തൊടുപുഴ: ടൂറിസം രംഗത്ത് ഒട്ടേറെ സാധ്യതകൾ തുറന്നിടുകയാണ് മുണ്ടന്‍മല. കണ്ണെത്താ ദൂരത്തോളം കോടമഞ്ഞിന്റെ ഭംഗിയാണ് മുണ്ടന്മലയിലെ ആകർഷണീയത. മഞ്ഞ് മാറി പ്രകൃതി തെളിയുമ്പോഴും അതിമനോഹര ദൃശ്യവിരുന്നാകുന്നു. തൊടുപുഴ-വഴിത്തല റൂട്ടില്‍ വാഴപ്പള്ളിയില്നിന്ന് 1.7 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മുണ്ടന്മലയിലെത്താം.
തൊടുപുഴയില്‍നിന്ന് ഏഴു കിലോമീറ്റര്‍. വണ്ണപ്പുറം പഞ്ചായത്തിലെ കോട്ടപ്പാറക്ക് സമാനമായ കാഴ്ചകളാണ് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്. മൂവാറ്റുപുഴ മണിയന്ത്രം മല വരെ നീണ്ടുകിടക്കുന്ന മഞ്ഞിൻ പരവതാനി കാഴ്ചക്കാരുടെ മനം കുളിർപ്പിക്കും. ഇവിടേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ മണക്കാട് പഞ്ചായത്ത് പദ്ധതി ആവിഷ്കരിച്ചു വരുകയാണ്.
നിലവിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് തയാറാക്കിയ പവിലിയന് മാത്രമാണ് അടിസ്ഥാന സൗകര്യം. പവിലിയനില്‍ ദൂരദര്‍ശിനിയും ഇരിപ്പിടവും സ്ഥാപിച്ചിട്ടുണ്ട്. 14 ലക്ഷം രൂപയുടെ പദ്ധതിയാണ് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയത്. താഴ്വാരത്തുനിന്ന് മലമുകളില്‍ എത്താന്‍ ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ടാറിങ്ങ് റോഡുമുണ്ട്. കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയാല്‍ സന്ദര്‍ശകരുടെ എണ്ണം കൂടുമെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനായി പുതിയ പദ്ധതി തയാറാക്കി പഞ്ചായത്ത് അധികൃതര്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.