കുടയത്തൂർ: ഇടുക്കി, കോട്ടയം ജില്ലകളുടെ അതിർത്തിയിലെ ഇലവീഴാപൂഞ്ചിറയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കുടയത്തൂർ പഞ്ചായത്ത്. നൂറുകണക്കിന് വിനോദസഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഇവിടെ ഇല്ല. ഇതിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് കഫറ്റേരിയ, ശൗചാലയം, വിശ്രമമുറി എന്നിവ ഒരുക്കുന്നത്. കോട്ടയം ജില്ലയുടെ ഭാഗമായ പ്രദേശത്ത് ഡി.ടി.പി.സിയുടെ കോട്ടേജുണ്ട്. എന്നാൽ, ഇടുക്കി ജില്ലയിൽ ഒന്നും ഇല്ല.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അതിര് നിർണയിച്ച് നൽകാൻ റവന്യൂ വകുപ്പിനോട് പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് നടപടി ആയാലുടൻ ടൂറിസം വകുപ്പിന്റെ സഹായത്തോടെ കെട്ടിടം നിർമിക്കാനാണ് തീരുമാനം. കാഞ്ഞാർ വഴിയും മേലുകാവ് വഴിയും ഇലവീഴാപൂഞ്ചിറയിലേക്ക് എത്താൻ കഴിയും. എന്നാൽ, കാഞ്ഞാർ വഴിയുള്ള 1.5 കിലോമീറ്റർ റോഡ് തകർന്ന് കിടക്കുകയാണ്. ഇത് കൂടി ശരിയാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. 1.5 കിലോമീറ്റർ റോഡ് പൂർത്തിയാക്കിയാൽ വാഗമൺ യാത്രക്കാർക്ക് 4 കിലോമീറ്റർ യാത്രചെയ്താൽ ഇലവീഴാപ്പൂഞ്ചിറയിലെത്താം.
കൂടാതെ റോഡ് പൂർത്തിയാക്കിയാൽ കാഞ്ഞാറിൽനിന്ന് ഇലവീഴാപൂഞ്ചിറ വഴി കാഞ്ഞിരംകവലയിൽ എത്താൻ സാധിക്കും. ഇത് ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിലേക്കുള്ള യാത്രക്കാർക്ക് 10 കിലോമീറ്ററിലേറെ ദൂരം ലാഭിക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.