അബഹ: ലോകം മുഴുവൻ ഒരിക്കൽ വ്യാപിച്ചിരുന്ന ഓട്ടോമൻ (തുർക്കിഷ്) സാമ്രാജ്യത്തിന് സൗദി അറേബ്യയിലും ഒരു ശേഷിപ്പുണ്ട്. വിസ്മയപരവും ദുരൂഹതയും നിറഞ്ഞൊരു ഭൂതകാലത്തിന്റെ ഓർമയിൽ അബഹയിലൊരു കുന്നിന്റെ നെറുകയിൽ കോട്ടയായി അത് നിലകൊള്ളുന്നു.
തെക്കുപടിഞ്ഞാറൻ ദിക്കിൽ അസീർ പ്രവിശ്യയിൽനിന്ന് മഹായിലേക്കുള്ള വഴിയിലൂടെ ചെന്നെത്താവുന്ന ‘ഓട്ടോമൻ തുർക്കി കോട്ട’ സഞ്ചാരികളെയും ചരിത്ര കുതുകികളെയും വാസ്തുവിദ്യാ തൽരരേയും ഒരുപോലെ ആകർഷിക്കുന്നതാണ്.
അസീർ പ്രവിശ്യയുടെ സമ്പന്നമായ ചരിത്രത്തിന്റെയും വാസ്തുവിദ്യാ വൈദഗ്ധ്യത്തിന്റെയും നയതന്ത്രജ്ഞതയുടെയും തെളിവായി കോട്ട തലയുയർത്തി നിൽക്കുന്നു.
19ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിർമിച്ച കോട്ട ഓട്ടോമൻ കാലഘട്ടത്തിലെ പ്രദേശത്തിന്റെ തന്ത്രപരമായ പ്രാധാന്യത്തെയും സാംസ്കാരത്തെയും പ്രതിഫലിപ്പിക്കുന്ന ഭൂതകാലത്തിലേക്ക് ആകർഷകമായ ഉൾക്കാഴ്ച നൽകുന്നു. ലോകത്ത് സുപ്രധാനമായ രാഷ്ട്രീയ മാറ്റങ്ങളുടെ സമയത്ത് 1912ലാണ് ട്ടോമൻ തുർക്കികൾ അസീറിന്റെ മലമുകളിൽ ഈ കോട്ട നിർമിച്ചത്.
അസീറിെലയും പരിസരങ്ങളിലെയും ദുർഘടമായ ഭൂപ്രദേശത്തിന്റെ നിയന്ത്രണം നിലനിർത്താനും ഈ പ്രദേശത്ത് കൂടി കടന്നുപോകുന്ന വാണിജ്യപാതകൾ സംരക്ഷിക്കാനും രൂപകൽപന ചെയ്ത ഒരു സൈനിക ഭരണ സിരാകേന്ദ്രമായിരുന്നു ഇത്. കോട്ടയുടെ തന്ത്രപ്രധാനമായ സ്ഥാനം ശത്രുക്കളുടെ ചലനങ്ങളെ ഫലപ്രദമായി നിരീക്ഷിക്കാനും ഭീഷണികൾക്കെതിരെ പ്രതിരോധം സൃഷ്ടിക്കാനുംകഴിയും വിധമുള്ളതായിരുന്നു.
അസീർ മേഖലയുടെ ഭാഗധേയം രൂപപ്പെടുത്തിയ പ്രാദേശിക ഏറ്റുമുട്ടലുകൾ മുതൽ വലിയ അധികാര പോരാട്ടങ്ങൾ വരെ നിരവധി ചരിത്രസംഭവങ്ങൾക്ക് കോട്ട സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതിെൻറ ചുവരുകളിൽ രക്തരൂഷിത യുദ്ധങ്ങളുടെയും അതിജീവനങ്ങളുടെയും സാമ്രാജ്യത്ത ചരിത്രങ്ങളുടെ ഗതിവിഗതികളുടെയും കഥകൾ പ്രതിധ്വനിക്കുന്നുണ്ട്.
