ആലപ്പുഴ: സഞ്ചാരികൾക്ക് ശുചിമുറിയും കോഫിഷോപ്പും തുടങ്ങിയ സൗകര്യങ്ങൾ ലക്ഷ്യമിട്ടതിൽ മൂന്നിലൊന്ന് മാത്രം ലക്ഷ്യം നേടി കിതക്കുകയാണ് ടൂറിസം വകുപ്പിന്‍റെ ടേക് എ ബ്രേക് പദ്ധതി. പണി തുടങ്ങാത്തവ, പാതിയായ കെട്ടിടം, പണിതീർന്നിട്ടും വൈദ്യുതി കിട്ടാത്തവ, ഉദ്ഘാടനം കഴിഞ്ഞിട്ടും തുറക്കാത്തവ എന്നിങ്ങനെ ടേക് എ ബ്രേക് അഥവാ 'വഴിയിടം' പദ്ധതി പാതിവഴിയിൽ കിടക്കുകയാണ്. സഞ്ചാരികൾക്കു സൗകര്യം ഒരുക്കാനുള്ള ടൂറിസം വകുപ്പിന്റെ പദ്ധതിക്ക് പല വഴിക്കാണ് തടസ്സം. ശുചിമുറി, കോഫി ഷോപ് തുടങ്ങിയ സൗകര്യങ്ങളാണ് ടേക് എ ബ്രേക് (വഴിയിടം) പദ്ധതിയിൽ പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്. ജില്ലയിൽ 113 എണ്ണമാണ് അനുമതി നൽകിയത്. 28 തദ്ദേശ സ്ഥാപനങ്ങളിലായി 39 എണ്ണം മാത്രമേ പൂർത്തിയായുള്ളൂ. 17 എണ്ണത്തിന്റെ പണി നടക്കുന്നുണ്ട്.
അമ്പലപ്പുഴ തെക്ക്, തകഴി പഞ്ചായത്തുകളിൽ കെട്ടിടം തയാർ. മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനവും നടത്തി. പക്ഷേ, നടത്തിപ്പ് ചുമതല ആർക്കെന്ന് തീരുമാനമാകാത്തതിനാൽ പ്രവർത്തനം തുടങ്ങിയിട്ടില്ല. പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക്, പുറക്കാട് പഞ്ചായത്തുകളിൽ കെട്ടിടം നിർമാണം പോലും ആരംഭിച്ചിട്ടില്ല. അരൂർ പഞ്ചായത്ത് ഓഫിസിനടുത്ത് ആറുമാസം മുമ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഇതുവരെ വൈദ്യുതി ലഭിച്ചിട്ടില്ല. കെട്ടിടം അടച്ചിട്ടിരിക്കുകയാണ്. ഒരാഴ്ചക്കകം തുറക്കുമെന്ന് അധികൃതർ പറയുന്നു. കായംകുളം ടെർമിനൽ ബസ്സ്റ്റാൻഡിൽ ഏറെ സൗകര്യങ്ങളോടെ ഉദ്ഘാടനം ചെയ്ത കേന്ദ്രം ഇതുവരെ തുറന്നിട്ടില്ല. ഭിന്നശേഷിക്കാർക്കായി പ്രത്യേകം നിർമിച്ചതടക്കം അഞ്ച് ശുചിമുറിയുണ്ട്. വനിതകൾക്കായി പ്രത്യേക ഡ്രസിങ് റൂമും ഉണ്ട്. പേട്ട മൈതാനത്തിലുള്ളതിന്റെ പണി തുടങ്ങിയിട്ടില്ല.
ആലപ്പുഴ നഗരത്തിൽ വഴിച്ചേരി സ്വകാര്യ ബസ്സ്റ്റാൻഡിലും വലിയ ചുടുകാട് ശ്മശാനത്തിനു സമീപം പാർക്കിലും പണി പൂർത്തിയായി. നഗരചത്വരത്തിലേത് പൂർത്തിയായിട്ടില്ല. കല്ലുപാലത്തിനു സമീപം കനാലോരത്ത് ഒരെണ്ണം നിർമിക്കാൻ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും തുടങ്ങിയിട്ടില്ല. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂർ ജങ്ഷനിൽ കെട്ടിടം നിർമിച്ചെങ്കിലും തുറന്നിട്ടില്ല. മൂന്ന് മാസം മുമ്പ് ഉദ്ഘാടനം ചെയ്തതാണ്. കഫേ നടത്തിപ്പ് കുടുംബശ്രീയെ ഏൽപിക്കുന്ന നടപടികൾ നീളുന്നതാണ് തടസ്സമെന്ന് അധികൃതർ.
