അഗളി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽനിന്നും അട്ടപ്പാടിയിലേക്ക് നൂറുകണക്കിനാളുകൾ വിനോദ സഞ്ചാരത്തിനായി എത്തുമ്പോഴും മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനോ സഹായങ്ങൾ എത്തിക്കാനോ അട്ടപ്പാടിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് യാതൊരു നീക്കവും ഉണ്ടാകുന്നില്ല.
സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത് ഇവിടുത്തെ പുഴകളാണ്. കടവുകളിൽ മുന്നറിയിപ്പു ബോർഡുകളോ നിരീക്ഷിക്കാൻ മറ്റ് സംവിധാനങ്ങളോ ഇല്ല. ഇതു മൂലം പുഴയിൽ കുളിക്കാനിറങ്ങി മുങ്ങി മരിക്കുന്ന സഞ്ചാരികളുടെ എണ്ണം ഏറിവരികയാണ്. പഞ്ചായത്തുകളുടെ അനാസ്ഥയുടെ അവസാനത്തെ ഇരയാണ് ഞായറാഴ്ച പുതൂർ പലകയൂരിൽ മുങ്ങി മരിച്ച കാർത്തിക്.
മാലിന്യ നിക്ഷേപത്തിന് സംവിധാനങ്ങൾ ഒരുക്കാത്തതിനാൽ പുഴയോരങ്ങളിൽ പ്ലാസ്റ്റിക് അടക്കം മാലിന്യ കൂമ്പാരം അനുദിനം വർധിക്കുകയാണ്. യാത്രക്കാർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ യാതൊരു സംവിധാനവും അട്ടപ്പാടിയിലില്ല. അതിനാൽ പുഴകൾ ഏറെ മലിനമാകുന്ന അവസ്ഥയുണ്ട്. ഭൂരിഭാഗം പ്രദേശവാസികളും കുടിവെള്ളത്തിനുപയോഗിക്കുന്നത് പുഴവെള്ളമാണ്.പുതൂർ പരപ്പന്തറയിൽ പുഴയിൽ മാലിന്യം തള്ളിയ സഞ്ചാരികളെ കഴിഞ്ഞ ദിവസം പ്രദേശവാസികൾ തടഞ്ഞു.
ഒഴിവു ദിനം ചെലവഴിക്കാൻ പുഴക്കരയിലെത്തുന്നവർ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുൾപ്പെടെ പുഴയിൽ ഉപേക്ഷിച്ചു പോകുന്നതായാണ് പരാതി. വേനലായാൽ പരപ്പന്തറയിൽ ഇത് പതിവാണ്. പുഴയിൽനിന്ന് നേരിട്ട് വെള്ളം ഉപയോഗിക്കുന്ന പ്രദേശവാസികൾ പല പ്രാവശ്യം മുന്നറിയിപ്പ് നൽകിയിട്ടും പരാതിപ്പെട്ടിട്ടും മാറ്റമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് പ്രദേശവാസികളായ സ്ത്രീകളുടെ നേതൃത്വത്തിൽ പുഴക്കരയിലെത്തിയ സഞ്ചാരികളെ തടഞ്ഞ് തിരിച്ചയച്ചത്. യാതൊരു നിയന്ത്രണമോ മാർഗനിർദ്ദേശങ്ങളോ ഇല്ലാതെയാണ് അട്ടപ്പാടിയിൽ സഞ്ചാരികളെത്തുന്നത്. ഉത്തരവാദിത്വ ടൂറിസത്തിന് ധാരാളം സാധ്യതകൾ അട്ടപ്പാടിയിലുണ്ടായിട്ടും ആരോഗ്യകരമായ സമീപനം പഞ്ചായത്തുകളുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നതാണ് പ്രശ്നംനം രൂക്ഷമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.