പയംകുറ്റിമലയെ ലോക ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്തും -മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: വടകര ലോകനാർകാവിന് സമീപത്തെ വിനോദസഞ്ചാര കേന്ദ്രമായ പയംകുറ്റിമലയെ ലോക ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ വാഗ്ദാനം. ഇന്നലെ പയംകുറ്റിമല സന്ദര്‍ശിച്ചതിന് ശേഷം നടന്ന ഉന്നതതല യോഗത്തിലാണ് മന്ത്രിയുടെ ഉറപ്പ്.

ലോക ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെട്ടാൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള വിനോദസഞ്ചാരികള്‍ക്കും തീര്‍ഥാടകര്‍ക്കുമിടയില്‍ അറിയപ്പെടുന്ന പ്രദേശമായി പയംകുറ്റിമല മാറും. പയംകുറ്റിമല കാരവന്‍ പാര്‍ക്കിന് അനുയോജ്യമായ പ്രദേശമാണ്. കാരവന്‍ വാഹനം ഇത്രയും നാള്‍ ഉന്നത സാമ്പത്തിക ശേഷി ഉള്ളവര്‍ക്ക് മാത്രം പ്രാപ്യമായതായിരുന്നു. ഈ അവസ്ഥയാണ് മാറാന്‍ പോകുന്നത്.

കാരവന്‍ പാര്‍ക്ക് പ്രാവര്‍ത്തികമാവുന്നതോടെ പ്രാദേശിക മേഖലയിലെ തൊഴില്‍ സാധ്യതകള്‍ വര്‍ധിക്കും. പല ടൂറിസം പ്രദേശങ്ങളിലും സഞ്ചാരികള്‍ക്ക് താമസിക്കാനുള്ള സൗകര്യമില്ല. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് കാരവന്‍ ടൂറിസത്തിന് പ്രോത്സാഹനം നല്‍കുന്നത്.

സഞ്ചാരികള്‍ക്ക് പ്രാദേശിക തനത് ഭക്ഷണം രുചിച്ചറിയാനുള്ള അവസരവും ഉണ്ടാകും.ഓരോ പഞ്ചായത്തിലും ഓരോ ടൂറിസം കേന്ദ്രമാണ് ലക്ഷ്യമാക്കുന്നത്. പയംകുറ്റിമലയിലേക്കുള്ള റോഡ് വികസനത്തിന് ശ്രമം നടത്തും. പയംകുറ്റിമലയുടെയും ലോകനാര്‍കാവിലേയും ടൂറിസം സാധ്യത ഫലപ്രദമായി വിപുലീകരിക്കുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം തിരുവനന്തപുരത്ത് ചേരും. ഈ പ്രദേശങ്ങളുടെ വികസന സാധ്യതകളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിനോദ സഞ്ചാര വകുപ്പ് ജോയിന്‍റ് ഡയറക്ടറോടും ഡി.ടി.പി.സി സെക്രട്ടറിയോടും മന്ത്രി നിര്‍ദേശിച്ചു.

പ്രാദേശിക കലാകാരന്‍മാര്‍ക്ക് കലകള്‍ അവതരിപ്പിക്കാനുള്ള അവസരം ടൂറിസം കേന്ദ്രങ്ങളില്‍ ഒരുക്കും. ലോകനാര്‍കാവ് ക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന കേന്ദ്രമാണ് പയംകുറ്റിമല. ഈ മലയുടെ മുകളില്‍ മുത്തപ്പന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. വിനോദസഞ്ചാര പ്രാധാന്യം കണക്കിലെടുത്ത് വ്യൂ ടവര്‍ നിർമാണം, കോമ്പൗണ്ട് വാള്‍, കഫ്റ്റീരിയ, ലാന്‍ഡ്സ്‌കേപ്പിങ്, പാത്ത് വേ നിർമാണം എന്നിവ പൂര്‍ത്തിയായിക്കഴിഞ്ഞു. 

Tags:    
News Summary - minister muhammed riyas visits payamkuttimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.