തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ പൊന്നാനിയെയും പടിഞ്ഞാറെക്കരയെയും ബന്ധിപ്പിക്കുന്ന ഹൗറ മോഡൽ കടല്‍പ്പാലത്തിന് കിഫ്ബിയുടെ അംഗീകാരം ലഭിച്ചു. തിരുവനന്തപുരം - കാസർകോട് തീരദേശ ഇടനാഴിയുടെ ഭാഗമായി നിർമിക്കുന്ന പാലത്തിന് 289 കോടി രൂപയാണ് അനുവദിച്ചത്. ഭാരതപ്പുഴ അറബിക്കടലില്‍ ചേരുന്ന പൊന്നാനി അഴിമുഖത്തിന് കുറുകെയാണ് ഒരു കിലോമീറ്ററോളം വരുന്ന കടല്‍പ്പാലം നിര്‍മിക്കുന്നത്.
ഗതാഗതത്തിന് പുറമെ ഏറെ ടൂറിസം സാധ്യത കൂടിയുള്ള പദ്ധതിയാണിത്. ഭാരതപ്പുഴയോരത്തുകൂടി വരുന്ന കര്‍മ പുഴയോരപാത കനോലി കനാലിന് കുറുകെയുള്ള പാലം കയറി ഹാര്ബര്വഴി ഈ പാലത്തിലേക്ക് കയറാനാകും.ഇവിടങ്ങളിലെ ടൂറിസം സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്ന പദ്ധതികളുടെ പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്.
തൂക്കുപാലത്തില്‍ കടലിനോട് അഭിമുഖമായി വീതിയില്‍ വാക്വേയും സഞ്ചാരികള്ക്കിരിക്കാനും സൂര്യാസ്തമയം ആസ്വദിക്കാനും കഴിയുന്നതരത്തിലുള്ളതാണ് നിര്‍ദിഷ്ട പാലം. പാലത്തിൽ റെസ്റ്റോറൻറും ആസൂത്രണം ചെയ്തിട്ടുണ്ട്.
ബിയ്യം കായല്‍, ഭാരതപ്പുഴ, നിള മ്യൂസിയം, മറൈന്‍ മ്യൂസിയം, ഇന്‍ഡോര്‍ സ്റ്റേഡിയം ആൻഡ് ചില്‍ഡ്രന്‍സ് സ്പോര്‍ട്സ് പാര്‍ക്ക്, കര്‍മ പുഴയോരപാത, കനോലി ബ്രിഡ്ജ്, പൊന്നാനി ഹാര്‍ബര്‍, പൊന്നാനി അഴിമുഖം, പടിഞ്ഞാറെക്കര പാര്‍ക്ക്, പടിഞ്ഞാറെക്കര ബീച്ച് എന്നിവയെ കോര്‍ത്തിണക്കി പൊന്നാനി ടൂറിസം ട്രയാങ്കിള്‍ എന്ന പദ്ധതിയുടെ പൂര്‍ത്തീകരണവും ഇതിലൂടെ സാധ്യമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.