അടിമാലി: ഹരിത ടൂറിസത്തിന് വലിയ സാധ്യതകൾ തുറന്നുനൽകുന്ന ഗ്രാമീണ ടൂറിസം പദ്ധതി വിവിധ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
അടിമാലി, വെള്ളത്തൂവൽ, കൊന്നത്തടി, മാങ്കുളം, പള്ളിവാസൽ, ബൈസൺവാലി പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ചെറിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ കോർത്തിണക്കി പദ്ധതികൾ തയാറാക്കിയാൽ വിനോദസഞ്ചാര മേഖലയിൽ വൻ കുതിച്ചുചാട്ടംതന്നെ നടത്താൻ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അടിമാലി പഞ്ചായത്തിലെ ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങളും കുതിരക്കുകത്തി എക്കോ പോയന്‍റും ഇളംബ്ലാശ്ശേരി, കമ്പിലൈൻ, പടിക്കപ്പ് തുടങ്ങി പ്രകൃതിരമണീയ പ്രദേശങ്ങളും ഉൾപ്പെടുത്താം.
സാഹസിക ടൂറിസത്തിന് ഉതകുന്ന ആവറുകുട്ടി, കുറത്തി ഭാഗവും കാട്ടാനകളുടെ നിത്യസാന്നിധ്യമുള്ള മാങ്കുളം പഞ്ചായത്തിലെ ആനകുളവും പെരുമൻകുത്ത്, വെള്ളത്തൂവലിലെ വൈദ്യുതി നിലയങ്ങളും ചെങ്കുളം, കല്ലാർകുട്ടി അണക്കെട്ടുകളും ബൈസൺവാലി, പള്ളിവാസൽ പഞ്ചായത്തുകളിലെ ടൂറിസം പോയന്‍റുകളും തുറന്നിടുന്ന സാധ്യതകൾ അനന്തമാണ്.
എന്നാൽ, ഈ പ്രദേശങ്ങൾ പൂർണമായും അവഗണിക്കപ്പെട്ട നിലയിലാണ്. സഞ്ചാരികൾ ധാരളമായെത്തുന്ന ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങൾ കടുത്ത അവഗണനയാണ് നേരിടുന്നത്.
പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻപോലും ഇവിടെ സൗകര്യമില്ലാത്ത അവസ്ഥയാണ്. പ്രകൃതിരമണീയമായ കാഴ്ചകൾ നിറയെയുള്ള ചെങ്കുളം ഡാമിനോടു ചേർന്ന് ബോട്ടിങ്ങും മറ്റു ജലവിനോദങ്ങളും ഒരുക്കാൻ കഴിഞ്ഞാൽ ഈ രംഗത്ത് വന്‍ മുന്നേറ്റം കൈവരിക്കാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.