ഹരിപ്പാട് മാധവ ജങ്ഷനിൽ രണ്ടര വർഷം മുമ്പ് നിർമാണം പൂർത്തിയായി. ഇതുവരെ തുറന്നിട്ടില്ല. കരാറുകാരനും നഗരസഭയും തമ്മിലെ കോടതി കേസാണ് ഇവിടെ പ്രശ്നം. തലവടി പഞ്ചായത്തിൽ നിർമാണം തുടങ്ങിയില്ല. നീരേറ്റുപുറത്ത് പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കണ്ടെത്തിയെങ്കിലും അനുവാദം ലഭിച്ചില്ല. മുട്ടാർ പഞ്ചായത്തിൽ സ്ഥലം ലഭിക്കാത്തതിനാൽ ഫണ്ട് വകയിരുത്താൻ കഴിഞ്ഞിട്ടില്ല.
കണ്ടല്ലൂർ പഞ്ചായത്തിൽ കളരിക്കൽ ജങ്ഷന് സമീപം നിർമിച്ച കേന്ദ്രത്തിൽ പണി തീരാനുണ്ട്. ചിങ്ങോലി പഞ്ചായത്തിൽ കാർത്തികപ്പള്ളി ജങ്ഷന് സമീപം നിർമിച്ചതും തുറന്നിട്ടില്ല. പണി മാസങ്ങൾക്കു മുമ്പ് തീർന്നതാണ്.
ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലും മുളക്കുഴ പി.ഐ.പിവക ഭൂമിയിലും പദ്ധതി ആലോചിച്ചെങ്കിലും തീരുമാനമെടുക്കാനായിട്ടില്ല. കെ.എസ്.ആർ.ടി.സി ഡിപ്പോ പൊളിച്ചു പണിയുന്നതിനാൽ ഒഴിവാക്കി. പി.ഐ.പി വക ഭൂമി ഏറ്റെടുക്കുന്നതിൽ ആശയക്കുഴപ്പവുമാണ് പ്രശ്നം. തഴക്കര പഞ്ചായത്തിൽ മാങ്കാംകുഴി മാർക്കറ്റിൽ തുടങ്ങാൻ തീരുമാനിച്ചത് മാർക്കറ്റ് നവീകരണം കാരണം ഉപേക്ഷിച്ചു. പഞ്ചായത്ത് ഓഫിസ് വളപ്പിലേതിന്റെ പണി പൂർത്തിയായി. മാവേലിക്കര സ്വകാര്യ ബസ്സ്റ്റാൻഡിൽ പണി നടക്കുന്നു. തെക്കേക്കര പഞ്ചായത്തിൽ പല്ലാരിമംഗലത്ത് പണി പുരോഗമിക്കുന്നു. ഒരു മാസത്തിനുള്ളിൽ തുറക്കാനാകുമെന്ന് അധികൃതരുടെ പക്ഷം. ചെട്ടികുളങ്ങര പഞ്ചായത്തിൽ പഴയ പഞ്ചായത്ത് ഓഫിസ് വളപ്പിൽ പണി പൂർത്തിയാക്കി. പെരിങ്ങാലയിൽ തുടങ്ങാൻ പദ്ധതിക്ക് അംഗീകാരമായി.
വീയപുരം പഞ്ചായത്തിൽ ഒരെണ്ണത്തിന് കൂടി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കാർത്തികപ്പള്ളി പഞ്ചായത്തിൽ രണ്ട് സ്ഥലം കണ്ടെത്തിയെങ്കിലും പണി തുടങ്ങിയിട്ടില്ല. കരുവാറ്റ, കുമാരപുരം, പള്ളിപ്പാട് പഞ്ചായത്തുകളിൽ സ്ഥലം കിട്ടാത്തതിനാൽ പണി തുടങ്ങിയിട്ടില്ല. എടത്വ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മേയിൽ ഉദ്ഘാടനം ചെയ്ത കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വിശ്രമമുറി, ശുചിമുറി, മുലയൂട്ടൽമുറി എന്നിവയാണ് ഇവിടെയുള്ളത്. ചേർത്തല റെയിൽവേ സ്റ്റേഷന് സമീപത്തെ കേന്ദ്രവും പ്രവർത്തനം തുടങ്ങി. റസ്റ്റാറന്റ്, ശുചിമുറി, വിശ്രമസൗകര്യങ്ങളുണ്ട് ഇവിടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.