മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ലൂ​ടെ ​കൊ​ട്ട​വ​ഞ്ചി​യി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ

ബജറ്റിൽ ഇടം നേടാതെ മലങ്കര ടൂറിസം പദ്ധതി

മുട്ടം: ബജറ്റിൽ ഒരു രൂപപോലും അനുവദിക്കാതെ മലങ്കര ടൂറിസം പദ്ധതിക്ക് അവഗണന. വർഷങ്ങൾക്ക് മുന്നേ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയതല്ലാതെ കാര്യമായ ഒരു പുരോഗമനവും മലങ്കര ടൂറിസത്തിന് ഉണ്ടായിട്ടില്ല.2010ൽ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രിയായിരുന്ന കാലത്താണ് മലങ്കര ടൂറിസം പദ്ധതിക്ക് ശിലയിട്ട് നിർമാണം ആരംഭിച്ചത്.

മൂലമറ്റം വൈദ്യുതി നിലയത്തിൽ ഉൽപാദനശേഷം പുറംതള്ളുന്ന ജലം വർഷം മുഴുവൻ നിറഞ്ഞ് കിടക്കുന്നതിനാൽ വശ്യമനോഹര കാഴ്ചയാണ് ഇവിടം നൽകുന്നത്. ഇവിടം ടൂറിസം കേന്ദ്രമായി വികസിപ്പിച്ചാൽ സർക്കാറിന് വരുമാനവും നാടിന് പുരോഗതിയും ലഭിക്കുമെന്ന നിർദേശങ്ങളെത്തുടർന്നാണ് മലങ്കരയിൽ ടൂറിസം പദ്ധതി ആരംഭിക്കുന്നത്.

കോടിയേരി ബാലകൃഷ്ണൻ മന്ത്രിയായിരുന്നപ്പോൾ പരന്നുകിടന്ന മലങ്കര ഡാമിന് ചുറ്റുപാടുമുള്ള പ്രദേശം മണിട്ട് നികത്തി ടൂറിസത്തിനായി പാകപ്പെടുത്തി. ശേഷം വർഷങ്ങൾ കഴിഞ്ഞാണ് എൻട്രൻസ് പ്ലാസയും കുട്ടികളുടെ പാർക്കും ബോട്ട് ജെട്ടിയും സ്ഥാപിക്കുന്നത്. ഇതിൽ പാർക്ക് മാത്രമാണ് തുറന്നത്. എൻട്രൻസ് പ്ലാസ അടഞ്ഞു കിടക്കുന്നു.

ബോട്ട് ജെട്ടിയിൽനിന്ന് കൊതുമ്പ് വള്ളം പോലും ഇറക്കാൻ സാധിച്ചിട്ടില്ല. മലങ്കര ടൂറിസം പദ്ധതി യാഥാർഥ്യമാക്കാൻ മുമ്പ് കുടയത്തൂരിൽ രണ്ടും നാലും പേർക്ക് സഞ്ചരിക്കാവുന്ന ചെറു ചവിട്ട് ബോട്ട് ഇറക്കിയിരുന്നു. ഇതും പിന്നീട് അപ്രത്യക്ഷമായി. ഇപ്പോൾ ആകെയുള്ളത് മീൻപിടിക്കാൻ ഫിഷറിസ് വകുപ്പ് നൽകിയ ചെറു കൊട്ടവഞ്ചിയാണ്. ഇതിൽ കുട്ടികൾ സമയം ചെലവഴിക്കാറുണ്ട്. ഇത്തരത്തിൽ കുറച്ച് കൊട്ടവഞ്ചിയും ലൈഫ് ജാക്കറ്റും നൽകിയാൽ അത് ടൂറിസത്തിനായി ഉപയോഗപ്പെടുത്താൻ സാധിക്കും.

യന്ത്ര ബോട്ട് ഇറക്കിയാൽ കുടിവെള്ള സ്രോതസ്സായ മലങ്കര ജലാശയം മലിനമാകുമെന്ന് അധികൃതർ പറയുന്നു. ഇതിന് പരിഹാരമായി സോളാർ ബോട്ട് ഇറക്കാൻ പല ഏജൻസികളും സന്നദ്ധത അറിയിച്ചെങ്കിലും അനുമതി നൽകിയിട്ടില്ല. ബോട്ട്ജെട്ടി ഇപ്പോൾ നാട്ടുകാർ അലക്കാനും കുളിക്കാനുമുള്ള കടവായി ഉപയോഗിക്കുകയാണ്. ബോട്ട് ജെട്ടിയിൽനിന്ന് മൂലമറ്റം വരെ 13 കിലോമീറ്റർ മലങ്കര ജലാശയത്തിലൂടെ സവാരി നടത്താൻ കഴിയുന്ന രീതിയിലാണ് ടൂറിസം പദ്ധതി വിഭാവനം ചെയ്തിരുന്നത്.

13 കിലോമീറ്ററിൽ പരന്നുകിടക്കുന്ന മലങ്കര ജലാശയത്തെ ചുറ്റിപ്പറ്റി മലമ്പുഴ മോഡൽ ടൂറിസം പദ്ധതി നടപ്പാക്കും എന്നായിരുന്നു പ്രഖ്യാപനം. ബോട്ടിങ്, സൈക്കിൾ സവാരി, കുതിരസവാരി, ബൊട്ടാണിക്കൽ ഗാർഡൻ, റോപ് വേ തുടങ്ങിയ എല്ലാ സാധ്യതകളും വിനിയോഗിക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ, അവ ഒന്നും യാഥാർഥ്യമായില്ല. എത്രയും വേഗം മലങ്കര ടൂറിസം യാഥാർഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    
News Summary - no fund in budget for the Malankara tourism project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.