കണ്ണൂർ: രൂപമാറ്റത്തിന്റെയും നിയമലംഘനത്തിന്റെയും പേരിൽ ആർ.ടി.ഒ അധികൃതർ സഞ്ചാരം മുടക്കിയ 'നെപ്പോളിയൻ' എന്ന വാനിന് പകരം ഇ ബുൾജെറ്റ് സഹോദരന്മാർ പുതിയ വാഹനവുമായി എത്തുന്നു. ഒന്നര വർഷമായി കണ്ണൂരിലെ ആർ.ടി.ഒ ഓഫിസിൽ 'വിശ്രമ'ത്തിലാണ് 'നെപ്പോളിയൻ'. ഒരു സിനിമ താരത്തിന്റെ കാരവൻ വിലക്കെടുത്ത് 'നെപ്പോളിയൻ' എന്ന പേരിൽ തന്നെ ഇറക്കാനാണ് സഹോദരന്മാരുടെ നീക്കം. വണ്ടിയുടെ മിനുക്കുപണികൾ കൊച്ചിയിൽ പുരോഗമിക്കുകയാണ്. എന്നാൽ, ഏതെങ്കിലും തരത്തിൽ നിയമലംഘനം നടത്തിയാൽ വീണ്ടും പൂട്ടാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.
യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി ലക്ഷക്കണക്കിന് ആരാധകരുള്ള ഇ ബുൾ ജെറ്റ് സഹോദരങ്ങളെ പോലെ പ്രശസ്തമായിരുന്നു അവരുടെ 'നെപ്പോളിയൻ' എന്ന വാനും. റാംബോ എന്ന വളർത്തുനായക്കൊപ്പം കണ്ണൂർ കിളിയന്തറ സ്വദേശികളും സഹോദരങ്ങളുമായ ലിബിനും എബിനും ഇതിൽ ഇന്ത്യ മുഴുവൻ സഞ്ചരിച്ചിരുന്നു. എന്നാൽ, നിറവും രൂപവും മാറ്റിയ വാനിന് ആർ.ടി.ഒ ബ്രേക്കിട്ടതോടെ കഥ മാറി. നികുതി പൂർണമായി അടക്കാതെയും അതിതീവ്ര ലൈറ്റുകൾ ഘടിപ്പിച്ചും നിയമലംഘനം നടത്തിയതായി കണ്ടെത്തിയതോടെയാണ് ഓട്ടം നിലച്ചത്.
വാൻ ആർ.ടി.ഒ കസ്റ്റഡിയിലായതിന് പിന്നാലെ ഉടമകളായ സഹോദരങ്ങളും ആരാധാകരും ലൈവ് വീഡിയോ ഇട്ട് കണ്ണൂരിലെ ആർ.ടി.ഒ ഓഫിസിലെത്തി പ്രതിഷേധിച്ചിരുന്നു. എന്നാൽ, ഇത് കൂടുതൽ കുരുക്കായി. ഒടുവിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ഓഫിസിൽ അതിക്രമിച്ച് കയറിയതിനുമടക്കം വിവിധ കേസുകളിൽ സഹോദരങ്ങൾ അകത്തുമായി. ചട്ടലംഘനത്തിന് പിഴയൊടുക്കാതെയും വണ്ടി പൂർവസ്ഥിതിയിലാക്കാതെയും വിട്ടുകൊടുക്കില്ലെന്ന നിലപാടിലായിരുന്നു ആർ.ടി.ഒ അധികൃതർ. സ്റ്റിക്കർ നീക്കം ചെയ്യാതെ വണ്ടി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇ ബുൾജെറ്റ് സഹോദന്മാർ ഇപ്പോൾ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. 'നെപ്പോളിയൻ' കുതിക്കുന്നത് വീണ്ടും കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.