ആലപ്പുഴ: കുട്ടനാടിന്‍റെ സൗന്ദര്യം ആസ്വദിക്കാൻ അവസരമൊരുക്കി അത്യാധുനിക സീ കുട്ടനാട് ബോട്ട് സർവിസ് ശനിയാഴ്ച മുതൽ ആലപ്പുഴയിൽനിന്ന് സർവിസ് തുടങ്ങും.ആലപ്പുഴ ബസ്‌സ്‌റ്റാൻഡിന് സമീപത്തെ മാതാ ജെട്ടിയിൽനിന്ന് രാവിലെ 10നും വൈകീട്ട് മൂന്നിനും രണ്ട് ട്രിപ്പാണുള്ളത്. ഇതിലൂടെ മൂന്നുമണിക്കൂർ കായൽ ചുറ്റിക്കാണാനുള്ള അവസരമാണ് ഒരുക്കുന്നത്. അതിവേഗ എ.സി ബോട്ടായ വേഗ-രണ്ട് മാതൃകയിൽ കുറഞ്ഞ ചെലവിൽ സഞ്ചാരികൾക്ക് കായൽക്കാഴ്‌ചകൾ കാണാമെന്നതാണ് പ്രത്യേകത.
പുന്നമട ഫിനിഷിങ് പോയന്‍റ്, സ്‌റ്റാർട്ടിങ് പോയന്‍റ്, സായികേന്ദ്രം വഴി മാർത്താണ്ഡം കായലിലെത്തും. അവിടെനിന്ന് കമലന്റെ മൂല, രംഗനാഥ്, സി. ബ്ലോക്ക്, വട്ടക്കായൽ വഴി ചെറുകായലിലൂടെയാണ് യാത്ര. തുടർന്ന് കൈനകരിയിലെ ചാവറയച്ചന്റെ ജന്മഗൃഹത്തിൽ എത്തി 20 മിനിറ്റ് തങ്ങും. തിരിച്ച് മംഗലശ്ശേരി, കുപ്പപ്പുറം, പുഞ്ചിരി, ലേക്ക് പാലസ് റിസോർട്ട് വഴി ആലപ്പുഴയിലെത്തും.
ഇരുനില മാതൃകയിലുള്ള ബോട്ടിന്‍റെ മുകളിലത്തെ 30 സീറ്റുകളും താഴത്തെ നിലയിൽ 60 സീറ്റുകളുമാണുള്ളത്. ഐ.ആർ.എസിന്‍റെ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് സ്റ്റീൽനിർമിത ബോട്ടിൽ ഭക്ഷണത്തിനായി കഫ്റ്റീരിയയുമുണ്ട്. കുടുംബശ്രീയുടെ ലഘുഭക്ഷണവും ഉണ്ടാകും.മുകളിലത്തെ നിലക്ക് 300 രൂപയും താഴെ 250 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.