പാലക്കാട്: കോവിഡ് ഭീതിക്കും വീട്ടിനുള്ളിലെ ലോക്ഡൗൺ ജീവിതത്തിനും അവസാനമില്ലേ എന്ന് ചോദിച്ച നാളുകളിൽനിന്ന് കാടിെൻറ നിശ്ശബ്ദതയും കോടമഞ്ഞിെൻറ കുളിരും ട്രക്കിങ്ങുമൊക്കെ സാധ്യമായാൽ സന്തോഷിക്കാത്തവരാരുണ്ട്? കോവിഡ് ഭീതിയൊഴിഞ്ഞിട്ടില്ലെങ്കിലും നിലവിൽ പ്രവർത്തിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പുറമെ കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്തി ജില്ലയിലെ ഇക്കോ ടൂറിസത്തിെൻറ വാതിലുകൾ തിങ്കളാഴ്ചയോടെ സഞ്ചാരികൾക്കായി തുറക്കും. ഡാമുകളോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഉദ്യാനങ്ങൾ അടക്കമുള്ളവ വരുന്നയാഴ്ചതന്നെ തുറക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്.
നിശ്ശബ്ദ താഴ്വരയുടെ ഹൃദയതാളം
നിബിഡവും വന്യവുമായ വനത്തിെൻറ ജൈവസമൃദ്ധിയിൽ സന്ദർശകരെ മോഹിപ്പിക്കുന്നതാണ് സൈലൻറ് വാലിയുടെ സൗന്ദര്യം. അഞ്ചുകോടി വര്‍ഷംകൊണ്ട് പരിണമിച്ചുണ്ടായ കാടിെൻറ മടിത്തട്ടിൽ അൽപനേരമിരിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? തദ്ദേശീയമായ കോവിഡ് നിയന്ത്രണങ്ങൾ പരിഗണിച്ചാവും പ്രവേശനം.
നെല്ലിയാമ്പതിയിലെ കുളിരുള്ള മഞ്ഞും പറമ്പിക്കുളത്തിെൻറ ജലസമൃദ്ധിയും ഹരിതക്കാഴ്ചകളുമെല്ലാം വിനോദസഞ്ചാരികൾക്കായി തുറന്നതോടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അധികൃതർ പറയുന്നു. ആദിവാസി മേഖലകൾകൂടിയായതിനാൽ പ്രവേശനം കർശന നിയന്ത്രണങ്ങളോടെയാണ്.
അനങ്ങൻമലയുടെ ലാസ്യവും ചൂലനൂരിലെ മയിലാട്ടവും
സഞ്ചാരികളുടെ മനം കവരാന്‍ ഒരുങ്ങുകയാണ് അനങ്ങന്‍മല ഇക്കോ ടൂറിസം പദ്ധതി. വനം വകുപ്പിെൻറ നേതൃത്വത്തില്‍ 30 ലക്ഷം ചെലവിൽ നവീകരണ പ്രവൃത്തികൾ ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി മുകളിലേക്ക് കയറാന്‍ കൈവരികള്‍, മലയിലെ പാറയില്‍ വീണ് കുട്ടികള്‍ക്ക് അപകടമുണ്ടാകാതിരിക്കാന്‍ മണ്ണും മണലും ചേര്‍ന്നുള്ള മിശ്രിതമിട്ട് നിലമൊരുക്കല്‍, കുട്ടികള്‍ക്ക് ഉല്ലസിക്കാനുള്ള ഊഞ്ഞാലുകളുടെയും മറ്റു വിനോദ ഉപകരണങ്ങളുടെയും നവീകരണം, അനങ്ങന്മലയെയും കൂനന്‍ മലയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നടപ്പാലത്തിെൻറ നവീകരണം, പുതിയ ടിക്കറ്റ് കൗണ്ടര്‍ എന്നിങ്ങനെ കെട്ടിലും മട്ടിലും അനങ്ങൻമല മനംകവരും. ജില്ല അതിർത്തിയിലുള്ള ചൂലനൂർ മയിൽ സേങ്കതവും സന്ദർശകർക്കായി ഒരുങ്ങിക്കഴിഞ്ഞു.
മനംകുളിർപ്പിക്കുന്ന വെള്ളച്ചാട്ടങ്ങൾ
കോവിഡ് ഇളവുകൾ വന്നതോടെ വനംവകുപ്പിെൻറ അധീനതയിലുള്ള ധോണിയിലെയും തുടിക്കോട് -മീൻവല്ലത്തെയും വെള്ളച്ചാട്ടങ്ങളും സന്ദർശകർക്കായി തുറന്നു. കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്തിയാണ് പ്രവേശനം. വിനോദത്തിനൊപ്പം കോവിഡ് ജാഗ്രതയും ചേർന്നാൽ ഭയക്കാനില്ലെന്നുറപ്പിക്കാം.
മാടിവിളിക്കുന്നു,മനോഹര ഉദ്യാനങ്ങൾ
സഞ്ചാരികളെ വരവേൽക്കാൻ ഡാമുകൾ മുഖംമിനുക്കി കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. പോത്തുണ്ടി, മംഗലം ഡാമുകളിൽ സാഹസിക ടൂറിസത്തിന് അവസരവും മലമ്പുഴ, കാഞ്ഞിരപ്പുഴ ഡാമുകളിൽ മികച്ച പൂന്തോട്ടങ്ങളും നടപ്പാതകളും ഒരുക്കി നവീകരിച്ചിരുന്നു.
ചിലയിടങ്ങളിൽ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. സഞ്ചാരികൾക്കായുള്ള കുടിവെള്ള യൂനിറ്റ്, വൈദ്യുതീകരണം, ടോയ്ലറ്റ് ബ്ലോക്ക്, കഫറ്റീരിയ, ഇരിപ്പിടങ്ങൾ എന്നിവയോടൊപ്പം താമരക്കുളം, കളിസ്ഥലം, സെൽഫി പോയൻറ് എന്നിവയും ഇവിടങ്ങളിൽ സജ്ജീകരിക്കുന്നുണ്ട്. വരുന്നയാഴ്ചയോടെ ഇവ സന്ദർശകർക്കായി തുറക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
അറിയണം, നിയന്ത്രണങ്ങളും നിർദേശങ്ങളും
വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവർത്തനം തദ്ദേശീയ ഇളവുകളുടെയും നിയന്ത്രണങ്ങളുടെയും അടിസ്ഥാനത്തിലാണ്. പ്രാദേശിക കോവിഡ് നിയന്ത്രണങ്ങൾ കേന്ദ്രങ്ങളുടെ പ്രവർത്തനത്തെയും ബാധിച്ചേക്കും. മൺസൂണിൽ പ്രകൃതിഭംഗി ആസ്വദിക്കാൻ സ്ഥലം കണ്ടെത്തി രോഗസ്ഥിരീകരണ നിരക്കുകൂടി മനസ്സിലാക്കി വേണം യാത്രതിരിക്കാൻ.
മിക്ക സ്ഥലങ്ങളിലും റിസോർട്ടുകളും ഹോം സ്റ്റേകളും പ്രവർത്തനമാരംഭിച്ചിട്ടുണ്ടെങ്കിലും ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ കോവിഡ് വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചതിെൻറ സർട്ടിഫിക്കറ്റോ കൈയിൽ കരുതണം. എങ്കിൽ മാത്രമേ താമസം സാധ്യമാകൂ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിെൻറ ചിട്ടവട്ടങ്ങളും ടൂറിസം മന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങളും പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.