മേപ്പാടി (വയനാട്): ഇക്കോ ടൂറിസം കേന്ദ്രങ്ങളായ സൂചിപ്പാറയും കുറുവ ദ്വീപും തുറന്നതോടെ ചുരം കയറുന്ന സഞ്ചാരികളുടെ എണ്ണവും വർധിക്കുന്നു. സൂചിപ്പാറ വെള്ളച്ചാട്ടം കാണാനായി ആദ്യ രണ്ടു ദിവസങ്ങളിൽ എത്തിയത് ആയരത്തിലധികം സഞ്ചാരികളാണ്. തുറന്ന ആദ്യ ദിവസമായ ശനിയാഴ്ച 425ഉം ഞായറാഴ്ച 615ഉം സന്ദർശകരാണ് എത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ സന്ദർശകർ എത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. അതേസയമം, കോവിഡിെൻറ രണ്ടാംതരംഗം ടൂറിസം മേഖലയിൽ വലിയ ആശങ്കയും സൃഷ്ടിക്കുന്നുണ്ട്.
വേനലായതുകൊണ്ട് പുഴയിലെ ജലനിരപ്പ് താഴ്ന്നതിനാൽ സൂചിപ്പാറ വെള്ളച്ചാട്ടത്തിെൻറ സ്വാഭാവിക ഭംഗിക്ക് കുറവുവന്നിട്ടുണ്ട്. വേനൽക്കാലത്ത് ഇവിടേക്കുള്ള സഞ്ചാരികളുടെ വരവ് പൊതുവേ കുറവാണ്. അവധിക്കാലമെത്തുന്നതോടെ കൂടുതൽ സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. മേപ്പാടി-ചൂരൽമല റോഡിെൻറ പ്രവൃത്തി നീണ്ടുപോകുന്നതും സഞ്ചാരികളെ വലക്കുകയാണ്.
അതേസമയം, കുറുവ ദ്വീപിൽ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ശനിയാഴ്ച മാത്രം ആയിരത്തിലധികം സഞ്ചാരികളാണ് കുറുവയിലെത്തിയത്. ചെമ്പ്ര കൂടി തുറക്കുന്നതോടെ പ്രദേശത്തെ വിനോദ സഞ്ചാര മേഖലക്ക് പുത്തനുണർവുണ്ടാകും. കാട്ടുതീ ഭീഷണി നിലനിൽക്കുന്നതിനാലാണ് ചെമ്പ്ര തുറക്കാൻ വൈകുന്നത്.
സൂചിപ്പാറ, ചെമ്പ്ര കേന്ദ്രങ്ങളുടെ നിയന്ത്രണവും സംരക്ഷണവും വനംവകുപ്പിെൻറ മേൽനോട്ടത്തിൽ രൂപവത്കരിച്ചിട്ടുള്ള വനസംരക്ഷണ സമിതികൾക്കാണ്. 50ഓളം വരുന്ന വനസംരക്ഷണ സമിതി ജീവനക്കാരാണ് സൂചിപ്പാറയിൽ ജോലി ചെയ്തുവന്നിരുന്നത്. കേന്ദ്രം അടച്ചതോടെ ഇവരെല്ലാം തൊഴിൽരഹിതരായി. അവരുടെ കുടുംബങ്ങളും പട്ടിണിയിലായി.
കേന്ദ്രം തുറന്നത് കുടുംബങ്ങൾക്ക് വലിയ ആശ്വാസമായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിയന്ത്രണങ്ങളോടെയാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. ദിവസം 1200 പേർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്. രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെയാണ് സന്ദർശകർക്ക് അനുമതി നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.