കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തില്‍ 2023 വര്‍ഷത്തെ യാത്രക്കാരുടെ എണ്ണം ഒരു കോടി തികച്ച ലയ റിനോഷിന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് ഉപഹാരം നല്‍കുന്നു

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം: ഈ വര്‍ഷം പറന്നത് ഒരുകോടി യാത്രക്കാര്‍!, റെക്കോര്‍ഡുമായി സിയാല്‍

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഈ വര്‍ഷം പറന്നത് ഒരു കോടി യാത്രക്കാര്‍. വ്യാഴാഴ്ച വൈകീട്ട് ബാംഗ്ലൂരിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ 173 യാത്രക്കാര്‍ പറന്നതോടെ, വര്‍ഷം അവസാനിക്കാന്‍ 11 ദിവസം ബാക്കിയിരിക്കെ ഒരു കോടി യാത്രക്കാര്‍ തികച്ച് സിയാല്‍ റെക്കോര്‍ഡിട്ടു. ദക്ഷിണേന്ത്യയില്‍ പ്രതിവര്‍ഷം ഒരു കോടി യാത്രക്കാര്‍ ഉപയോഗിക്കുന്ന നാലാമത്തെ വിമാനത്താവളമാണ് സിയാല്‍. കേരളത്തിലെ ഒരേയൊരു വിമാനത്താവളവും.

സംസ്ഥാനത്തെ മൊത്തം വിമാനയാത്രക്കാരുടെ 63.50 ശതമാനവും കൈകാര്യം ചെയ്യുന്നത് സിയാലാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 20 ലക്ഷത്തിലധികം പേരുടെ വര്‍ധനവാണ് സിയാല്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ വര്‍ഷം ഇതുവരെ സിയാലിലൂടെ പറന്ന ഒരുകോടി യാത്രക്കാരില്‍ 54.04 ലക്ഷം രാജ്യാന്തര യാത്രക്കാരും 46.01 ലക്ഷം പേര്‍ അഭ്യന്തര യാത്രക്കാരുമാണ്. മൊത്തം 66,540 വിമാനങ്ങള്‍ ഇക്കാലയളവില്‍ സര്‍വീസ് നടത്തി.

2022-ല്‍ 80.23 ലക്ഷം പേരാണ് സിയാലിലൂടെ യാത്രചെയ്തത്. വിമാനസര്‍വീസുകള്‍ 57,006. അടിസ്ഥാന സൗകര്യ വികസനത്തിലും വിമാനത്താവള മാര്‍ക്കറ്റിങ്ങിലും സിയാല്‍ നടത്തിവരുന്ന ശ്രമങ്ങളുടെ പ്രതിഫലനമാണ് ഈ നേട്ടമെന്ന് യാത്രക്കാര്‍ക്കുള്ള നന്ദി സൂചകമായി സിയാല്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ പ്രത്യേക സന്ദേശത്തില്‍ വ്യക്തമാക്കി. സ്വകാര്യ കോര്‍പറേറ്റുകള്‍ രാജ്യത്തെ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കുന്ന കാലഘട്ടത്തില്‍ സിയാല്‍ കൈവരിക്കുന്ന മികവ് പൊതുമേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. വരും വര്‍ഷങ്ങളിലും ഒരു കോടിയില്‍ കുറയാതെ യാത്രക്കാര്‍ എത്തുമെന്ന പ്രതീക്ഷയാണ് മാനേജ്മെന്‍റിനുള്ളത്. അതിനുവേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍, നിര്‍ദേശം നല്‍കിയിട്ടുണ്ട് ' മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊച്ചിയില്‍ നിന്ന് ബാംഗ്ലൂരിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരിയായ അഞ്ചു വയസ്സുകാരി ലയ റിനോഷ് ആണ് സിയാലിലെ 2023 വര്‍ഷത്തെ ഒരു കോടി യാത്രക്കാരുടെ എണ്ണം തൊട്ടത്. സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് ലയക്ക് പ്രത്യേക ഉപഹാരം നല്‍കി. സിയാല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ സജി.കെ.ജോര്‍ജ്, വി.ജയരാജന്‍ സി.ഐ.എസ്.എഫ് സീനിയര്‍ കമാന്‍ഡന്‍റ് സുനീത് ശര്‍മ, സിയാൽ കൊമേർഷ്യൽ ഹെഡ് ജോസഫ് പീറ്റർ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - One crore passengers flew through Cochin International Airport this year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.