തൊടുപുഴ: വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിൽ മൂന്നാറിൽ രാത്രി സഫാരിക്കും ട്രക്കിങ്ങിനും നിയന്ത്രണം വരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നൽകാൻ മൂന്നാറിൽ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനമായി.
രാത്രി എട്ട് മുതൽ രാവിലെ ആറ് വരെയാകും നിയന്ത്രണം. ജനവാസമേഖലയിൽ കാട്ടാന ആക്രമണം രൂക്ഷമായതോടെയാണ് എ. രാജ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.
ജനവാസ മേഖലകളിലിറങ്ങുന്ന ആക്രമണകാരികളായ ആനകളെ നാടുകടത്തണമെന്നും രാത്രികാലങ്ങളിലെ സഫാരിക്കും ട്രക്കിങിനും നിന്ത്രണമേർപ്പെടുത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. മൂന്നാര്‍, ചിന്നക്കനാല്‍, ശാന്തന്‍പാറ എന്നിവിടങ്ങളിൽ രാപ്പകൽ വ്യത്യാസമില്ലാതെ ആക്രമണകാരികളായ അഞ്ച് ആനകളാണ് സ്വൈരവിഹാരം നടത്തുന്നത്. പൊതുവെ ശാന്തനായിരുന്ന പടയപ്പയും ആക്രമണകാരിയായി. നിരവധി പേരുടെ ജീവനെടുത്ത ചക്കക്കൊമ്പനും മൊട്ടവാലനും അരിക്കൊമ്പനും ജനവാസമേഖലയിലിറങ്ങുന്നത് പതിവായതോടെയാണ് ആനകളെ നാടുകടത്തണമെന്ന ആവശ്യം ശക്തമായത്. ആനകൾ തുടർന്നും ജനവാസകേന്ദ്രങ്ങളിൽ ഭീഷണി ഉയർത്തിയാൽ അവയെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകാനും തീരുമാനമായി.
വന്യമൃഗങ്ങളെ ശല്യപ്പെടുത്തും വിധം ജീപ്പ് ഡ്രൈവർമാരും റിസോർട്ടുകളും നടത്തുന്ന നൈറ്റ് സഫാരിക്കും ട്രക്കിങ്ങിനും നിയന്ത്രണമേർപ്പെടുത്തുമെന്ന് എ. രാജ എം.എൽ.എ പറഞ്ഞു.
വന്യമൃഗശല്യത്തിൽ നഷ്ടം സംഭവിച്ചവർക്ക് അടിയന്തരമായി നഷ്ടപരിഹാം ലഭ്യമാക്കാൻ ഇടപെടൽ നടത്തും. വിനോദ സഞ്ചാരികൾ കൂടുതലായെത്തുന്ന ആനച്ചാല്‍, ചെങ്കുളം, പോതമേട്, ലക്ഷ്മി, മൂന്നാര്‍ എന്നിവിടങ്ങളിൽ പ്രത്യേക നിരീക്ഷണം നടത്താൻ പൊലീസിനും വനം വകുപ്പിനും ദേവികുളം സബ് കലക്ടര്‍ രാഹുല്‍ കൃഷ്ണ ശർമ നിർദേശം നല്‍കിയിട്ടുണ്ട്.
നാട്ടുകാർക്കും വിദ്യാർഥികൾക്കും ടാക്സി ഡ്രൈവർമാർക്കുമിടയിൽ പൊലീസും വനംവകുപ്പും ബോധവത്കരണം നടത്തുമെന്നും സബ് കലക്ടർ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.