കോട്ടയുടെ രൂപകൽപനയിലും നിർമാണത്തിലും ഒട്ടോമൻ വംശജരുടെ വാസ്തുവിദ്യ വൈദഗ്ധ്യം പ്രതിഫലിക്കുന്നുണ്ട്. കരിങ്കൽ ഭിത്തികളും ഇടുങ്ങിയ ജനാലകളും പ്രതിരോധത്തിന്റെ സൈനിക തന്ത്രം വെളിപ്പെടുത്തുന്നതാണ്. തദ്ദേശീയമായി ശേഖരിച്ച കല്ലുകളും മൺകട്ടകളും കൊണ്ടാണ് നിർമാണം. ഇത് കോട്ടയുടെ ഈട് ഉറപ്പു വരുത്തുക മാത്രമല്ല ചുറ്റുമുള്ള ഭൂപ്രകൃതിയുമായി യോജിപ്പിക്കുകയും ചെയ്യുന്നതിനായിരുന്നു.
കോട്ടയുടെ ഹൃദയമായി വർത്തിക്കുന്നത് അതിെൻറ മധ്യ മുറ്റമാണ്. അതിന് ചുറ്റും ബാരക്കുകൾ, സംഭരണമുറികൾ, ഭരണപരമായ കാര്യാലയങ്ങൾ എന്നിവയും കോട്ടയിലുണ്ട്. അവ ഓരോന്നും കോട്ടയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ പ്രത്യേക ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നവയായിരുന്നു.
കോട്ടയുടെ ഒരു ഭാഗം അഗാധമായ ഗർത്തമാണെങ്കിൽ മറ്റ് മൂന്നുവശവും കുന്നുകളാൽ ചുറ്റപ്പെട്ടവയാണ്. ഓരോ കുന്നിലും ഇപ്പോഴും ഉയരത്തിൽ നിൽക്കുന്ന വാച്ച് ടവറുകൾ കാണാൻ കഴിയും. ഇത് നിരീക്ഷണത്തിലും പ്രതിരോധത്തിലും അവർ പുലർത്തിയ ജാഗ്രതയുടെ തെളിവുകളാണ്.
കോട്ടക്ക് സമീപത്തായി ആയിരക്കണക്കിന് മൃതദേഹങ്ങൾ അടക്കം ചെയ്ത ഖബറുകൾ കാണാം. യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ഖബറുകൾ ആണെന്നാണ് കരുതുന്നത്.
സൗദി അറേബ്യയുടെ ചരിത്രം തേടുന്നവർക്ക് തുർക്കി കോട്ട മികച്ച ഒരു ലക്ഷ്യസ്ഥാനമാണ്. അവ ശ്രദ്ധേയമായ ഒരു കാലഘട്ടത്തിന്റെ കഥകളും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നു. സൗദി അറേബ്യയുടെ സാംസ്കാരിക പൈതൃകത്തിൽ മുഴുകാൻ ആഗ്രഹിക്കുന്ന ചരിത്രകാരന്മാരെയും വാസ്തുശിൽപികളെയും വിനോദസഞ്ചാരികളെയും കോട്ട ആകർഷിക്കുന്നു.
കോട്ടയിലേക്ക് എത്താൻ അബഹയിൽ നിന്നും റോഡുണ്ട്. കോട്ട ഇപ്പോൾ ബാരിക്കേഡ് തീർത്ത് മറച്ചിരിക്കുന്നതിനാൽ ഉള്ളിൽ പ്രവേശിക്കാൻ കഴിയില്ല.
ഇതിനോട് ചേർന്നാണ് മിഡിൽ ഈസ്റ്റിലെ ഏറ്റവും ഉയരമുള്ള ഗിരിശൃംഖമുള്ള അൽ സൗദ പർവത മേഖല സ്ഥിതി ചെയ്യുന്നത്. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും തണുത്ത കാലാവസ്ഥക്കും ഈ പ്രദേശം പേരുകേട്ടതാണ്. അറേബ്യൻ ഉപദ്വീപിലെ വരണ്ട വിസ്തൃതിയിൽ നിന്ന് ഉന്മേഷദായകമായ രക്ഷപ്പെടൽ പ്രദാനം ചെയ്യുന്ന, പച്ചപ്പുള്ള കുന്നുകളും പ്രകൃതിരമണീയമായ കാഴ്ചകളും ഇവിടം പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരു ജനപ്രിയസ്ഥലമാക്കി മാറ്റുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.