പെ​രു​മ്പാ​റ​യിലെത്തിയ സഞ്ചാരികൾ

കാഴ്ചയുടെ പെരുമ്പറ മുഴക്കി പെരുമ്പാറ

ചാലക്കുടി: കോടശേരി പഞ്ചായത്തിലുൾപ്പെട്ട രണ്ടുകൈ മേഖലയിലെ വാരൻകുഴിക്ക് സമീപമുള്ള പെരുമ്പാറ വിനോദ സഞ്ചാര കേന്ദ്രമാക്കണമെന്നാവശ്യം. വാരൻകുഴിയിൽനിന്ന് ഏകദേശം ഒരു കിലോമീറ്റർ വനാതിർത്തിയിലൂടെ പോയാൽ പ്രകൃതി സൗന്ദര്യത്താൽ അനുഗൃഹീതമായ പെരുമ്പാറയിലെത്താം. കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന ഭീമൻ പാറയാണ് ഇവിടത്തെ പ്രധാന ആകർഷണം. ഒന്നര ഏക്കർ വിസ്തൃതിയിൽ 100 അടിയോളം ഉയരമുള്ളതാണ് പെരുമ്പാറ. ഇവിടെയുള്ള വിശാലമായ പുൽത്തകിടി സഞ്ചാരികളുടെ മനം കവരുന്നു. ചുറ്റും നിബിഡ വനമേഖലയുടെ ഹരിതകാന്തിയാണ്. ഇതിന്‍റെ ലാവണ്യം ചില സിനിമക്കാർ അഭ്രപാളികളിൽ പകർത്തിയിരുന്നു.

വനംവകുപ്പിന്‍റെ സ്കെച്ചിൽ ഈ സ്ഥലം പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെ ധാരാളം സന്ദര്‍ശകർ ഇവിടെ എത്താറുണ്ട്. എന്നാൽ, റോഡ് മോശമാണ്. അതിരപ്പിള്ളി മലയോര ഹൈവേയോട് ചേർന്നുകിടക്കുന്ന സ്ഥലമാണ് പെരുമ്പാറ എന്നത് വിനോദ സഞ്ചാര സാധ്യത വർധിപ്പിക്കുന്നു. ഇവിടേക്കുള്ള റോഡ് നന്നാക്കി ടൂറിസ്റ്റ് കേന്ദ്രമാക്കി പ്രഖ്യാപിച്ചാൽ വനംവകുപ്പിന് നല്ല വരുമാനം ലഭിക്കും.

കോടശേരി പഞ്ചായത്തിൽ ഒരു വിനോദസഞ്ചാര കേന്ദ്രം ഉണ്ടാകുമെന്നതിനാൽ പഞ്ചായത്ത് പഠനം നടത്തി സമഗ്ര റിപ്പോർട്ട് സംസ്ഥാന സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. പെരുമ്പാറ ടൂറിസ്റ്റ് കേന്ദ്രമാക്കണമെന്നാവശ്യപ്പെട്ട് കോടശേരി പഞ്ചായത്ത് പ്രസിഡന്‍റ് റിജു മാവേലി, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.വി. ആന്‍റണി, കെ.എം. ജോസ്, ടി.എൽ. ദേവസി എന്നിവർ മന്ത്രി കെ. രാജനും സനീഷ് കുമാർ ജോസഫ് എം.എൽ.എക്കും നിവേദനം നൽകി.

Tags:    
News Summary - perumbara view in chalakkudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.