വേമ്പനാട്ടുകായലിന് വരദാനമായി കിട്ടിയ പച്ചത്തുരുത്താണ് പാതിരാമണൽ. നാലുചുറ്റം വിശാലമായ കായൽ സൗന്ദര്യത്തിനൊപ്പം ജൈവവൈവിധ്യത്തിെൻറ കലവറകൂടിയാണ്. മുഹമ്മ പഞ്ചായത്തിലെ 10ാം വാർഡിലെ ദ്വീപിലേക്ക് നൂറുകണക്കിന് സഞ്ചാരികളാണ് ദിവസവും എത്തുന്നത്. ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ കായിപ്പുറത്തുനിന്ന് ബോട്ടിൽ യാത്ര ചെയ്താൽ പാതിരാമണലിലെത്താം.
65 ഏക്കറോളം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ സമ്പത്ത് അത്യപൂർവമാണ്. അപൂർവയിനം പക്ഷികളുടെ ആവാസകേന്ദ്രവും ഔഷധസസ്യങ്ങളടക്കം നിരവധി ചെടികളുടെയും ആവാസ സ്ഥലമാണിവിടം. ജൈവ വൈവിധ്യങ്ങളുടെ അക്ഷയഖനിയായ ഇവിടെ 160 ഇനം വൃക്ഷങ്ങളുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള കൽപടവുകളോടെയുള്ള അതിവിശാലമായ കുളം, ചെറുതോടുകൾ, നീർച്ചാലുകൾ തുടങ്ങിയവയാൽ സമ്പന്നമായ ദ്വീപ് ദേശാടനപ്പക്ഷികളുടെ ഇഷ്ടവാസസ്ഥലവുമാണ്. ഇടതൂര്‍ന്ന മരങ്ങളും അതില്‍ പിണഞ്ഞ വള്ളികളും പിന്നിട്ട് കരിങ്കല്‍ പാകിയ നീണ്ട വഴിയിലൂടെയുള്ള കാഴ്ചകളും കാത്തിരിപ്പുണ്ട്. കടവില്‍നിന്ന് ദ്വീപിന് ഉള്ളിലേക്ക് കയറുന്തോറും കാടിന് ഗാംഭീര്യം കൂടിയെന്ന് തോന്നും. മണ്ണിനു പുറത്തേക്ക് വളരുന്ന വേരുകളും കട്ടിയായി വളരുന്ന ചെടികളും. കണ്മുന്നില് മനസ്സിനെ തണുപ്പിക്കാൻ വിവിധയിനം കണ്ടൽചെടികളുമുണ്ട്.
നിലച്ചുപോയ സ്വപ്നപദ്ധതി
ശിൽപി കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത പദ്ധതിയോടെയാണ് സ്വപ്നപദ്ധതികൾ ആരംഭിച്ചത്. എന്നാൽ, കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല. 1990ൽ പതിരാമണലിെൻറ വികസനത്തിന് ഒരു പദ്ധതി തയാറായി. ഫെബ്രുവരി 18ന് അന്നത്തെ ഉപരാഷ്ട്രപതി ശങ്കർദയാൽ ശർമ ശിലാസ്ഥാപനം നടത്തിയെങ്കിലും പദ്ധതി മുന്നോട്ടുപോയില്ല. പിന്നീട് ഇക്കോ ടൂറിസം പദ്ധതിെയക്കുറിച്ച് മുഹമ്മ പഞ്ചായത്ത് അധികൃതർ ആലോചിക്കുകയും 2007 ജൂണിൽ വിശാലമായ ചർച്ചയും നടന്നു. ഒടുവിൽ 2008 നവംബർ 10ന് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ബയോപാർക്ക് വികസനത്തിന് തറക്കല്ലിട്ടു. അതും ഫലവത്താക്കായില്ല.
