കൽപറ്റ: കേരളത്തിന്റെ കൃഷി, ടൂറിസം ഭൂപടങ്ങളില്‍ ഇടം നേടിയ പൂക്കളുടെ ഉത്സവം പൂപ്പൊലിക്ക് അമ്പവലയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജനുവരി ഒന്നിന് തുടക്കമാകുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരള കാര്‍ഷിക സംസ്‌കാരത്തിന്റെ മുഖമുദ്ര അനാവരണം ചെയ്യുന്ന വിജ്ഞാന-വിനോദ മാമാങ്കം ഞായറാഴ്ച വൈകീട്ട് 3.30 ന് വനം, വന്യജീവി മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. റവന്യൂ, ഭവന നിര്‍മാണ മന്ത്രി കെ. രാജന്‍ മുഖ്യപ്രഭാഷണം നടത്തും. രാഹുല്‍ ഗാന്ധി എം.പി വിശിഷ്ടാതിഥിയാകും. പൂപ്പൊലി ആദ്യ ടിക്കറ്റ് വില്‍പന ഒ.ആര്‍ കേളു എം.എല്‍.എയും സ്റ്റാള്‍ ടി. സിദ്ദീഖ് എം.എല്‍.എയും ഉദ്ഘാടനം ചെയ്യും. മേളയുടെ ഭാഗമായ കാര്‍ഷിക സെമിനാറിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിക്കും. ജനപ്രതിനിധികള്‍, കര്‍ഷക ശ്രേഷ്ഠര്‍, രാഷ്ട്രീയ പ്രമുഖര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജനുവരി ഒന്നു മുതല്‍ 15 വരെ നടക്കുന്ന പൂക്കളുടെ ഉത്സവത്തിന്റെ ഒരുക്കം അന്തിമഘട്ടത്തിലാണ്.
കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയിലെ സാങ്കേതിക ഉദ്യോഗസ്ഥര്‍ക്കും വിജ്ഞാനം പകരുന്ന സെമിനാറുകള്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ മേളയില്‍ സംഘടിപ്പിക്കും. വിവിധ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെയും കര്‍ഷകര്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരുടേതുമടക്കം 200ല്‍പരം സ്റ്റാളുകളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
വിവിധയിനം കലാവിരുന്നുകൾ നടക്കും. കല്‍പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ഡിപ്പോകളില്‍ നിന്ന് ജനുവരി ഒന്ന് മുതല്‍ 15 വരെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ പ്രത്യേക സര്‍വിസ് നടത്തും. കേരള കാർഷിക സർവകലാശാലയും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായാണ് പുഷ്പമേള നടത്തുന്നത്. എ.ഡി.ആർ. ഡോ.കെ. അജിത്ത് കുമാർ, ഡോ. രാജശ്രീ, ഡോ. വി. ശ്രീറാം, എം. ശ്രീരേഖ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
കൽപറ്റ: കോവിഡ് മഹാമാരിയെ തുടർന്ന് രണ്ടുവർഷത്തെ ഇടവേളക്കുശേഷമുള്ള ആദ്യ പൂപ്പൊലിയില്‍ വയനാടന്‍ ജനതയില്‍ ആവേശവും ഉത്സാഹവും നിറക്കുന്ന രീതിയിലാണ് പുഷ്പമേള അണിയിച്ചൊരുക്കിയിരിക്കുന്നത്. ആയിരത്തില്‍പരം ഇനങ്ങളോടുകൂടിയ റോസ് ഗാര്‍ഡന്‍, ഡാലിയ ഗാര്‍ഡന്‍, വിശാലമായ ഗ്ലാഡിയോലസ് തോട്ടം, മാരിഗോള്‍ഡ് തോട്ടം ഇവക്ക് പുറമെ തായ് ലന്‍ഡില്‍ നിന്നും ഇറക്കുമതി ചെയ്ത ഓര്‍ക്കിഡുകള്‍, നെതര്‍ലന്‍ഡ്സിൽ ന്നുള്ള ലിലിയം ഇനങ്ങള്‍, അപൂര്‍വയിനം അലങ്കാര സസ്യങ്ങള്‍, വിവിധയിനം ജര്‍ബറ ഇനങ്ങള്‍, ഉത്തരാഖണ്ഡില്‍ നിന്നുള്ള വിവിധ അലങ്കാര സസ്യങ്ങള്‍, കാലിഫോര്‍ണിയായില്‍ നിന്നുള്ള സ്ട്രോബറി ഇനങ്ങള്‍ തുടങ്ങിയവയുടെ വര്‍ണവിസ്മയമാണ് പുഷ്പോത്സവത്തില്‍ ഒരുക്കിയിട്ടുള്ളത്.
ഫ്ലോട്ടിങ് ഗാര്‍ഡന്‍, കൊട്ടത്തോണി, കൊതുമ്പുവള്ളം ഗാര്‍ഡന്‍, റോക്ക് ഗാര്‍ഡന്‍, പെര്‍ഗോള ട്രീ ഹട്ട്, ജലധാരകള്‍ എന്നിവ പുഷ്പോത്സവത്തിന്റെ പ്രധാന ആകര്‍ഷണമാകും. വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ വിവിധ മോഡലുകള്‍, രാക്ഷസരൂപം, വിവിധതരം ശില്‍പങ്ങള്‍, അമ്യൂസ്മെന്റ് പാര്‍ക്ക്, ഊഞ്ഞാല്‍, ചന്ദ്രോദ്യാനം, വിവിധയിനം പക്ഷി മൃഗാദികള്‍, വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകള്‍ നിറയുന്ന ഫുഡ് കോര്‍ട്ട്, പാചക മത്സരം, പെറ്റ് ഷോ, പുഷ്പാലങ്കാരം, വെജിറ്റബിള്‍ കാര്‍വിങ് തുടങ്ങിയ മത്സരങ്ങളും മേളയുടെ ഭാഗമാണ്.
പൂപ്പൊലി നഗരിയിലെ പ്രവേശന നിരക്ക് മുതിര്‍ന്നവര്‍ക്ക് 50 രൂപയും വിദ്യാർഥികള്‍ക്ക് 30 രൂപയുമാണ്. നാലു ടിക്കറ്റ് കൗണ്ടറുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ സുൽത്താൻ ബത്തേരിയിലെ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ ഒരു ടിക്കറ്റ് വിതരണ യൂനിറ്റും പ്രവർത്തിക്കും. ഓൺലൈൻ പേമെന്‍റ് സംവിധാനവും ലഭ്യമായിരിക്കും. പൂപ്പൊലി ദിവസങ്ങളിൽ ഉടനീളം വയനാട് ജില്ല മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ ഒരു മെഡിക്കൽ ക്യാമ്പ് പ്രവർത്തിക്കുന്നതായിരിക്കും .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.