കോട്ടയം: മെമുവിന് പകരം അതിവേഗ ‘വന്ദേ മെട്രോ ട്രെയിനുകൾ’ വരുമെന്ന പ്രതീക്ഷയിൽ കേരളം. നഗരങ്ങളെ ബന്ധിപ്പിച്ച് മികച്ച യാത്ര ഉറപ്പ് നൽകുന്ന വന്ദേ മെട്രോ ചെന്നൈയിൽ വിജയകരമായി പരീക്ഷിച്ചതാണ് കേരളത്തിന്റെ പ്രതീക്ഷ വർധിപ്പിക്കുന്നത്. നിലവിൽ മെമു സർവിസ് നടത്തുന്ന റൂട്ടുകളാണ് ഈ ട്രെയിനുകൾക്കായി പരിഗണിക്കുക.
130 കി.മീ. വേഗതയിൽവരെ പോകാൻ കഴിയുന്നവയാണ് വന്ദേ മെട്രോ ട്രെയിനുകൾ. 12 കോച്ചുകളുള്ള ട്രെയിൻ 120 കി.മീ. വരെ വേഗത്തിലാണ് ചെന്നൈയിൽ പരീക്ഷിച്ചത്. പുതിയ വന്ദേ മെട്രോ കോച്ചുകളുടെ നിർമാണം ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പുരോഗമിക്കുകയാണ്.
നഗരങ്ങൾക്കിടയിൽ 150 മുതൽ 200 കി.മീ. വരെ ദൂരമുള്ള റൂട്ടുകളിൽ മെമുവിന് പകരം വന്ദേ മെട്രോ ഉപയോഗിക്കാനാകും. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി അഞ്ചുവീതം റൂട്ടുകളിൽ പത്ത് വന്ദേ മെട്രോ സർവിസുകൾ ആരംഭിക്കുമെന്നാണ് കരുതുന്നത്. എറണാകുളം-കോഴിക്കോട്, കോഴിക്കോട്-മംഗലാപുരം, തിരുവനന്തപുരം-എറണാകുളം, കോട്ടയം-തിരുവനന്തപുരം, കൊല്ലം-തൃശൂർ, കോട്ടയം-പാലക്കാട്, തമിഴ്നാട്ടിലേക്കുള്ള ചില സ്ഥലങ്ങൾ എന്നിവിടങ്ങളിലേക്കും വന്ദേ മെട്രോ പരിഗണിച്ചേക്കും.
നിലവിൽ സർവിസ് നടത്തുന്ന മെമു ട്രെയിനുകളുടെ പരിഷ്കരിച്ച രൂപമാണ് വന്ദേ മെട്രോ. ഒരു കോച്ചിൽ നൂറുപേർക്ക് ഇരുന്നും ഇരുന്നൂറോളം പേർക്ക് നിന്നും യാത്ര ചെയ്യാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.