പാതിരാമണൽ ബയോപാർക്ക് വികസനമാണ് പ്രതീക്ഷയേകുന്ന പദ്ധതി. ചിത്രശലഭ പാർക്ക്, മത്സ്യപ്രജനന കേന്ദ്രം, അക്വേറിയം, നാച്വറൽ ഹിസ്റ്ററി മ്യൂസിയം, ദ്വീപിലെ കുളങ്ങളുടെ നവീകരണം, പക്ഷിനിരീക്ഷണ കേന്ദ്രം, ചെറിയ തോടുകളിലൂടെ ഫെഡൽ ബോട്ടിൽ യാത്ര, പൂന്തോട്ടങ്ങൾ, കണ്ടൽ ചെടികളുടെ സംരക്ഷിത വലയം, ടൂറിസ്റ്റ് ഇൻഫർമേഷൻ സെൻറർ തുടങ്ങിയവയാണ് വികസനസ്വപ്നങ്ങൾ. ലോക വിനോദസഞ്ചാര ഭൂപടത്തിൽ തന്നെ സ്ഥാനം ലഭിച്ച പാതിരാമണലിൽ ജൈവവിധ്യം നിലനിർത്തി വികസനം പൂവണിയുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.
ഓർമയിൽ പഴയ തെങ്ങിൻ 'തോപ്പ്'
രാജഭരണകാലത്ത് ചേർത്തലയിലെ ജന്മിയായിരുന്ന ജോസഫ് അന്ത്രപ്പേർ പാട്ടത്തിന് വാങ്ങി തെങ്ങുകൾ ഉൾപ്പെടെ ഫലവൃക്ഷങ്ങൾ പാതിരാമണലിൽ നട്ടതോടെയാണ് ചരിത്രം ആരംഭിക്കുന്നത്. ഇതിനൊപ്പം കൃഷിയുണ്ടായിരുന്നു.
'തോപ്പ്' എന്ന പേരിലാണ് ഈ പ്രദേശം ആദ്യം അറിയപ്പെട്ടിരുന്നത്. 13ലധികം കുടുംബങ്ങൾ 1900വരെ ദ്വീപിൽ താമസിച്ചിരുന്നതായും പഴമക്കാർ പറയുന്നു. പിന്നീട് ഭൂപരിഷ്കരണം നടപ്പായപ്പോൾ സർക്കാർ ഇതിനെ മിച്ചഭൂമിയായി പ്രഖ്യാപിച്ചു. ഇടക്ക് ഒരു സ്വകാര്യകമ്പനി ദ്വീപ് ഏറ്റെടുക്കാൻ മുന്നോട്ട് വന്നപ്പോൾ മുഹമ്മ പഞ്ചായത്ത് ശക്തമായ സ്വാധീനം ചെലുത്തിയാണ് ഉടമസ്ഥാവകാശം തിരിച്ചുപിടിച്ചത്. ഇതിന് പഞ്ചായത്തിന് കോടതിയെപ്പോലും സമീപിക്കേണ്ടി വന്നു.
എങ്ങനെ എത്താം
സംസ്ഥാന ജലഗതാഗത വകുപ്പിെൻറ കീഴിൽ മുഹമ്മജെട്ടിയിൽനിന്നും കുമരകം ജെട്ടിയിൽനിന്നും ബോട്ട് സർവിസുണ്ട്. മുഹമ്മ ജെട്ടിയിൽനിന്ന് രാവിലെ 10.30, 11.30, 11.45 സമയത്ത് പാതിരാമണലിലേക്ക് പ്രത്യേക സർവിസ് നടത്തുന്നുണ്ട്. മിനിമം അഞ്ചു പേരുണ്ടെങ്കിൽ പാതിരാമണലിൽ പോകാം.
തിരികെ ഉച്ചക്ക് 12.15നും 2.15നും മുഹമ്മയിലേക്ക് സർവിസുണ്ട്. കുമരകത്തുനിന്ന് രാവിലെ 11.45നാണ് സർവിസ്. 40 രൂപയാണ് നിരക്ക്. വിനോദസഞ്ചാരികളെ ആകർഷിക്കാൻ ആലപ്പുഴയിൽനിന്നും കോട്ടയത്തുനിന്നും സർവിസ് നടത്തുന്ന വേഗ-രണ്ട് എ.സി ബോട്ടിലും പാതിരാമണൽ ഉൾപെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.