മസ്കത്ത്: ഈ വർഷത്തെ അറബ് ടൂറിസം തലസ്ഥാനമായി സൂർ തിരഞ്ഞെടുത്തതോടെ സൂറിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം ഗണ്യമായി വർധിച്ചതായി ടൂറിസം മന്ത്രാലയം അധികൃതർ. സൂറിലെ ചരിത്ര പ്രധാനമായ നഗരങ്ങളും മറ്റും കാണാൻ മുൻ വർഷത്തെക്കാൾ 50 ശതാമാനം സന്ദർശകർ കൂടുതൽ എത്തിയതായാണ് റിപ്പോർട്ടുകൾ.
വരും മാസങ്ങളിൽ സന്ദർശകരുടെ എണ്ണം ഇനിയും ഗണ്യമായി വർധിക്കാനുള്ള സാധ്യതയെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. അറബ് ടൂറിസം തലസ്ഥാനമായി സൂർ തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഭാഗമായി നിരവധി ടൂറിസം പാക്കേജുകളും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ദുബൈയിൽ നടന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിനോട് അനുബന്ധിച്ചു കൂടിയായിരുന്നു പക്കേജുകൾ പ്രഖ്യാപിച്ചിരുന്നത്.
ഇതിൽ പങ്കെടുക്കാനെത്തിയവരെ സൂറിലേക്ക് ആകർഷിക്കുകയെന്നതും പാക്കേജിന്റെ ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായി ട്രാവൽ ഓപറേറ്ററുമായും മന്ത്രാലയം സഹകരിക്കുന്നുണ്ട്. സൂറിന്റെ പ്രത്യേക പ്രകൃതി ഘടനയും കടലും കടൽ തീരങ്ങളും മറ്റു വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളും കൂടുതൽ വിനോദ സഞ്ചാരികൾ സൂറിലെത്താൻ കാരണമാവും.
സൂർ സന്ദർശിക്കുന്നവർക്കുള്ള പാക്കേജുകൾ അറിയാനും ബുക്ക് ചെയ്യാനും ഹെറിട്ടേജ് ടൂറിസം മന്ത്രാലയം പ്രത്യേക വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട്. വെബ്സൈറ്റ് സന്ദർശിക്കുന്നവർക്ക് ഏറെ എളുപ്പത്തിൽ ഉപയോപ്പെടുത്താൻ കഴിയുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്.
താമസ സൗകര്യങ്ങൾ, ടൂർ എന്നിവ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാൻ കഴിയും. ഒമാൻ വിമാനത്താവളങ്ങൾ ഉപയോഗപ്പെടുത്തുന്ന വിഷയത്തിൽ ഒമാൻ വിമാനത്താവളങ്ങളും എമിറേറ്റ് എയർലൈൻസും തമ്മിൽ ധാരണാ പത്രവും ഒപ്പുവെച്ചിട്ടുണ്ട്. ഇത് ആഗോള അടിസ്ഥാനത്തിൽ ടൂറിസം പ്രോത്സാഹിപ്പിക്കാൻ കാരമാവും.
എമിറേറ്റ് എയർലൈൻസുമായുള്ള ധാരണാപത്രത്തിൽ വിമാന ടിക്കറ്റുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ സന്ദർശനം, ഹോട്ടലുകളിലെ താമസം തുടങ്ങിയ നിരവധി സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ യാത്രക്കാരെയും ട്രാവൽ ഏജൻസികളെയും ആകർഷിക്കാൻ ഈ കരാർ സഹായകമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.