തേഞ്ഞിപ്പലം: കെ.എസ്.ആര്.ടിസിയുടെ മലപ്പുറം-മലക്കപ്പാറ വിനോദസഞ്ചാര സര്‍വിസില്‍ ഞായറാഴ്ച കാലിക്കറ്റ് സർവകലാശാല കാമ്പസിൽനിന്നൊരു ലേഡീസ് ഒണ്‍ലി യാത്ര. കാലിക്കറ്റ് യൂനിവേഴ്സിറ്റി ജീവനക്കാരുടെ സംഘടനയായ എംപ്ലോയീസ് യൂനിയെൻറ വനിത വിഭാഗമായ രചന മഹിള സമാജം പ്രവര്‍ത്തകരാണ് പുതിയ യാത്രാചരിത്രം കുറിച്ചത്. ആദ്യമായാണ് സ്ത്രീകളും കുട്ടികളും മാത്രമടങ്ങുന്ന ഒരു സംഘം കെ.എസ്.ആര്.ടി.സിയുടെ പാക്കേജില്‍ മലക്കപ്പാറ യാത്ര നടത്തിയതെന്ന് കെ.എസ്.ആര്.ടി.സി ജീവനക്കാരും സാക്ഷ്യപ്പെടുത്തി.
40 വനിതകളും 15 കുട്ടികളുമടങ്ങുന്നതായിരുന്നു യാത്രാസംഘം. അധിക തുക നല്കിയതിനാല് ബസ് സര്‍വകലാശാല കാമ്പസിലെത്തി യാത്രക്കാരെ കൂട്ടി പുറപ്പെട്ടു. അതിരപ്പിള്ളി, വാഴച്ചാല്‍, ചാര്‍പ്പ വെള്ളച്ചാട്ടങ്ങളും പെരിങ്ങല്‍ക്കൂത്ത്, ഷോളയാര്‍ തുടങ്ങിയ ഡാം സൈറ്റുകളും കണ്ട് വനമേഖലയിലൂടെയുള്ള യാത്ര മനോഹരമായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. കോടമഞ്ഞ് മൂടിയ തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള യാത്ര കുട്ടികളും ആസ്വദിച്ചു. ഞായറാഴ്ച പുലര്‍ച്ച 4.30ന് പുറപ്പെട്ട് തിങ്കളാഴ്ച പുലര്‍ച്ച രണ്ടോടെ സംഘം മടങ്ങിയെത്തി.
കെ.എസ്.ആര്.ടി.സിയും വിനോദസഞ്ചാര വകുപ്പും നടപ്പാക്കിക്കൊണ്ടിരിക്കുന്ന നൂതനാശയങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ കൂടിയാണ് യാത്ര നടത്തിയതെന്ന് രചന ഭാരവാഹികളായ സി. സതീദേവിയും പി.കെ. രജനി ദേവിയും പറഞ്ഞു. കെ.എസ്.ആര്.ടി.സി മലപ്പുറം ഡിപ്പോയിലെ ഫൈസല്‍ അക്സറും സന്തോഷുമായിരുന്നു സാരഥികളായി ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.