പത്തനംതിട്ട: ജില്ലയുടെ വിനോദസഞ്ചാര മേഖലക്ക് വേഗംകൂട്ടാൻ പോളച്ചിറ അക്വ അഡ്വഞ്ചര്‍ ടൂറിസം പദ്ധതി. ജില്ലയിലെ ഏറ്റവും വലിയ ടൂറിസം പദ്ധതികളിലൊന്നായി ഇത് മാറും. തദ്ദേശസ്ഥാപനവും റവന്യൂ വകുപ്പും തമ്മിലുള്ള ഭൂമിസംബന്ധമായ തര്‍ക്കം പരിഹരിച്ചതോടെ പദ്ധതിക്ക് തടസ്സം നീങ്ങി. പദ്ധതി നടപ്പാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കുകയും ചെയ്തു. ഭൂമിയുടെ ഉടമസ്ഥാവകാശം പഞ്ചായത്തില്‍ നിലനിര്‍ത്തിക്കൊണ്ട് ഉപയോഗാനുമതി ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലിന് ലഭ്യമാക്കാനാണ് തീരുമാനം.
പദ്ധതി നടപ്പാക്കുന്നതിനും വകുപ്പുകളുടെ ഏകോപനത്തിനുമായി കലക്ടറേറ്റില്‍ അവലോകന യോഗം ചേർന്നു. യോഗത്തില്‍ മന്ത്രി വീണാ ജോർജ് ഓണ്‍ലൈനായി അധ്യക്ഷതവഹിച്ചു. ആറന്മുള നിയോജകമണ്ഡലത്തില്‍പ്പെട്ട കുളനട ഗ്രാമപഞ്ചായത്തിലെ നിര്‍ദിഷ്്ട പോളച്ചിറ അക്വ അഡ്വഞ്ചര്‍ ടൂറിസം പദ്ധതി പ്രദേശത്തിന് വികസനനേട്ടം കൈവരിക്കാന്‍ സഹായിക്കുന്നതാണെന്നും കാലതാമസം കൂടാതെ നടപ്പാക്കാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടതെന്നും മന്ത്രി പറഞ്ഞു.
പദ്ധതി യാഥാർഥ്യമാകുന്നതോടെ ധാരാളം തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ കഴിയും. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പദ്ധതിയുടെ നിര്‍മാണം 2022 ജനുവരിയോടെ ആരംഭിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്കി. സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രിയുടെ ശ്രമഫലമായാണ് പദ്ധതിയുടെ തടസ്സം നീങ്ങി വഴിയൊരുങ്ങിയത്. പദ്ധതി നടപ്പാക്കുന്നതിന് പൂര്‍ണ പിന്തുണ യോഗത്തില്‍ പങ്കെടുത്ത ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ അറിയിച്ചു. ഇതുസംബന്ധിച്ച് വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
പോളച്ചിറ അക്വ അഡ്വഞ്ചര്‍ ടൂറിസം പദ്ധതിക്ക് 2017ല്‍ ഭരണാനുമതി ലഭിക്കുകയും ആദ്യ ഗഡു അനുവദിക്കുകയും ചെയ്തിരുന്നു. ഡി.ടി.പി.സി ചെയര്പേഴ്സൻ കൂടിയായ കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍, കുളനട പഞ്ചായത്ത് പ്രസിഡൻറ് ചിത്തിര സി.ചന്ദ്രന്, വൈസ് പ്രസിഡൻറ് പി.ആര്. മോഹന്‍ദാസ്, പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പോള്‍ രാജന്, ജോണ്സന് ഉള്ളന്നൂര്‍, കുളനട ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാറാമ്മ കുഞ്ഞുകുത്ത്, മിനി സാം, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഐ. സുബൈര്‍കുട്ടി, തഹസില്‍ദാര്‍ വി.എസ്. വിജയകുമാര്‍, കുളനട പഞ്ചായത്ത് സെക്രട്ടറി ലത തുടങ്ങിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.