കടയ്ക്കൽ : മാറ്റിടാംപാറ ടൂറിസം ഡസ്റ്റിനേഷൻ ചലഞ്ചിലേക്ക് . ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ഒരു പഞ്ചായത്തിൽ ഒരു ടൂറിസം ഡസ്റ്റിനേഷൻ എന്ന പദ്ധതിയിലേക്കാണ് മാറ്റിടാം പാറയും ഉൾപ്പെട്ടത് .വലിയ ഒറ്റപ്പാറയും ചെറുപാറക്കൂട്ടങ്ങളും ഗുഹകളും കുളവും പുൽമേടുമൊക്കെയായി 19 ഏക്കറിൽ വ്യാപിച്ച മാറ്റിടാംപാറമേൽനിന്നുള്ള കാഴ്ചകൾ അതിമനോഹരമാണ് .
കടയ്ക്കൽ പട്ടണത്തിൽനിന്ന് ഒരു കിലോമീറ്റർ മാത്രം ദൂരത്തിലാണ് പ്രകൃതി മനോഹരമായ ഈ ഇടം. മാറ്റിടാംപാറയുടെ മുകളിലെത്തിയാൽ വർക്കല ബീച്ച്, ചടയമംഗലം ജഡായുപ്പാറ, അഞ്ചൽ കുടുക്കത്തുപാറ എന്നിവയും കിഴക്കൻ മലയോരമേഖല ഉൾപ്പെടെയുള്ള പ്രകൃതിസൗന്ദര്യവും ആസ്വദിക്കാൻ കഴിയും.
ഇവിടെനിന്നുള്ള ഉദയാസ്തമയക്കാഴ്ചകളും മനോഹരമാണ്. സാഹസിക സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടം കൂടിയാണ് ഇവിടം. വലിയപാറയിലെത്തുന്നതിനു മുമ്പുള്ള ചെറിയ പാറകളും പാറ അടുക്കിവച്ചതുപോലുള്ള കവാടങ്ങളും പാറക്കുള്ളിലെ ഗുഹകളുമൊക്കെ യാത്രയിലെ കൗതുകങ്ങളാണ്.
സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി നടന്ന കടയ്ക്കൽ വിപ്ലവത്തിലും മാറ്റിടാംപാറക്ക് വലിയ സ്ഥാനമുണ്ട്. ദിവാൻ സർ സി.പിയുടെ ചോറ്റു പട്ടാളത്തിനെതിരേ പോരാട്ടംനടത്തിയ കടയ്ക്കലിലെ കർഷകജനതയുടെ ഒളിസങ്കേതങ്ങൾ ആയിരുന്നു മാറ്റിടാം പാറയിലെ ഗുഹകൾ. പ്രകൃതിരമണീയമായ മാറ്റിടാംപാറ കേന്ദ്രീകരിച്ച് ടൂറിസത്തിന് വൻ സാധ്യതകളാണുള്ളത്.
മാറ്റിടാംപാറയിൽ ടൂറിസംപദ്ധതി നടപ്പാക്കണമെന്നത് പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. കടയ്ക്കലിന്റെ മുഖച്ഛായതന്നെ മാറ്റാൻ തരത്തിലുള്ള സ്വപ്നപദ്ധതിക്ക് നേരത്തേ പല പ്രൊജക്ടുകളും തയ്യാറാക്കി അധികൃതർക്ക് നൽകിയിരുന്നു.അഡ്വഞ്ചർ പാർക്ക്, കുട്ടികളുടെ പാർക്ക്, റോപ് വേ ടൂറിസം, കേബിൾ കാർ അടക്കമുള്ള പദ്ധതികൾ നടപ്പാക്കണമെന്നതാണ് ആവശ്യം. സംസ്ഥാന ബജറ്റുകളിൽ പലതവണ ഇതിനായി തുക അനുവദിച്ചെങ്കിലും തുടർ നടപടികളുണ്ടായില്ല.
റവന്യൂ ഭൂമി ടൂറിസത്തിനായി വിട്ടു നൽകുന്നതിനുളള പ്രശ്നങ്ങളായിരുന്നു പ്രധാന തടസ്സം. എന്നാൽ ടൂറിസത്തിനായി ഭൂമി വിട്ടു കിട്ടുന്നതടക്കമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടതായും ടൂറിസം ഡസ്റ്റിനേഷൻ ചലഞ്ചിലേയ്ക്ക് മാറ്റിടാം പാറ ഉൾപ്പെട്ടതോടെ കടയ്ക്കലിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന ടൂറിസം പദ്ധതി നടപ്പിലാക്കാൻ കഴിയുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് എം. മനോജ് കുമാർ പറഞ്ഞു.
മാറ്റിടാംപാറ, കടയ്ക്കൽ വിപ്ലവസ്മാരകം, ദേവീക്ഷേത്രം എന്നിവ ഉൾപ്പെടുത്തി കടയ്ക്കലിനെ ഒരു ഹെറിറ്റേജ് ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതിയും നടപ്പിലാക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്നും പ്രസിഡൻ്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.