ആലപ്പുഴ: കുട്ടനാടൻ കാഴ്ചയിലേക്ക് മിഴിതുറക്കുന്ന 'സീ കുട്ടനാട് ബോട്ട് സർവിസിന് തുടക്കമായി. ആദ്യദിനത്തിൽ രാവിലെയും വൈകീട്ടും നടത്തിയ രണ്ടുട്രിപ്പും നിറയെ സഞ്ചാരികളുണ്ടായിരുന്നു. ശനിയാഴ്ച രാവിലെ ആലപ്പുഴ മാതാ ജെട്ടിയിൽനിന്ന് ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ആദ്യ ട്രിപ് ഓടിയത്.
ഉച്ചഭക്ഷണം കുടുംബശ്രീയുടെ കപ്പയും മീൻകറിയുമായിരുന്നു. വൈകീട്ടത്തെ ട്രിപ്പിൽ യാത്രചെയ്തവർക്ക് ലഘുഭക്ഷണവും നൽകിയിരുന്നു. കൈനകരിയിലെ ചാവറയച്ചന്റെ ജന്മഗൃഹത്തിൽ 20 മിനിറ്റിലേറെ സമയം ചെലവഴിച്ചായിരുന്നു മടക്കം.കാഴ്ചകൾ കാണാൻ കുറച്ചുകൂടി സമയം വേണമെന്നായിരുന്നു യാത്രക്കാരുടെ കമന്റ്.
വരുംദിവസങ്ങളിൽ നൂറുരൂപക്ക് കുടുംബശ്രീയുടെ ഉച്ചഭക്ഷണവും ബോട്ടിലുണ്ടാവും. ദിവസവും രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെയും വൈകീട്ട് മൂന്നുമുതൽ ആറ്വരെയുമാണ് സർവിസ്. മുകൾനിലക്ക് 300 രൂപയും താഴത്തെനിലയിൽ 250 രൂപയുമാണ് നിരക്ക്. വരുംദിവസങ്ങളിലും ബുക്കിങ് കൂടിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
പുന്നമട ഫിനിഷിങ് പോയന്റ്, സ്റ്റാർട്ടിങ് പോയന്റ്, സായികേന്ദ്രം, മാർത്താണ്ഡം കായൽ, കമലന്റെ മൂല, രംഗനാഥ്, സി. ബ്ലോക്ക്, വട്ടക്കായൽ, ചെറുകായൽ, കൈനകരയിലെ ചാവറയച്ചന്റെ ജന്മഗൃഹം എന്നിവിടങ്ങളിലേക്കാണ് ഒരുവശത്തേക്കുള്ള യാത്ര. പിന്നീട് മംഗലശ്ശേരി, കുപ്പപ്പുറം, പുഞ്ചിരി, ലേക്ക് പാലസ് റിസോർട്ട് വഴി മൂന്നുമണിക്കൂർ കായൽ ചുറ്റി ആലപ്പുഴയിലെത്തുന്ന വിധമാണ് യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.