റിയാദ്: സൗദി അറേബ്യയുടെ വിനോദസഞ്ചാര രംഗം വൻ കുതിപ്പിൽ. വാണിജ്യ രംഗത്ത് ടൂറിസം അനുദിനം അഭിവൃദ്ധി പ്രാപിക്കുന്നതിന്റെ കണക്കുകൾ പുറത്തുവന്നു. 2023ൽ രാജ്യത്തെ വിനോദസഞ്ചാര വ്യവസായം കൈവരിച്ചത് റെക്കോർഡ് വളർച്ച. കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്തേക്ക് ആകെ എത്തിച്ചേർന്നത് 3.55 കോടി വിദേശ വിനോദസഞ്ചാരികളാണ്.
മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയത് 86 ലക്ഷത്തിലധികം സഞ്ചാരികളാണെന്ന് സൗദി ടൂറിസം മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. ഒരു വർഷത്തിനിടെ പലപ്പോഴായി രാജ്യത്ത് എത്തിയ ടൂറിസ്റ്റുകൾ ചെലവഴിച്ച മൊത്തം തുക 1500 കോടി റിയാലിലേറെയാണെന്നും മന്ത്രാലയം പുറത്തിറക്കിയ 2023ലെ ടൂറിസം സ്ഥിതിവിവരക്കണക്കുകളുടെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. അഞ്ച് ജി.സി.സി രാജ്യങ്ങളിലെ സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകൾ ഈ കണക്കിലുൾപ്പെടും.
ബഹ്റൈനിൽനിന്നാണ് ഏറ്റവും കൂടുതൽ പേരെത്തിയത്, 34 ലക്ഷം. തൊട്ടടുത്ത സ്ഥാനത്ത് 23 ലക്ഷത്തിലധികം പേരുമായി കുവൈത്തുണ്ട്. യു.എ.ഇയിൽനിന്ന് 14 ലക്ഷവും ഖത്തറിൽനിന്ന് 11 ലക്ഷവും ഒമാനിൽനിന്ന് 4,55,000 വിനോദസഞ്ചാരികളാണ് എത്തിയത്. അതേസമയം ഇതേ കാലയളവിൽ ഗൾഫിതര വിദേശ രാജ്യങ്ങളിൽനിന്നെല്ലാം കൂടിയെത്തിയത് 2.7 കോടി വിനോദസഞ്ചാരികളാണ്. ഇവർ ചെലവഴിച്ചത് 141 ശതകോടി റിയാലിലേറെയും.
അടുത്തിടെ വിസാനിയമത്തിൽ വരുത്തിയ കാതലായ മാറ്റമാണ് ലോക വിനോദ സഞ്ചാരികളെ സൗദി അറേബ്യയിലേക്ക് കൂടുതലായി ആകർഷിക്കാൻ ഇടയാക്കിയത്. നടപടിക്രമങ്ങൾ ലളിതമാക്കി. ഗൾഫ് മേഖല ഉൾപ്പടെ മിക്ക രാജ്യങ്ങളിൽനിന്നുള്ളവർക്കും ഇ-ടൂറിസ്റ്റ് വിസ അനുവദിച്ചു.
വ്യക്തിഗത സന്ദർശനം, ബിസിനസ്, ഉംറ തീർഥാടനം തുടങ്ങിയ ആവശ്യങ്ങൾക്കുള്ള വിസകളുടെയും നടപടികൾ ലളിതമാക്കിയതും ഈ വളർച്ചക്ക് ആക്കംകൂട്ടി. ഒരു വർഷത്തിനിടെ 90 ദിവസം വരെ രാജ്യത്ത് തങ്ങാനാവുന്ന മൾട്ടിപ്പിൾ റീഎൻട്രി ടൂറിസ്റ്റ് വിസകളാണ് അനുവദിക്കുന്നത്.
ഇങ്ങനെ വിവിധ കാര്യങ്ങൾക്കായി ഈ കാലയളവിൽ സൗദി സന്ദർശിച്ചവരുടെയും ആഭ്യന്തര വിനോദസഞ്ചാരികളുടെയും എണ്ണം കൂട്ടുമ്പോൾ ആകെ 10.9 കോടി കവിഞ്ഞതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.