മസ്കത്ത്: ദാഖിലിയ ഗവർണറേറ്റ് അൽ ഹംറയിലെ വിലായത്തിലെ മിസ്ഫത്ത് അൽ അബ്രിയീൻ ഗ്രാമം സഞ്ചാരികളുടെ മനംകവരുന്നു. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ 50,000 ത്തിലധികം സ്വദേശികളും വിദേശികളുമുൾപ്പെടെയുള്ള വിനോദ സഞ്ചാരികളാണ് ഈ ഗ്രാമത്തിന്റെ സൗന്ദര്യം നുകരാനായെത്തിയത്.
മനോഹരമായ പ്രകൃതിഭംഗി, പുരാതന സ്മാരകങ്ങൾ, പരമ്പരാഗത വാസ്തുവിദ്യ എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന ആകർഷണങ്ങളാൽ സമ്പന്നമാണ് ഈ ഗ്രാമം. പേർഷ്യൻ കാലഘട്ടത്തിൽ ഒരു സഹസ്രാബ്ദത്തിനു മുമ്പ് നിർമിച്ച ചരിത്രപ്രസിദ്ധമായ റോഗൻ കാസിൽ, ഗ്രാമത്തിന്റെ സമ്പന്നമായ ചരിത്രം പ്രതിഫലിപ്പിക്കുന്ന 500 വർഷം പഴക്കമുള്ള കെട്ടിടം എന്നിവ മിസ്ഫത്ത് അൽ അബ്രിയീന്റെ സവിശേഷതകളിൽപ്പെട്ടതാണ്.
ഈ ഗ്രാമത്തിന്റെ വികസന പ്രവർത്തനങ്ങൾ നടത്താൻ അടുത്തിടെ ദാഖിലിയ ഗവർണറേറ്റ് തീരുമാനം എടുത്തിട്ടുണ്ട്. ഇതിനായി ടെൻഡർ ക്ഷണിച്ചു.
മിസ്ഫത് അൽ അബ്രിയീനെ 2021 ഡിസംബറിൽ യുനൈറ്റഡ് നാഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ (യു.എൻ.ഡബ്ല്യു.ടി.ഒ) മികച്ച ടൂറിസം ഗ്രാമങ്ങളിലെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ദാഖിലിയ ഗവർണറേറ്റിലെ അൽ ഹംറ വിലായത്തിലെ മിസ്ഫത്ത് അൽ അബ്രിയീൻ ഗ്രാമത്തിലേക്ക് ഓരോ വർഷവും ആയിരക്കണക്കിന് വിനോദസഞ്ചാരികളാണെത്തുന്നത്.
മസ്കത്തില്‍നിന്ന് 230 കിലോമീറ്റര്‍ അകലെ നിസ്വയില്‍നിന്ന് 30 കിലോമീറ്ററിനടുത്ത് സഞ്ചരിച്ചാല്‍ ഈ പച്ച പുതച്ച ഗ്രാമത്തിലെത്താം. പ്രകൃതി സ്നേഹികളെയും മറ്റും ആകർഷിക്കുന്ന അന്തരീക്ഷമാണ് മിസ്ഫത്തിനുള്ളത്. ഇത്തരത്തിലുള്ള വിദേശനിന്നും സുൽത്താനേറ്റിൽനിന്നുമായി നിരവധി സഞ്ചാരികളാണ് ഇവിടെ വരാറുള്ളത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മിസ്ഫത്ത് അൽ അബ്രിയീൻ നിവാസികൾ പട്ടണത്തിലെ പഴയ വീടുകളെല്ലാം പുനരുദ്ധരിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറ്റികൊണ്ടിരിക്കുകയാണ്.
കൃഷി തന്നെയാണ് ഇവരുടെ പ്രധാന ജോലി. നാരങ്ങ, ഈത്തപ്പഴം, വാഴ എന്നിവയാണ് പ്രധാന കൃഷി ഇനങ്ങള്‍. കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കാന്‍ ഫലജുകളും മലകള്‍ക്കിടയിലൂടെ ഒഴുകുന്നു. മൂന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ഫലജ് വ്യാപിച്ചുകിടക്കുന്നത്. മിസ്ഫത്തിന്റെ ഹരിത ഭംഗിക്കും പിന്നിലും ഫലജ് തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.