മൂന്നാർ: മരംകോച്ചുന്ന തണുപ്പും മലയിറങ്ങുന്ന കോടമഞ്ഞും ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്കേറിയതോടെ പുതുവർഷത്തിൽ സന്ദർശകരെ സ്വീകരിക്കാൻ മൂന്നാറും ഒരുങ്ങി. രണ്ടുവർഷത്തെ ആലസ്യത്തിന് ശേഷമാണ് മൂന്നാറും പരിസര പ്രദേശങ്ങളും സഞ്ചാരികളുടെ സാന്നിധ്യം കൊണ്ട് സജീവമായത്. കോവിഡ് മഹാമാരിയും തുടർച്ചയായ പ്രളയങ്ങളും തകർത്തെറിഞ്ഞ മൂന്നാറിലെ വിനോദസഞ്ചാര മേഖലയ്ക്ക് പുതുവർഷം നൽകുന്നത് വലിയ പ്രതീക്ഷയാണ്. ഡിസംബർ ആദ്യവാരം ആരംഭിച്ച സന്ദർശകരുടെ തിരക്ക് ക്രിസ്മസ് ദിവസം മുതൽ പുതുവർഷം വരെ വർധിക്കുന്നതാണ് കണ്ടത്. സ്വദേശത്തും വിദേശത്തും നിന്നുള്ള സഞ്ചാരികൾ കാഴ്ചകൾ കാണാൻ മൂന്നാർ തെരഞ്ഞടുത്തതോടെ മേഖല സജീവമായി.
ഇത്തവണ കൂടുതൽപേർ എത്തുമെന്ന പ്രതീക്ഷയിൽ മികച്ച തയാറെടുപ്പുകളാണ് വിനോദസഞ്ചാര - വനം വകുപ്പുകളും ഹൈഡൽ ടൂറിസം വകുപ്പും മൂന്നാറിൽ നടത്തിയത്. മൂന്നാറിലെ പ്രധാന ആകർഷണമായ വരയാടുകളുടെ വിഹാരകേന്ദ്രമായ രാജമലയിൽ വനംവകുപ്പും ഒരുക്കം പൂർത്തിയാക്കി. രാജമലയുടെ കവാടമായ അഞ്ചാം മൈലിൽ വിനോദസഞ്ചാരികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം വർധിപ്പിച്ചിട്ടുണ്ട്.
വൻതുക മുടക്കി ഇവിടെ സ്ഥാപിച്ച ഓർക്കിഡോറിയം ഓർക്കിഡുകളെക്കുറിച്ച് പഠിക്കുന്നവർക്ക് വളരെ പ്രയോജനം ചെയ്യുന്നതാണ്. ഇരവികുളം ദേശീയോദ്യാനത്തിലെ വിവിധ ഇനം ഓർക്കിഡുകളെ പരിചയപ്പെടുത്തുന്ന ഈ കേന്ദ്രം ഇതിനോടകം കാണികളുടെ പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞു.
രാജമലയിൽ സഞ്ചാരികൾക്ക് വിശ്രമിക്കാൻ ചൂരൽ ഇരിപ്പിടങ്ങളും കമാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ദിവസവും 2880 പേർക്ക് മാത്രം സന്ദർശനാനുമതി നൽകാനുള്ള മുൻ തീരുമാനത്തിലും വനംവകുപ്പ് ഇളവ് വരുത്തി. നാലുദിവസമായി 3300 പേരിൽ കൂടുതലാണ് ഓരോ ദിവസവും രാജമലയിലെത്തിയത്. പുതിയ വർഷത്തിൽ ഇതിലും വലിയ വർധന പ്രതീക്ഷിക്കുന്നുണ്ട്. നീലക്കുറിഞ്ഞി പൂവിട്ട 2006ൽ പതിനായിരത്തോളം പേർ ഇവിടെ പ്രതിദിനം എത്തിയിരുന്നു. ഹൈഡൽ ടൂറിസം വകുപ്പിെൻറ നേതൃത്വത്തിൽ മാട്ടുപ്പെട്ടി, കുണ്ടള, ആനയിറങ്കൽ ജലാശയങ്ങളിൽ സഞ്ചാരികൾക്കായി സൗകര്യം വർധിപ്പിച്ചു.
മാട്ടുപ്പെട്ടി ജലാശയത്തിൽ 22 സ്പീഡ് ബോട്ടുകളും ശിക്കാരയും 20 പേർക്ക് ഇരിക്കാവുന്ന രണ്ട് വലിയ ബോട്ടുകളും തയാറായിക്കഴിഞ്ഞു. ലഘുഭക്ഷണശാലയുമുണ്ട്. ഇവിടെയും തിരക്ക് വർധിച്ചതോടെ മണിക്കൂറുകൾ കാത്തുനിന്നാണ് ആളുകൾ ബോട്ടിങ് നടത്തുന്നത്. പഴയമൂന്നാറിലെ ഹൈഡൽ പാർക്കിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടില്ലെങ്കിലും ഇവിടെയും സന്ദർശകരുടെ തിരക്കുണ്ട്. മൂന്നാർ കാണാൻ എത്തുന്നവർ മറയൂരിലെ ചന്ദനക്കാടുകളും കാന്തല്ലൂർ വട്ടവട മേഖലയിലെ പഴം പച്ചക്കറി തോട്ടങ്ങളും കണ്ടാണ് മടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.