കെ.എസ്.ആർ.ടി.സി സ്​റ്റേഷനിൽ എത്തിക്കും.

ഓരോ പോയിൻറുകളിൽ ഒരു മണിക്കൂർ വരെ ചെലവഴിക്കാൻ അവസരം നൽകും. കൂടാതെ ഭക്ഷണം കഴിക്കാൻ ഉൾപ്പെടെയുള്ള സൗകര്യവും ഏർപ്പെടുത്തും. ഏകദേശം 80 കിലോമീറ്ററോളം ദൂരം സഞ്ചരിക്കാൻ ഒരാൾക്ക് 250 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്. പദ്ധതി വിജയിക്കുന്ന മുറക്ക്​ കാന്തല്ലൂരിലും സർവിസ് ആരംഭിക്കാനാണ് അധികൃതരുടെ തീരുമാനം. 

പുതിയ പദ്ധതിയുടെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് മൂന്ന്​ ദിവസം മൂന്നാറിലെ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ സ്ഥാപിച്ച സ്ലീപ്പർ ബസുകളിൽ താമസിക്കുന്ന സഞ്ചാരികൾക്ക് യാത്ര സൗജന്യമായിരിക്കും. 16 പേർക്ക് ഒരേസമയം താമസിക്കാനുള്ള സൗകര്യമാണ് ബസിലുള്ളത്. ഒരാൾക്ക്​ 100 രൂപയാണ്​ ഈടാക്കുന്നത്​. ബസിൽ താമസിക്കുന്നവർക്ക് ഡിപ്പോയിലെ ശുചി മുറികൾ ഉപയോഗിക്കാം. നിവലിൽ ഇതിന്​ മികച്ച പ്രതികരണമാണ്​ ലഭിക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.